സൗദി സ്പോർട്സ് ഫെഡറേഷനുമായി കൈകോർത്ത് ജനറേഷൻ അമേസിങ്
text_fieldsദോഹയിൽ നടന്ന ചടങ്ങിൽ സൗദി സ്പോർട്സ് ഫോർ ഓൾ ഫെഡറേഷനും ജനറേഷൻ അമേസിങ്ങും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചപ്പോൾ
ദോഹ: ലോകകപ്പ് ഫുട്ബാളിനുള്ള തയാറെടുപ്പിനിടെ ഫുട്ബാൾ ഉൾപ്പെടെ കായിക മേഖലയുടെ വളർച്ച ലക്ഷ്യംവെച്ച് ആരംഭിച്ച ജനറേഷൻ അമേസിങ് ഫൗണ്ടേഷൻ റിയാദ് ആസ്ഥാനമായ സൗദി സ്പോർട്സ് ഫോർ ഓൾ ഫെഡറേഷനുമായി (എസ്.എഫ്.എ) കൈകോർക്കുന്നു. പത്തു വർഷത്തിനപ്പുറം ലോകകപ്പ് ഫുട്ബാൾ ഉൾപ്പെടെ വമ്പൻ കായിക മേളകൾക്ക് ഒരുങ്ങുന്ന സൗദിയിൽ അടിസ്ഥാന തലത്തിലെ കായിക സംസ്കാര വളർച്ചയിൽ പങ്കുചേരുകയാണ് ജനറേഷൻ അമേസിങ്ങും. ഇതുസംബന്ധിച്ച ധാരണാ പത്രത്തിൽ എസ്.എഫ്.എ പ്രസിഡന്റ് പ്രിൻസ് ഖാലിദ് ബിൻ വലീദ് ബിൻ തലാൽ അൽ സഊദ്, സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി സെക്രട്ടറി ജനറലും ജനറേഷൻ അമേസിങ് ചെയർമാനുമായ ഹസൻ അൽ തവാദി, ജി.എ എക്സിക്യൂട്ടിവ് ഡയറക്ടർ നാസർ അൽഖോരി എന്നിവർ ഒപ്പുവെച്ചു. ഖത്തർ സാമ്പത്തിക ഫോറത്തിനോടനുബന്ധിച്ചായിരുന്നു നിർണായകമായ നീക്കം.
കുട്ടികൾക്കും സമൂഹത്തിനുമിടയിലെ വിവിധ പ്രവർത്തനങ്ങളിൽ ഇരു വിഭാഗങ്ങളും സംയുക്തമായി പ്രവർത്തിക്കും. മൂന്നു വർഷത്തേക്കാണ് ആദ്യ സഹകരണ കരാറിൽ ഒപ്പുവെച്ചത്. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി ചേർന്ന് (എസ്.ഡി.ജി) കായികത്തിലൂടെ ആരോഗ്യം, സമത്വം, ക്ഷേമം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ് എസ്.എഫ്.എയുമായുള്ള കരാറെന്ന് ഹസൻ അൽ തവാദി പത്രക്കുറിപ്പിൽ വ്യക്തമാക്കി. കരാറിന്റെ ഭാഗമായി യുവാക്കൾക്കും സ്കൂൾ വിദ്യാർഥികൾക്കുമിടയിൽ കായിക, ആരോഗ്യ ശീലങ്ങളിൽ അധിഷ്ഠിതമായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കും. സൗദി അറേബ്യയിൽ വരാനിരിക്കുന്ന നിരവധി പരിപാടികളിൽ ജനറേഷൻ അമേസിങ് എസ്.എഫ്.എയുമായി കൈകോർക്കും. റിയാദിൽ നടക്കാനിരിക്കുന്ന ഗ്ലോബൽ ഗോൾസ് വേൾഡ് കപ്പോടെ എസ്.എഫ്.എ-ജി.എ പങ്കാളിത്തത്തിന് ഔദ്യോഗിക തുടക്കമാകും.
ആരോഗ്യകരമായ മാറ്റത്തിന് ഉത്തേജകമായി കായിക മേഖലയെ ഉപയോഗിക്കണമെന്ന വിശ്വാസത്തിന് കീഴിലാണ് ഇവിടെ ഒന്നിക്കുന്നതെന്ന് എസ്.എഫ്.എ പ്രസിഡന്റ് ഖാലിദ് ബിൻ വലീദ് ബിൻ തലാൽ അൽ സഊദ് പറഞ്ഞു. ഖത്തർ ലോകകപ്പിന്റെ പൈതൃകം മുന്നോട്ട് കൊണ്ടു പോകുകയാണെന്നും, കായിക ശക്തിയിലൂടെ നമ്മുടെ സമൂഹങ്ങളിലും ആഗോളതലത്തിലും ശാശ്വതമായ ആരോഗ്യകരമായ മാറ്റം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് ജനറേഷൻ അമേസിങ് എക്സിക്യൂട്ടിവ് ഡയറക്ടർ അൽഖോരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

