ജനറൽ ടാക്സ് അതോറിറ്റിയുടെ സേവനങ്ങൾ ഓൺലൈനിൽ
text_fieldsദോഹ: ഇൻവെനിയോ ബിസിനസ് സൊലൂഷനുമായി സഹകരിച്ച് ഖത്തർ ജനറൽ ടാക്സ് അതോറിറ്റിയുടെ സമഗ്ര ഡിജിറ്റൽ ടാക്സ് അഡ്മിനിസ്േട്രഷൻ സംവിധാനം ആരംഭിച്ചു. നിലവിലെ സേവനങ്ങൾ പൂർണമായും ഡിജിറ്റലൈസ് ചെയ്ത് 100 ശതമാനം സ്പർശന രഹിതമായ സംവിധാനമാക്കുന്നതാണ് പുതിയ പദ്ധതി. ഇതിനകംതന്നെ 58,000 ടാക്സ്പേയേഴ്സ് പുതിയ സംവിധാനത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആഴ്ചയിൽ എല്ലാദിവസവും 24 മണിക്കൂറും സേവനം പുതിയ സംവിധാനത്തിൽ ലഭ്യമാണ്. ഖത്തറിലെ നികുതി അടക്കുന്നവർക്ക് പുതിയ അനുഭവം നൽകുന്ന സംവിധാനത്തിലൂടെ രാജ്യത്തെ ടാക്സ് അഡ്മിനിസ്േട്രഷൻ പൂർണമായും ആധുനികവത്കരിക്കാനും സാധിച്ചിട്ടുണ്ട്. കോവിഡ് മഹാമാരി വിതച്ച കടുത്ത പ്രതിസന്ധികൾക്കിടയിലും നേരത്തെ നിശ്ചയിച്ചപ്രകാരം തന്നെയാണ് ഡിജിറ്റലൈസേഷൻ പദ്ധതി മുന്നോട്ടുപോയതെന്നും തടസ്സങ്ങൾ ഒഴിവാക്കുന്നതിന് പങ്കാളികളായ ഇൻവെനിയോ ഒൺലൈൻ വഴിയാണ് പ്രവർത്തിച്ചതെന്നും അധികൃതർ വ്യക്തമാക്കുന്നു.
ഡിസൈൻ, ബിൽഡ്, ടെസ്റ്റ്, സിസ്റ്റം ഡിപ്ലോയ്മെൻറ്, ട്രെയ്നിങ് വർക്ഷോപ് ഡെലിവറി എന്നിവ ഉൾപ്പെടുന്നതാണ് പദ്ധതി. കഴിഞ്ഞവർഷം ജൂലൈയിൽ ദരീബയിലാണ് ഡിജിറ്റലൈസേഷൻ പ്രക്രിയ നടപ്പാക്കുന്നത് ആരംഭിച്ചത്. പിന്നീട് ഇ-ഫയലിങ്, ഇ-പേമെൻറ് എന്നിവയും ആരംഭിച്ചു. എക്സൈസ് ടാക്സ്, കോർപറേറ്റ് ഇൻകം ടാക്സ്, വിത്ഹോൾഡിങ് ടാക്സ്, കാപിറ്റൽ ഗൈൻസ് ടാക്സ് എന്നിവ കഴിഞ്ഞ നവംബറിലാണ് ഡിജിറ്റലൈസ് ചെയ്തത്.
വരുന്നു, മൂല്യവർധിത നികുതി
ഈ വർഷം അവസാനത്തോടെ ഖത്തറിലും വാറ്റ് (മൂല്യവർധിത നികുതി) നടപ്പാക്കുന്നു. ജി.സി.സി രാജ്യങ്ങൾക്കിടയിൽ ഈയിടെ ഒപ്പുവെച്ച കരാർപ്രകാരമാണിത്. ജി.സി.സി മുന്നോട്ടുവെച്ച വാറ്റ് ചട്ടങ്ങൾക്ക് ഖത്തർ നേരത്തെതന്നെ അംഗീകാരം നൽകിയിരുന്നു. വാറ്റ് നടപ്പിൽ വരുത്തുന്നതിനാവശ്യമായ അടിയന്തര സംവിധാനങ്ങളും നടപടികളും ഖത്തർ ജനറൽ ടാക്സ് അതോറിറ്റി ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. ഈ വർഷംതന്നെ വാറ്റ് നടപ്പാക്കുന്നതിനുള്ള സർക്കാർ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എന്നാൽ, ഇതുവരെ ഇക്കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ലെന്നുമാണ് ഈ രംഗെത്ത വിദഗ്ധർ പറയുന്നത്. ഇതുസംബന്ധിച്ച് 'ഗൾഫ് ടൈംസ്' പത്രവും നേരത്തേ വാർത്ത നൽകിയിരുന്നു. വാറ്റ് നടപ്പാക്കുന്നതിലേക്കുള്ള ചുവടുവെപ്പിലാണ് രാജ്യമെന്ന് 'ടാക്സ് ഫോർ ഖത്തരി ബിസിനസ്' എന്ന തലക്കെട്ടിൽ ഏണസ്റ്റ് ആൻഡ് യങ് നടത്തിയ വെർച്വൽ സെമിനാറിൽ വിദഗ്ധർ പറഞ്ഞിരുന്നു.
ഈയിടെ ജി.സി.സി രാജ്യങ്ങൾക്കിടയിൽ ഒപ്പുവെച്ച കരാർപ്രകാരം രാജ്യത്ത് ഉടൻതന്നെ വാറ്റ് നടപ്പാക്കാനുള്ള സാധ്യതകളാണുള്ളത്. കമ്പനികൾ ഇതിനായി തയാറെടുക്കണം. ചുരുങ്ങിയത് ആറു മാസമെങ്കിലും ഇതിനായി ആവശ്യം വരും. വാറ്റ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ അനുമതി ഇപ്പോഴും ലഭിച്ചിട്ടില്ല. എന്നാൽ, നടപടികൾ ജനറൽ ടാക്സ് അതോറിറ്റി പൂർത്തിയാക്കിയിട്ടുണ്ട്. നിലവിലെ നികുതിസംവിധാനത്തിൽ ഖത്തർ വരുത്തിയ മാറ്റങ്ങളെല്ലാം സമീപഭാവിയിൽതന്നെ ഖത്തറും വാറ്റ് നടപ്പാക്കുമെന്നതിലേക്കാണ് സൂചന നൽകുന്നത്.
കോവിഡിനെ തുടർന്നുണ്ടായ പ്രതിസന്ധികൾ നിലവിലെ വ്യാപാരം ശക്തിപ്പെടുത്തുന്നതിലേക്ക് സർക്കാറുകളെ നിർബന്ധിപ്പിച്ചതായി ഈരംഗത്തുള്ളവർ പറയുന്നു. മേഖലയിൽതന്നെ ടാക്സ് റിട്ടേൺ, പേമെൻറ് എന്നിവയുടെ കാലാവധി ദീർഘിപ്പിച്ച ആദ്യ സ്ഥാപനമായിരുന്നു ഖത്തറിലെ ജനറൽ ടാക്സ് അതോറിറ്റി. കൂടുതൽ വരുമാനം ലഭിക്കുന്നതായി ടാക്സ് അതോറിറ്റി വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ഇതിനാലാണ് വാറ്റ് നടപ്പാക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.