മരുന്നു നൽകി; കുഞ്ഞു മൽഖ ഉഷാറാണ്
text_fieldsമാതാപിതാക്കളായ റിസാൽ അബ്ദുൽ റഷീദും നിഹാലയും മൽഖ റൂഹിക്കൊപ്പം
ദോഹ: ഖത്തറിലെ പ്രവാസി സമൂഹത്തിന്റെയും സ്വദേശികളുടെയും പ്രാർഥനയും പരിശ്രമവും വെറുതെയായില്ല. നൂറായിരം മനുഷ്യർ ഒന്നിച്ച് സ്നേഹമായൊഴുകിയ മഹത്തായ ദൗത്യത്തിനൊടുവിൽ വിദേശത്തുനിന്ന് എത്തിച്ച ജീനോം തെറപ്പി മരുന്ന് ഖത്തറിലെ പ്രവാസികളുടെ സ്വന്തം മാലാഖയായി മാറിയ മൽഖ റൂഹിയുടെ ശരീരത്തിലേക്ക് ഒഴുകിയെത്തി.
എസ്.എം.എ ടൈപ് വൺ രോഗബാധിതയായ മൽഖ റൂഹിക്ക് ആവശ്യമായ മരുന്ന് വിജയകരമായി നൽകിയതായി ചികിത്സ നൽകിയ സിദ്റ മെഡിസിൻ അധികൃതർ അറിയിച്ചു. ചികിത്സയുടെ അവസാന ഘട്ടമായ മരുന്ന് നൽകുന്നതിനായി തിങ്കളാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിന് പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കിയ ശേഷം ചൊവ്വാഴ്ച ഉച്ചയോടെയാണ് ‘സോൾജെൻസ്മ’ എന്ന ജീൻ തെറപ്പി മരുന്ന് നൽകിയത്. രണ്ടു ദിവസത്തെ നിരീക്ഷണത്തിനു ശേഷം കുഞ്ഞ് പിന്നീട് ആശുപത്രി വിടും. തുടർന്ന് ഒന്നര മാസത്തോളം വീട്ടിലും കർശനമായ നിരീക്ഷണത്തിലായിരിക്കും.
മരുന്ന് വിജയകരമായി നൽകിയതായും മകൾ ഉന്മേഷവതിയാണെന്നും ആശുപത്രിയിൽ കുഞ്ഞിനൊപ്പമുള്ള പിതാവ് റിസാൽ അബ്ദുൽ റഷീദ് പറഞ്ഞു. ഖത്തറിലെ ഇന്ത്യൻ സമൂഹം സാക്ഷിയായ ഏറ്റവും വലിയ കമ്യൂണിറ്റി ക്രൗഡ് ഫണ്ടിങ്ങിലൂടെയായിരുന്നു മൽഖ റൂഹിക്ക് ആവശ്യമായ മരുന്ന് എത്തിക്കാനുള്ള തുക കണ്ടെത്തിയത്. ഖത്തർ ചാരിറ്റി നേതൃത്വത്തിൽ നടന്ന ധനശേഖരണത്തിലൂടെ 74.56 ലക്ഷം റിയാൽ (17.13 കോടി രൂപ) സമാഹരിച്ച് പുതിയ ചരിത്രമെഴുതി. 1.16 കോടി റിയാൽ (26 കോടി രൂപ) വിലയുള്ള മരുന്ന് ഖത്തർ അധികൃതരുടെ കൂടി ഇടപെടലിനെ തുടർന്ന് ഡിസ്കൗണ്ട് നിരക്കിൽ ലഭ്യമാക്കിയാണ് കുഞ്ഞിനെത്തിച്ചത്. മൽഖയുടെ കുടുംബം ഞങ്ങളിൽ അർപ്പിച്ച വിശ്വാസത്തിൽ അഭിമാനിക്കുന്നതായി സിദ്റ മെഡിസിൻ ജനിറ്റിക് ആൻഡ് ജീനോമിക് മെഡിസിൻ മേധാവി ഡോ. തൗഫീഖ് ബിൻ ഉംറാൻ പറഞ്ഞു.
ആരോഗ്യ സ്ഥാപനങ്ങളും ഖത്തർ ചാരിറ്റിയും സമൂഹവും ഒന്നിച്ച് പരിശ്രമിച്ചാൽ എല്ലാം സാധ്യമാകുമെന്നതിന്റെ ഉദാഹരണമാണ് ജീൻ തെറപ്പി മരുന്ന് എത്തിക്കാൻ കഴിഞ്ഞത്. മൽഖക്ക് ആശംസകൾ നേരുന്നു. തുടർന്നുള്ള പരിചരണത്തിലും ഞങ്ങളുടെ പിന്തുണയുണ്ടാവും -അദ്ദേഹം പറഞ്ഞു. വൈദ്യശാസ്ത്ര രംഗത്തെ ശ്രദ്ധേയമായ നേട്ടമാണ് ഈ ചികിത്സയെന്നും സംഘത്തിന്റെ ഭാഗമായത് അഭിമാനകരമാണെന്നും പീഡിയാട്രിക് ന്യൂറോളജിസ്റ്റ് ഡോ. ഖാലിദ് ഇബ്രാഹീം പറഞ്ഞു.സിദ്റയിൽ ഇതിനകം എസ്.എം.എ ബാധിച്ച 50ഓളം കുഞ്ഞുങ്ങൾക്ക് മരുന്ന് നൽകിയതായും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

