ഖത്തറിന്റെ സമാധാന ശ്രമങ്ങളെ പ്രശംസിച്ച് ജി.സി.സി ഉച്ചകോടി
text_fieldsജി.സി.സി ഉച്ചകോടിയിൽ പങ്കെടുക്കുന്ന വിവിധ രാജ്യങ്ങളുടെ നേതാക്കൾ
ദോഹ: ഗസ്സയിൽ വെടിനിർത്തൽ കരാർ നടപ്പാക്കുന്നതിനും ബന്ദികളെയും തടവുകാരെയും മോചിപ്പിക്കുന്നതിനും വേണ്ടി പ്രാദേശിക -അന്താരാഷ്ട്ര കക്ഷികളുമായും ചേർന്ന് ഖത്തർ വഹിച്ച സമാധാന ശ്രമങ്ങളെ പ്രശംസിച്ച് ജി.സി.സി ഉച്ചകോടി. വെടിനിർത്തൽ ചർച്ചകൾ പൂർത്തിയാക്കുന്നതിലും കരാറിന് അടിത്തറ നൽകുന്നതിലും ഖത്തർ നൽകിയ സംഭാവനകളെ അഭിനന്ദിച്ച കൗൺസിൽ, ഇത് പ്രാദേശിക സ്ഥിരത വർധിപ്പിക്കുന്നതിനും സമഗ്രമായ സമാധാന പ്രക്രിയക്ക് വഴിയൊരുക്കുമെന്നും വിലയിരുത്തി.
യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ശ്രമങ്ങളെയും ഈജിപ്തിലെ ശറമുശൈഖിൽ നടന്ന സമാധാന ഉച്ചകോടിയുടെ ഫലങ്ങളെയും സുപ്രീം കൗൺസിൽ അഭിനന്ദിച്ചു. നവംബർ ദോഹയിൽ കോംഗോ സർക്കാറും കോംഗോ റിവർ അലയൻസും തമ്മിൽ ഒപ്പുവെച്ച ദോഹ സമാധാന ഉടമ്പടി യാഥാർഥ്യമാക്കുന്നതിൽ ഖത്തർ വഹിച്ച നയതന്ത്ര ശ്രമങ്ങളെയും അഭിനന്ദിച്ചു.
കഴിഞ്ഞ ജൂലൈയിൽ ദോഹ പ്രിൻസിപ്ൾസ് പ്രഖ്യാപനത്തിന്റെ തുടർച്ചയായാണ് ഇത് സാധ്യമാക്കിയത്. പ്രതിരോധം, സുരക്ഷ, സാമ്പത്തിക സഹകരണം എന്നിവ ചർച്ചചെയ്ത് ഗൾഫ് സഹകരണ കൗൺസിലിന്റെ സുപ്രീം കൗൺസിലിന്റെ 46ാമത് സെഷൻ ബഹ്റൈന്റെ തലസ്ഥാനമായ മനാമയിൽ ചേർന്നു. തുർക്കിയയും സിറിയയും തമ്മിൽ പ്രകൃതിവാതക പൈപ്പ് ലൈൻ തുറക്കുന്നതിനും പാകിസ്താനും അഫ്ഗാനിസ്താനും തമ്മിലുള്ള വെടിനിർത്തൽ കരാർ സാധ്യമാക്കുന്നതിലും സംഘർഷത്തിൽ വേർപിരിഞ്ഞ യുക്രെയിൻ -റഷ്യൻ കുട്ടികളെ കുടുംബങ്ങളുമായി ഒന്നിപ്പിക്കുന്നതിലും ഖത്തർ നടത്തിയ വിജയകരമായ മധ്യസ്ഥ ശ്രമങ്ങളെ ഉച്ചകോടിയിൽ പ്രശംസിക്കപ്പെട്ടു.
മുൻ ഉച്ചകോടികളിലേതുപോലെ തന്നെ ഫലസ്തീൻ വിഷയം ആണ് ഇത്തവണയും ഉച്ചകോടിയിലെ പ്രധാന ചർച്ചയായത്. ഫലസ്തീൻ ഇസ്രായേൽ നടത്തുന്ന അധിനിവേശം അവസാനിപ്പിക്കണമെന്നും കടുത്ത മനുഷ്യാവകാശ ലംഘനമാണ് അവിടെ നടക്കുന്നതെന്നും ഉച്ചകോടി ചൂണ്ടിക്കാട്ടി. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം വേണമെന്ന നിലപാടിൽ ഗൾഫ് രാജ്യങ്ങൾ പൂർണമായും ഉറച്ചുനിന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

