ജി.സി.സി റെയിൽവേ; പുരോഗതി വിലയിരുത്തി ജി.സി.സി ഗതാഗത മന്ത്രിമാരുടെ യോഗം
text_fieldsജി.സി.സി ഗതാഗത മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുത്ത വിവിധ രാജ്യങ്ങളിലെ മന്ത്രിമാർ
ദോഹ: ജി.സി.സി റെയിൽവേ അതോറിറ്റിയുടെ പ്രവർത്തനങ്ങൾ, പദ്ധതിയുടെ പ്രവർത്തന പുരോഗതി അടക്കം ഗതാഗത മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള നിരവധി വിഷയങ്ങൾ ചർച്ചചെയ്ത് ജി.സി.സി ഗതാഗത മന്ത്രിമാരുടെ യോഗം. കുവൈത്തിൽ നടന്ന അറബ് ഗൾഫ് രാജ്യങ്ങൾക്കായുള്ള സഹകരണ കൗൺസിലിന്റെ ഗതാഗത മന്ത്രിമാരുടെ 27ാമത് കമ്മിറ്റി യോഗത്തിൽ ഗതാഗത മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് ആൽഥാനിയുടെ നേതൃത്വത്തിലുള്ള ഖത്തർ പ്രതിനിധി സംഘം പങ്കെടുത്തു.
ലാൻഡ് ട്രാൻസ്പോർട്ടേഷൻ സ്ട്രാറ്റജിയുടെ പുതിയ അപ്ഡേറ്റുകൾ, ജി.സി.സി യൂനിവേഴ്സൽ ലാൻഡ് ട്രാൻസ്പോർട്ടേഷൻ സിസ്റ്റത്തിലെ ഭേദഗതികൾ എന്നിവ സംബന്ധിച്ച് ചർച്ചചെയ്തു. സമുദ്ര ഗതാഗതം, തുറമുഖങ്ങൾ എന്നിവയെക്കുറിച്ചുള്ള നിരവധി വിഷയങ്ങളും യോഗത്തിൽ ചർച്ചചെയ്തു.
2009ലാണ് റെയിൽപാത സംബന്ധിച്ച പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയിൽപാത 2030 അവസാനത്തോടെ പൂർത്തിയാകുമെന്ന് അബൂദബിയിൽ നടന്ന ഗ്ലോബൽ റെയിൽ കോൺഫറൻസിൽ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നു. ഖത്തർ, സൗദി, യു.എ.ഇ, കുവൈത്ത്, ഒമാൻ, ബഹ്റൈൻ എന്നീ രാജ്യങ്ങളെ ബന്ധിപ്പിച്ച് ആസൂത്രണം ചെയ്ത പാതക്ക് 2,117 കി.മീറ്റർ നീളമാണുള്ളത്.
യു.എ.ഇയിൽ പാത നിലവിൽ നിർമാണം പൂർത്തിയായ ഇത്തിഹാദ് റെയിലുമായി ബന്ധിപ്പിക്കും. യു.എ.ഇയെയും ഒമാനെയും ബന്ധിപ്പിക്കുന്ന ഹഫീത് റെയിൽ പാതയുടെ നിർമാണം തുടങ്ങിയിട്ടുണ്ട്. ഇത് മൂന്നുവർഷത്തിനുള്ളിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യാത്രാ ട്രെയിനുകളും ചരക്ക് ട്രെയിനുകളും പാതയിൽ ഓടും.
പദ്ധതി പൂർത്തിയായാൽ അബൂദബിയിൽനിന്ന് സൗദി തലസ്ഥാനമായ റിയാദിലേക്ക് അഞ്ചു മണിക്കൂറിൽ കുറഞ്ഞ സമയത്തിൽ എത്തിച്ചേരാനാകും. അതുപോലെ ഒമാനിൽ നിന്ന് കണ്ടെയ്നറുകൾ കുവൈത്തിലെത്തിക്കാൻ 20 മണിക്കൂറിൽ കുറഞ്ഞ സമയം മാത്രം മതിയാകും. അതിർത്തികളിൽ തടസ്സമില്ലാത്ത യാത്രയാണ് റെയിൽപാതയിൽ ആസൂത്രണം ചെയ്യുന്നത്.
ട്രെയിനിൽ കയറുന്നതിനു മുമ്പായിത്തന്നെ എമിഗ്രേഷൻ നടപടികൾ അടക്കമുള്ളവ പൂർത്തിയാകും. കുവൈത്തിൽനിന്ന് ആരംഭിച്ച് സൗദിയിലെ ദമ്മാം വഴി ഖത്തറിലേക്കും ബഹ്റൈനിലേക്കും നീളുന്നതും പിന്നീട് യു.എ.ഇയിലേക്കും ഒമാനിലേക്കും എത്തിച്ചേരുന്നതുമായ രീതിയിലാണ് പാത ആസൂത്രണം ചെയ്തിട്ടുള്ളത്. ഖത്തർ മന്ത്രിസഭ ജി.സി.സി പാതയുമായി ബന്ധിപ്പിക്കുന്ന പദ്ധതിയുടെ കരടിന് കഴിഞ്ഞദിവസം അംഗീകാരം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

