ജി.സി.സി മഞ്ഞുരുക്കം: ഖത്തർ സാമ്പത്തിക മേഖലക്ക് നേട്ടമായി
text_fieldsദോഹ: ഉപരോധത്തിനുശേഷം നാല് അറബ് രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിച്ചതിലൂടെ ഖത്തറിൻെറ സാമ്പത്തിക മേഖലക്ക് നേട്ടങ്ങളെന്ന് റിപ്പോർട്ട്.
രാജ്യത്തിൻെറ വിനോദസഞ്ചാര, വാണിജ്യ, വ്യോമ, ബാങ്കിങ്, ധനകാര്യ സേവന മേഖലകളിൽ പുതിയ ഉണർവുണ്ടായെന്ന് പി.ഡബ്ല്യു.സി മിഡിലീസ്റ്റ് പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഗൾഫ് പ്രതിസന്ധിയുടെ വേളയിലും ഖത്തറിൻെറ സാമ്പത്തികമേഖല ഭദ്രമായിരുന്നെങ്കിലും പ്രതിസന്ധിയുടെ മഞ്ഞുരുകിയതോടെ പുതിയ സാമ്പത്തിക വളർച്ചക്ക് വഴി തെളിഞ്ഞുവെന്നും നാല് രാജ്യങ്ങളുമായുള്ള ബന്ധം പുനഃസ്ഥാപിച്ചതോടെ ഉഭയകക്ഷി വാണിജ്യ, വ്യോമഗതാഗത മേഖലയിലെ സാധ്യതകൾക്കും വഴിതുറന്നതായും സൂചിപ്പിക്കുന്നു. പ്രധാനമായും 2022ലെ ലോകകപ്പിനുള്ള ഒരുക്കത്തിന് നേട്ടമായാണ് കണക്കാക്കുന്നത്.
വരും മാസങ്ങളിൽ ജി.സി.സി രാജ്യങ്ങളിൽനിന്നുള്ള സന്ദർശകരുടെ എണ്ണത്തിൽ വലിയ വർധനയുണ്ടാകുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. ഖത്തർ വിനോദസഞ്ചാര മേഖലയിൽ ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ളവരുടെ പങ്ക് വലുതാണ്. ഈ വർഷം മേയ് മാസത്തിൽ രാജ്യത്തെത്തിയ സന്ദർശകരിൽ 40 ശതമാനവും ഗൾഫ് രാജ്യങ്ങളിൽനിന്നുള്ളവരാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
സൗദി അതിർത്തി തുറന്നതോടെ, വ്യോമ ഗതാഗതത്തിനു പുറമേ, കരമാർഗങ്ങളിലൂടെയും സന്ദർശകർ ഖത്തറിലെത്തുന്നതിന് വഴിയൊരുങ്ങിയിട്ടുണ്ട്. രാജ്യത്തെത്തുന്ന സന്ദർശകരിൽ പകുതിയും സൗദിയിൽനിന്നുള്ളവരാണെന്നും ഈ വർഷം രണ്ടാം പകുതിയോടെ എണ്ണം ഗണ്യമായി വർധിക്കുമെന്നും പി.ഡബ്ല്യു.സി റിപ്പോർട്ടിൽ പറയുന്നു.
നാല് രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്കും അവിടെനിന്നുള്ള ഇറക്കുമതിക്കും സാധ്യതകൾ തെളിഞ്ഞിട്ടുണ്ട്. വിദേശ നിക്ഷേപകർക്കുള്ള ഖത്തറിൻെറ സാധ്യതകളാണ് ഇത് വർധിപ്പിക്കുക. ഉപരോധം അവസാനിക്കുകയും കര വ്യോമ നാവിക അതിർത്തികൾ തുറക്കുകയും ചെയ്തതോടെ പെട്ടെന്നുള്ള പ്രയോജനം ലഭിച്ചത് ഖത്തർ എയർവേസിനാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
നാല് രാജ്യങ്ങളിലെ വിവിധ നഗരങ്ങളിലേക്കുള്ള സർവിസുകൾ പുനരാരംഭിച്ചതും മറ്റു രാജ്യങ്ങളിലേക്കുള്ള യാത്രക്ക് ഈ നാല് രാജ്യങ്ങളിലെ വ്യോമപാത ഉപയോഗിക്കാൻ കഴിയുന്നതിലൂടെ ഇന്ധന ചെലവും യാത്ര സമയവും കുറക്കാൻ സാധിച്ചതും ഖത്തർ എയർവേസിനെ സംബന്ധിച്ച് വലിയ നേട്ടമാണുണ്ടാക്കിയിരിക്കുന്നത്.
കോവിഡ് മഹാമാരി വിലങ്ങുതടിയായി നിൽക്കുന്നുണ്ടെങ്കിലും സമീപഭാവിയിൽ തന്നെ വ്യോമഗതാഗത മേഖലയിൽ ഖത്തർ എയർവേസ് ശക്തമായി തിരിച്ചുവരുമെന്നും റിപ്പോർട്ടിൽ പറയുന്നു.
2017 ജൂണിൽ നാലുരാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധം 2021 ജനുവരി നാലിനാണ് അവസാനിച്ചത്. സൗദിയിൽ നടന്ന അൽ ഉല ഉച്ചകോടിയോടെയാണ് ഖത്തറുമായി സൗദി അറേബ്യ, ഈജിപ്ത്, ബഹ്റൈൻ, യു.എ.ഇ രാജ്യങ്ങൾ ഉപരോധം അവസാനിപ്പിച്ച്, സൗഹൃദത്തിൻെറ പാത വീണ്ടും തീർത്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.