ജി.സി.സി ഗെയിംസ്; ഖത്തറിന്‍റെ സ്വർണ നേട്ടം 10
text_fieldsജി.സി.സി ഗെയിംസ് ഹൈജംപിൽ സ്വർണം നേടിയ ഖത്തറിന്‍റെ മുഅതസ് ബർഷിം
ദോഹ: കുവൈത്തിൽ നടക്കുന്ന ജി.സി.സി ഗെയിംസിൽ ഖത്തറിന്‍റെ സ്വർണ നേട്ടം പത്തിലെത്തി. ചൊവ്വാഴ്ച മൂന്നും, ബുധനാഴ്ച ഒടുവിലെ റിപ്പോർട്ട് പ്രകാരം നാല് സ്വർണവും കൂടി ഖത്തർ താരങ്ങൾ പോക്കറ്റിലാക്കി.
800 മീറ്ററിൽ അബ്ദുൽ റഹ്മാൻ ഹസൻ, 400മീറ്ററിൽ അഷ്റഫ് ഉസ്മാൻ, 400 മീ ഇൻറിവിജ്വൽ മെഡ്ലെ നീന്തലിൽ അബ്ദുൽ അസീസ് അൽ ഉബൈദലി എന്നിവരാണ് ചൊവ്വാഴ്ച സ്വർണം നേടിയത്. ബുധനാഴ്ച പുരുഷ വിഭാഗം ഹൈജംപിൽ ഒളിമ്പിക്സ് ചാമ്പ്യൻ മുഅതസ് ബർഷിമിലൂടെയാണ് ആദ്യ സ്വർണമെത്തിയത്. 2.15 മീറ്റർ ചാടിയാണ് ബർഷിം സ്വർണം അനായാസമണിഞ്ഞത്. ഖത്തറിന്‍റെ തന്നെ അലി ഹമദി രണ്ടാം സ്ഥാനം നേടി. ഹാമർ ത്രോയിൽ എൽസിഫി അഹമ്മദ്, 1500മീറ്ററിൽ അബ്ദുറഹ്മാൻ ഹസൻ എന്നിവരും സ്വർണം നേടി. 10 സ്വർണവും 10 വെള്ളിയും ഏഴ് വെങ്കലവുമായി ഖത്തർ മൂന്നാം സ്ഥാനത്താണ്. ബഹ്റൈൻ (16-14-7) ഒന്നും, കുവൈത്ത് (13-13-15) രണ്ടാം സ്ഥാനത്തുമാണ്.