ജി.സി.സി ഗെയിംസ് കൊടിയിറങ്ങി; ഖത്തർ ഗൾഫ് ചാമ്പ്യന്മാർ
text_fieldsജി.സി.സി ഗെയിംസിൽ സിൽവർ മെഡൽ നേടിയ ഖത്തർ ടീം
ദോഹ: ഗൾഫ് രാജ്യങ്ങൾ ആവേശത്തോടെ മാറ്റുരച്ച ജി.സി.സി ഗെയിംസിന് ദോഹയിൽ കൊടിയിറങ്ങി. ആറ് ഗൾഫ് രാജ്യങ്ങൾ ഒന്നിച്ച നാലാമത് ജി.സി.സി ഗെയിംസ് കഴിഞ്ഞദിവസം സമാപിച്ചപ്പോൾ മറ്റൊരു ലോകോത്തര കായിക മാമാങ്കത്തിന് കൂടി മികവുറ്റ ആതിഥേയത്വം ഒരുക്കിയ ഖത്തർ തങ്ങളുടെ സംഘാടന മികവ് തെളിയിച്ചു. മേയ് 11 ദോഹയിൽ ആരംഭിച്ച ഗെയിംസ് 22ന് അവാസാനിച്ചപ്പോൾ അത്ലറ്റിക്സ് ട്രാക്കിലും ഫീൽഡിലും ആതിഥേയരായ ഖത്തർ തങ്ങളുടെ സമ്പൂർണ ആധിപത്യം ഉറപ്പാക്കി. ആവേശകരമായ നാലാമത് ജി.സി.സി ഗെയിംസിൽ 134 മെഡലുകളുമായി ആതിഥേയരായ ഖത്തർ തന്നെയാണ് ഒന്നാമതെത്തിയത്.
ജി.സി.സി ഗെയിംസിൽ ഷൂട്ടിങ്ങിൽ മെഡൽ നേടിയ ഖത്തർ താരങ്ങൾ
48 സ്വർണവും 50 വെള്ളിയും 36 വെങ്കലവുമാണ് ഖത്തർ നേടിയത്. 82 മെഡലുമായി സൗദി അറേബ്യ രണ്ടാമതും, 63 മെഡലുമായി ബഹ്റൈൻ മൂന്നാം സ്ഥാനത്തുമെത്തി. ട്രാക്ക് ആൻഡ് ഫീൽഡ് അത് ലറ്റിക്സ് മത്സരങ്ങളിൽ മാത്രം 34 മെഡലുകൾ നേടിക്കൊണ്ടാണ് ഖത്തർ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചത്. നീന്തൽ മത്സരങ്ങളിൽ നിന്ന് 26 മെഡലുകളും ഷൂട്ടിങ്ങിൽ 20 മെഡലുകളും ഖത്തർ നേടി. ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള കായിക സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും യുവ പ്രതിഭകളെ വാർത്തെടുക്കുന്നതിനും ലക്ഷ്യമിട്ടാണ് ഗെയിംസ് സംഘടിപ്പിച്ചത്. ഒരു ഗൾഫ്, ഒരു ഹൃദയം എന്ന സന്ദേശത്തോടെ നടന്ന ഗെയിംസിൽ ജി.സി.സിയിലെ ആറ് രാജ്യങ്ങളിൽ നിന്നായി 1,400ലധികം കായികതാരങ്ങൾ പങ്കെടുത്തു.
സ്ത്രീ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് വനിതാ അത് ലറ്റുകളും വിവിധ ഇനങ്ങളിൽ മത്സരിച്ചു. അത് ലറ്റിക്സ്, നീന്തൽ, ഹാൻഡ്ബാൾ, വോളിബാൾ, ഷൂട്ടിങ്, തായ്ക്വോൻഡോ, കരാട്ടെ, ബോക്സിങ്, പാഡൽ, ടേബിൾ ടെന്നീസ്, ബില്യാർഡ്സ്, സ്നൂക്കർ തുടങ്ങി 17ലധികം കായിക ഇനങ്ങളിലാണ് മത്സരങ്ങൾ നടന്നത്. ദോഹയിലെ അത്യാധുനിക സൗകര്യങ്ങളുള്ള 10 കായിക കേന്ദ്രങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. മത്സരങ്ങൾക്കൊപ്പം സന്ദർശകർക്കും കായിക ആരാധകർക്കും വിവിധ ഫാൻ ഇവന്റുകളും സാംസ്കാരിക പരിപാടികളും ഒരുക്കിയിരുന്നു. 2011ൽ ബഹ്റൈനിലാണ് പ്രഥമ ജി.സി.സി ഗെയിംസ് തുടക്കം കുറിച്ചത്. 27 സ്വർണവും 14 വെള്ളിയും 7 വെങ്കലവും ഉൾപ്പെടെ ആകെ 48 മെഡലുകളുമായി കുവൈത്തായിരുന്നു ഒന്നാം സ്ഥാനത്ത്. 10 സ്വർണവും 6 വെള്ളിയും 5 വെങ്കലവും ഉൾപ്പെടെ ആകെ 21 മെഡലുകളുമായി ബഹ്റൈൻ രണ്ടാമതും, 7 സ്വർണവും 12 വെള്ളിയും 7 വെങ്കലവും ഉൾപ്പെടെ ആകെ 26 മെഡലുകളുമായി ഖത്തർ മൂന്നാം സ്ഥാനത്തുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

