ഖത്തറിെൻറ ഉപാധികളോടെയാകും ഉപരോധം തീരുകയെന്ന് നിരീക്ഷകർ
text_fieldsദോഹ: കഴിഞ്ഞ എട്ട് മാസമായുള്ള ഉപരോധം ഇനി അവസാനിക്കുന്നത് ഖത്തർ മുന്നോട്ട് വെക്കുന്ന ഉപാധികളോടെ ആയിരിക്കുമെന്ന് അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകർ. അമേരിക്കയിൽ നടക്കാനിരിക്കുന്ന ജി.സി.സി ഉച്ചകോടി ഖത്തറും അമേരിക്കയും തമ്മിൽ നിലനിൽക്കുന്ന ബന്ധത്തിെൻറ ആഴമാണ് സൂചിപ്പിക്കുന്നത്. ഈ ബന്ധത്തിെൻറ വ്യക്തമായ സൂചനയാണ് കഴിഞ്ഞ ദിവസങ്ങളിൽ ഖത്തരീ മന്ത്രിമാരടക്കമുള്ള ഉന്നതർക്ക് അമേരിക്കയിൽ ലഭിച്ച സ്വീകരണമെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.
ഖത്തറിലെ അമേരിക്കൻ സൈനിക താവളത്തിെൻറ വിപുലീകരണവും നാവിക സേനക്ക് കൂടി ആതിഥ്യമരുളാനുള്ള തീരുമാനവും വലിയ തോതിൽ അമേരിക്കയുടെ സാന്നിധ്യം മേഖലയിൽ ശക്തിപ്പെടുത്തുമെന്ന് പ്രമുഖ റഷ്യൻ നിരീക്ഷകനായ യൂറി പാർമീൻ അഭിപ്രായപ്പെട്ടു. ഖത്തറും അമേരിക്കയും തമ്മിൽ കഴിഞ്ഞ ദിവസം നടന്ന സ്ട്രാറ്റജിക് ചർച്ച അതീവ പ്രധാന്യമുള്ളതാണ്. ഭാവിയിൽ ഗൾഫിൽ ഇത്തരമൊരു പ്രതിസന്ധി ഉണ്ടാകാൻ ഇടയില്ലാത്ത തരത്തിലുള്ള സാന്നിധ്യമാണ് അമേരിക്ക മേഖലയിൽ നടത്തുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭീകരവാദത്തെ ഖത്തർ സഹായിക്കുന്നുവെന്ന ആരോപണം അമേരിക്കക്ക് മാത്രമല്ല പൊതുവിൽ എവിടെയും ഏശാത്തതാണെന്ന അഭിപ്രായമാണ് റഷ്യൻ നിരീക്ഷകനുള്ളത്. ഇത്തരമൊരു ആരോപണത്തിന് തെളിവുകളൊന്നും നൽകാനായില്ലെന്നത് പരാതിക്കാരുടെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യുന്നതാണ്.
ഖത്തറിെൻറ ഭാഗത്ത് നിന്നുളള വിശദീകരണങ്ങളിൽ തങ്ങളുടെ നിലപാടിൽ നിന്ന് പുറകോട്ട് പോകില്ലെന്ന വ്യക്തമായ സൂചനകളാണുള്ളതെന്ന് റഷ്യൻ പ്രഫസറായ ഗ്രീഗോറി കോസാത്ഷ് അഭിപ്രായപ്പെട്ടു. ഖത്തറിലെ തുർക്കി സൈനിക താവളം അടച്ചുപൂട്ടാനോ അൽജസീറ ചാനൽ നിർത്തി വെക്കാനോ ഇറാനുമായി ഇപ്പോൾ നിലനിൽകുന്ന ബന്ധത്തിൽ മാറ്റം വരുത്താനോ ഖത്തർ മുതിരുമെന്ന് നിലവിലെ സാഹചര്യത്തിൽ വിശ്വസിക്കാൻ കഴിയില്ല. എന്നാൽ ഇതല്ലാത്ത മറ്റ് ചില വിഷയങ്ങളിൽ തങ്ങളുടെ പരമാധികാരത്തെ സ്പർശിക്കാത്ത കാര്യങ്ങളിൽ ഒരു പക്ഷേ ചില നീക്കുപോക്ക് ഉണ്ടായേക്കാമെന്നും അദ്ദേഹം വിലയിരുത്തുന്നു. സാമ്പത്തിക മേഖലയിലും വലിയ തിരിച്ചടി ഖത്തറിനുണ്ടായി എന്ന് പറയാനാകില്ലെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധൻ മുസ്തഫ അസ്സൽമാവി അഭിപ്രായപ്പെട്ടു.
സാഹചര്യത്തിനനുസരിച്ചുള്ള പ്രതിസന്ധി തീർച്ചയായും ഉണ്ടായിട്ടുണ്ട്. എന്നാൽ ഉപരോധ രാജ്യങ്ങൾക്കും തത്തുല്യമായതോ അതിൽ കൂടുതലോ ആയ പ്രതിസന്ധിയാണ് ഉപരോധം നൽകിയത്. ഭാവിയിൽ ഖത്തറിനേക്കാൾ സൗദി അറേബ്യക്കും യു.എ.ഇക്കും വലിയ തിരിച്ചടിയാകും സാമ്പത്തിക മേഖലയിൽ ഉപരോധം സമ്മനിക്കുകയെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
വൻകിട രാജ്യങ്ങളുമായി ബന്ധം സുദൃഢമാക്കാൻ ഇക്കാലയളവിൽ ഖത്തറിന് സാധിച്ചുവെന്നത് വലിയ നേട്ടമാണെന്ന വിലയിരുത്തലാണ് പൊതുവെ എല്ലാവർക്കും ഉള്ളത്. മേഖലയിലെ പ്രമുഖ രാജ്യങ്ങളായ തുർക്കിയും ഇറാനുമായും ശക്തമായ ബന്ധം സ്ഥാപിച്ചതിന് പുറമെ ജർമനി, ഫ്രാൻസ്, അമേരിക്കയടക്കമുള്ള രാജ്യങ്ങളുമായും മുൻപത്തേക്കാൾ ബന്ധം സുദൃഢമാക്കാൻ കഴിഞ്ഞതും വലിയ നേട്ടമാണ്. പ്രതിസന്ധി തീരുന്നതിെൻറ ഭാഗമായി ഭാവിയിൽ ഇത്തരം സാഹചര്യം ഉണ്ടാകാതിരിക്കാൻ ശക്തമായ ചില ഉപാധികൾ ഖത്തർ മുന്നോട്ട് വെച്ചേക്കുമെന്നാണ് കരുതപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
