ഗസ്സ: തടവുകാരുടെ മോചനചർച്ച അന്തിമഘട്ടത്തിൽ -ഖത്തർ വിദേശകാര്യ വക്താവ്
text_fieldsദോഹ: ഗസ്സയിലെ തടവുകാരുടെ മോചനം സംബന്ധിച്ച നീക്കങ്ങൾ അന്തിമഘട്ടത്തിലെന്ന് വെളിപ്പെടുത്തി ഖത്തർ വിദേശകാര്യ മന്ത്രാലയം വക്താവ്.
ഒക്ടോബർ ഏഴിന് നടന്ന ആക്രമണത്തിനു പിന്നാലെ ഹമാസ് തടവിലാക്കിയ ബന്ദി മോചനക്കരാർ അവസാനഘട്ടത്തിലാണെന്ന് വക്താവ് മാജിദ് അൽ അൻസാരിയെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്തു.
തടവുകാരെ മോചിപ്പിക്കാനുള്ള ശ്രമവും വെടിനിർത്തൽ നീക്കവും ലക്ഷ്യത്തിലേക്ക് അടുക്കുന്നതായി വിവിധ അന്താരാഷ്ട്ര വാർത്താ ഏജൻസികളും റിപ്പോർട്ട് ചെയ്തിരുന്നു.
ഖത്തറിന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളുടെ ഫലമായി ഹമാസ് തടവിലുള്ള 240 ബന്ദികളിൽ ചിലരെ മോചിപ്പിക്കാനും വെടിനിർത്തൽ പ്രഖ്യാപിക്കാനുമാണ് സാധ്യതയെന്നാണ് അൽജസീറ റിപ്പോർട്ട്. മധ്യസ്ഥശ്രമങ്ങൾ വിജയംകാണുമെന്ന ശുഭപ്രതീക്ഷയിലാണെന്ന് മാജിദ് അൽ അൻസാരി പറഞ്ഞു.
രണ്ടു ദിവസം മുമ്പ് നടന്ന വാർത്തസമ്മേളനത്തിൽ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനിയും ഇക്കാര്യം സൂചിപ്പിച്ചിരുന്നു.
തടവുകാരുടെ മോചനചർച്ചകൾ ഫലപ്രദമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം കൈമാറ്റം സംബന്ധിച്ച് വൈകാതെ തന്നെ ധാരണയുണ്ടാകുമെന്ന് യൂറോപ്യൻ യൂനിയന് വിദേശകാര്യ വിഭാഗം മേധാവി ജോസഫ് ബോറലിന്റെ സന്ദർശനവേളയിൽ അറിയിച്ചിരുന്നു. നിലവിലെ ചെറിയ പ്രായോഗിക വെല്ലുവിളികൾകൂടി മറികടന്നാൽ ഹമാസിന്റെയും ഇസ്രായേലിന്റെയും ഭാഗത്തുള്ള തടവുകാരെ സുരക്ഷിതമായി മോചിപ്പിക്കാൻ കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
അന്റോണിയോ ഗുട്ടെറസ്
ഖത്തറിന്റെ ശ്രമങ്ങളെ അഭിനന്ദിച്ച് ഗുട്ടെറസ്
ദോഹ: ഗസ്സയിലെ വെടിനിർത്തൽ യാഥാർഥ്യമാക്കാനും ബന്ദികളുടെ മോചനത്തിനുമായും ഖത്തർ നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിച്ച് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്.
അതേസമയം, ഐക്യരാഷ്ട്രസഭ ഏജൻസിയായ യു.എൻ.ആർ.ഡബ്ല്യു.എ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന രണ്ടു സ്കൂളുകൾക്കുനേരെ 24 മണിക്കൂർ വ്യത്യാസത്തിലുണ്ടായ ഇസ്രായേൽ ആക്രമണത്തെ അദ്ദേഹം അപലപിച്ചു.
ഏറെ വേദനിപ്പിക്കുന്നതും ഞെട്ടിപ്പിക്കുന്നതുമാണ് ഈ ആക്രമണമെന്നും യു.എൻ സ്കൂളുകളിൽ അഭയംതേടിയ കുട്ടികളും സ്ത്രീകളും കൊല്ലപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

