ഗസ്സ: തടവുകാരുടെ മോചനം ഉടൻ; ശുഭാപ്തിവിശ്വാസത്തോടെ ഖത്തർ
text_fieldsഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനിയും യൂറോപ്യൻ യൂനിയൻ വിദേശകാര്യ വിഭാഗം മേധാവി ജോസഫ് ബോറലും ദോഹയിൽ കൂടിക്കാഴ്ച നടത്തുന്നു
ദോഹ: ഗസ്സയിലെ ഇസ്രായേൽ ആക്രമണം 43 ദിവസം പിന്നിടവെ തടവുകാരുടെ മോചനത്തിൽ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ച് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി. യുദ്ധം അവസാനിപ്പിക്കാനും ബന്ദികളുടെ മോചനം സാധ്യമാക്കാനുമുള്ള ഇടപെടലിനായി ഖത്തറിലെത്തിയ യൂറോപ്യൻ യൂനിയന്‍ വിദേശകാര്യ വിഭാഗം മേധാവി ജോസഫ് ബോറലിനൊപ്പം നടന്ന വാർത്തസമ്മേളനത്തിലായിരുന്നു പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ബന്ദിമോചനം സംബന്ധിച്ച ചർച്ചകൾ ഫലപ്രദമാണെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് മാധ്യമങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി. ഹമാസും ഇസ്രായേലും തമ്മില്‍ തടവുകാരുടെ മോചനത്തിന് താല്‍ക്കാലിക ധാരണയെത്തിയെന്ന വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോർട്ടിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് ഇങ്ങനെ പ്രതികരിച്ചത്. അത് ചര്‍ച്ചകളെ ബാധിക്കുകയും വിപരീതഫലം ഉണ്ടാക്കുകയും ചെയ്യും.
ബന്ദി കൈമാറ്റത്തിന് വൈകാതെതന്നെ ധാരണയുണ്ടാകുമെന്നാണ് പ്രതീക്ഷ. നിലവിലെ ചെറിയ പ്രായോഗിക വെല്ലുവിളികൾകൂടി മറികടന്നാൽ ഹമാസിന്റെയും ഇസ്രായേലിന്റെയും ഭാഗത്തുള്ള തടവുകാരെ സുരക്ഷിതമായി മോചിപ്പിക്കാൻ കഴിയുമെന്ന് ആത്മവിശ്വാസമുണ്ട് - ഖത്തർ പ്രധാനമന്ത്രി വിശദീകരിച്ചു. ഗസ്സയില്‍ അടിയന്തര വെടിനിര്‍ത്തലാണ് ഖത്തറിന്റെ പ്രഥമ പരിഗണനയെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഇക്കാര്യത്തിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ ശക്തമായ ഇടപെടൽ ആവശ്യമാണെന്നും യൂറോപ്യന്‍ യൂനിയന്‍ വിദേശകാര്യ വിഭാഗം മേധാവി ജോസഫ് ബോറെലിനോട് ആവശ്യപ്പെട്ടു. ‘ഇസ്രായേല്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് ഒട്ടും വിലകൽപിക്കുന്നില്ല.
രോഗികളെയും പരിക്കേറ്റ് അവശരായവരെയുമെല്ലാം തോക്കിന്മുനയില് നിര്‍ത്തി ആശുപത്രികളില്‍നിന്നും ആട്ടിയോടിക്കുകയാണ്. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് അല്‍ശിഫ ആശുപത്രി അടക്കമുള്ള വിഷയങ്ങളില്‍ ഇസ്രായേല്‍ ഉന്നയിക്കുന്നത്. അല്‍ശിഫയില്‍ നടന്നത് യുദ്ധക്കുറ്റമാണ്. പക്ഷേ, അന്താരാഷ്ട്ര സമൂഹത്തില്‍നിന്നും അപലപനത്തിന്റെ ശബ്ദംപോലും കേള്‍ക്കാത്തത് ഇരട്ടത്താപ്പിന്റെ ഭാഗമാണ്’ -പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ ആൽഥാനി ആഞ്ഞടിച്ചു.
ഉടൻ വെടിനിർത്തൽ സാധ്യമാക്കണമെന്ന് ജോസഫ് ബോറെലും വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. യു.എന്‍ സുരക്ഷ കൗണ്‍സിലിന്റെ തീരുമാനം വെറുംവാക്കുകളില്‍ ഒതുങ്ങരുതെന്നും അത് പ്രാബല്യത്തില്‍ വരണമെന്നും വ്യക്തമാക്കിയ അദ്ദേഹം ഫലസ്തീനികള്‍ അന്തസ്സുള്ള ജീവിതം അര്‍ഹിക്കുന്നതായും പറഞ്ഞു.