ഗസ്സ പുനർനിർമാണം; അടിയന്തര സഹായപദ്ധതി പ്രഖ്യാപിച്ച് ഖത്തർ
text_fieldsഗസ്സ പുനർനിർമാണവുമായി ബന്ധപ്പെട്ടുള്ള ഖത്തറിന്റെ സഹായപദ്ധതിയുടെ പ്രഖ്യാപന
ചടങ്ങിൽനിന്ന്
ദോഹ: യുദ്ധക്കെടുതി നേരിടുന്ന ഗസ്സയുടെ പുനർനിർമാണത്തിനായി സഹായപദ്ധതി പ്രഖ്യാപിച്ച് ഖത്തർ. ജോർഡനും ഈജിപ്തും വഴിയാണ് സഹായമെത്തിക്കുക. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നിർദേശപ്രകാരമാണ് സഹായവിതരണം. ഈജിപ്തിലെ ശറമുശ്ശൈഖിൽ ചേർന്ന സമാധാന ഉച്ചകോടിക്ക് പിന്നാലെയാണ് ഗസ്സയിലെ ദുരിതബാധിതകർക്ക് കൂടുതൽ സഹായമെത്തിക്കാനുള്ള ഖത്തറിന്റെ തീരുമാനം. അതിർത്തികൾ വഴി 87,754 ടെന്റുകൾ അറബ് രാജ്യം അടിയന്തരമായി ഗസ്സയിലെത്തിക്കും. 4,36,170 പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലാൻഡ് ബ്രിജ് ഇനീഷ്യേറ്റീവ് എന്നാണ് പദ്ധതിയുടെ പേര്. ഖത്തറിൽനിന്നുള്ള സഹായവസ്തുക്കൾ ആദ്യം ഈജിപ്തിലോ ജോർഡനിലോ എത്തിക്കും. അവിടെനിന്ന് ട്രക്കുകളിൽ ഗസ്സയിലേക്ക് കൊണ്ടുപോകും. ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റ്, ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി എന്നിവയുടെ നേതൃത്വത്തിലാണ് ടെന്റുകൾ സജ്ജമാക്കുന്നത്. അന്താരാഷ്ട്ര സഹകരണ വകുപ്പു സഹമന്ത്രി മർയം അൽ മിസ്നദ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഖത്തർ ചാരിറ്റി സി.ഇ.ഒ യൂസുഫ് ബിൻ അഹ്മദ് അൽ കുവാരി, ക്യു.ആർ.സി.എസ് കമ്യൂണിക്കേഷൻ ആൻഡ് റിസോഴ്സ് ഡെവലപ്മെന്റ് അസിസ്റ്റന്റ് സെക്രട്ടറി ജനറൽ മുഹമ്മദ് അഹമ്മദ് അൽ ബഷ്രി, ക്യു.എഫ്.എഫ്.ഡി ഷെയേർഡ് സർവിസസ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ നാസർ മുഹമ്മദ് അൽ മർസൂഖി എന്നിവർ സന്നിഹിതരായിരുന്നു. അതേസമയം, ഖത്തറിന്റെ ഗസ്സ പുനർനിർമാണ കമ്മിറ്റിയുമായി സഹകരിച്ച് ഗസ്സ മുനിസിപ്പാലിറ്റി പ്രധാന തെരുവുകൾ നവീകരിച്ച് തുറക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
തെരുവുകളിലെ അവശിഷ്ടങ്ങളും മാലിന്യങ്ങളും നീക്കുന്ന പ്രവൃത്തികൾക്കാണ് തുടക്കമായത്. അവശിഷ്ടങ്ങളും മറ്റും നീക്കം ചെയ്ത് തിരിച്ചെത്തുന്ന ഫലസ്തീൻ ജനതയുടെ സഞ്ചാരം സുഗമമാക്കുകയുമാണ് ലക്ഷ്യം. ഇസ്രായേലും ഹമാസും തമ്മിൽ വെള്ളിയാഴ്ച വെടിനിർത്തൽ കരാർ ഒപ്പുവെച്ചിരുന്നു. ഇതിനെത്തുടർന്ന് ഇസ്രായേൽ അധിനിവേശ സൈന്യം പിൻവാങ്ങുകയും പലായനം ചെയ്തവർ തിരിച്ചുവരുകയുമാണ്.
വെടിനിർത്തലിനുശേഷം, ഗസ്സ മുനിസിപ്പാലിറ്റിയും മറ്റ് എല്ലാ മുനിസിപ്പാലിറ്റികളും റോഡുകളും തെരുവുകളും തുറക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ഗസ്സ മേയർ എൻജിനീയർ യഹ്യ അൽ സരാജ് പറഞ്ഞു. ഇതിനായി കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. ഇതുവഴി ഇസ്രായേൽ ആക്രമണംമൂലം കുടിയിറക്കപ്പെട്ടവർക്ക് അവരുടെ വീടുകളിലേക്കും ഷെൽട്ടറുകളിലേക്കും എളുപ്പത്തിൽ തിരിച്ചെത്താം. ഖത്തറിന്റെ ഗസ്സ പുനർനിർമാണ കമ്മിറ്റിയുടെ പിന്തുണയോടെ, ഗസ്സ നഗരത്തിലെ പ്രധാന റോഡുകൾ തുറക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കായി ബുൾഡോസറുകളും ട്രക്കുകളും ഉപയോഗിച്ച് പ്രവൃത്തി തുടരുകയാണെന്നും ഖത്തർ വാർത്താ ഏജൻസിക്ക് നൽകിയ പ്രസ്താവനയിൽ അൽ സരാജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

