ഗസ്സ പുനർനിർമാണം: അറബ് പദ്ധതി അമേരിക്കൻ പ്രതിനിധിക്ക് മുമ്പാകെ അവതരിപ്പിച്ചു
text_fieldsദോഹ: അറബ് രാജ്യങ്ങളുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ഗസ്സ പുനർനിർമാണ പദ്ധതി അമേരിക്കൻ പ്രസിഡന്റിന്റെ മധ്യപൂർവേഷ്യൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് മുമ്പാകെ അവതരിപ്പിച്ചു. ദോഹയിൽ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനിയുടെ നേതൃത്വത്തിൽ അറബ് രാഷ്ട്ര പ്രതിനിധികൾ കൂടി പങ്കെടുത്ത യോഗത്തിലാണ് ഗസ്സ പുനർനിർമാണ പദ്ധതി അവതരിപ്പിച്ചത്. മാർച്ച് നാലിന് കൈറോയിൽ ഈജിപ്തിന്റെ നേതൃത്വത്തിൽ നടന്ന അറബ് ഉച്ചകോടിയിലായിരുന്നു ഫലസ്തീനികളെയെല്ലാം സ്വന്തം മണ്ണിൽ തന്നെ നിലനിർത്തി കൊണ്ടുള്ള പുനർനിർമാണ പദ്ധതി തയ്യാറാക്കി, അറബ് രാജ്യങ്ങൾ അംഗീകാരം നൽകിയത്.
പദ്ധതി സംബന്ധിച്ച് ചർച്ചകളും കൂടിയാലോചനകളും തുടരുന്നതിൽ യു.എസ് പ്രതിനിധിയും അറബ് രാഷ്ട്ര മേധാവികളും ധാരണയായി. ഖത്തർ പ്രധാനമന്ത്രിക്കു പുറമെ, ജോർഡൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ അയ്മൻ സഫാദി, സൗദിഅറേബ്യ വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ലാ അൽ സൗദ്, ഈജിപ്ത് വിദേശകാര്യമന്ത്രി ഡോ. ബദർ അബ്ദുൽ അതി, യു.എ.ഇ വിദേശകാര്യമന്ത്രി ഖലീഫ ഷഹീൻ അൽ മറാർ, ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ സെക്രട്ടറി ജനറൽ ഹുസൈൻ അൽ ശൈഖ് എന്നിവർ പങ്കെടുത്തു.
ഗസ്സയിൽ സമ്പൂർണ വെടിനിർത്തൽ സാധ്യമാക്കാനും, സ്വതന്ത്ര ഫലസ്തീൻ എന്ന പരിഹാരത്തിലൂടെ മേഖലയിൽ ശാശ്വത സമാധാനം ഉറപ്പാക്കാനും അറബ് രാഷ്ട്ര മേധാവികൾ ആവശ്യപ്പെട്ടു. അമേരിക്കൻ സാന്നിധ്യത്തിൽ ഹമാസ്-ഇസ്രായേൽ രണ്ടാം ഘട്ട വെടിനിർത്തൽ ചർച്ചകൾ ദോഹയിൽ കഴിഞ്ഞ ദിവസം പുനരാരംഭിച്ചിരുന്നു. അറബ് രാജ്യങ്ങളുടെ ഗസ്സ പുനർനിർമാണ പദ്ധതിക്ക് പ്രമുഖ യൂറോപ്യൻ രാജ്യങ്ങൾ കഴിഞ്ഞ ദിവസം പിന്തുണ പ്രഖ്യാപിച്ചിരുന്നു. 5300 കോടിയോളം ഡോളർ ചെലവുവരുന്ന പദ്ധതിയെ ഫ്രാൻസ്, ജർമനി, ഇറ്റലി, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളാണ് സ്വാഗതം ചെയ്തത്.
കടുത്ത ദുരിതത്തിൽനിന്ന് ഗസ്സയിലെ ജനങ്ങളുടെ ജീവിതത്തിൽ സുസ്ഥിരമായ പുരോഗതി ഉറപ്പുനൽകുന്നതാണ് ഈ പദ്ധതിയെന്ന് യൂറോപ്യൻ രാജ്യങ്ങൾ പ്രസ്താവനയിൽ പറഞ്ഞു. ജനങ്ങളെ പൂർണമായും ഒഴിപ്പിച്ച് ഗസ്സ വിനോദസഞ്ചാര കേന്ദ്രമാക്കാനുള്ള യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കത്തിന് ബദലായാണ് ഈജിപ്ത് നേതൃത്വത്തിൽ ഗസ്സ പുനർനിർമാണ പദ്ധതി തയാറാക്കിയത്.
അഞ്ചുവർഷം കൊണ്ട് ഗസ്സയെ പൂർണമായും ആധുനിക നഗരമാക്കി പുനർനിർമിക്കാനുള്ള പദ്ധതി ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും തള്ളിയിരുന്നു. ഹമാസിന് പകരം ഗസ്സയുടെ ഭരണ ചുമതല സ്വതന്ത്രരായ വിദഗ്ധരുടെ നേതൃത്വത്തിലുള്ള സമിതിയെ ഏൽപിക്കണമെന്നാണ് പദ്ധതി നിർദേശിക്കുന്നത്. ചൊവ്വാഴ്ച നടന്ന അറബ് ലീഗ് ഉച്ചകോടിയിൽ അവതരിപ്പിച്ച പദ്ധതിയെ ഫലസ്തീൻ അതോറിറ്റിയും ഹമാസും സ്വാഗതം ചെയ്തിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.