ഗസ്സ; സമാധാന ശ്രമങ്ങളുമായി ഖത്തർ അമീർ
text_fieldsഗസ്സ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാറിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഒപ്പിടുന്നു
ദോഹ: ഗസ്സയിലെ അതിക്രമം അവസാനിപ്പിക്കാനും സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തിനുമായി പ്രതീക്ഷയുടെ വെളിച്ചം തെളിയുമ്പോൾ, ഖത്തർ അടക്കമുള്ള മധ്യസ്ഥ രാഷ്ട്രങ്ങളുടെ ഇടപെടലുകൾ ശ്രദ്ധേയമാകുന്നു. രണ്ടുവർഷമായി തുടരുന്ന ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി ഈജിപ്തിലെ ശറമുശൈഖിൽ സംഘടിപ്പിച്ച സമാധാന ഉച്ചകോടി സമാപിച്ചപ്പോൾ ഖത്തറിന്റെ ഇടപെടലുകളെ, മധ്യസ്ഥ ശ്രമങ്ങളെ ഓർക്കാതെ കടന്നുപോകാനാകില്ല. ശറമുശൈഖ് സമാധാന ഉച്ചകോടിയിൽ പങ്കെടുത്ത് സംസാരിച്ച ഖത്തർ അമീർ സമാധാന ശ്രമങ്ങൾ പ്രത്യാശ നൽകുന്നതാണെന്നും പറഞ്ഞു. ഗസ്സയിലെ സഹോദരങ്ങളുടെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കാൻ കഴിയുന്ന ഭാവി കരാറുകളുടെ തുടക്കമാകട്ടെ ഇതെന്ന് ആശിക്കുന്നു. ഫലസ്തീൻ പ്രശ്നത്തിന് സമഗ്രവും നീതിയുക്തവും സുസ്ഥിരവുമായ പരിഹാരമുണ്ടാകണം. എല്ലാവരുടെയും നന്മക്കായി, എല്ലാ കക്ഷികളുടെയും പൂർണ പ്രതിബദ്ധതയുണ്ടാകണമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.
ഗസ്സ സമാധാന ഉച്ചകോടിയിൽ പങ്കെടുത്ത വിവിധ രാജ്യങ്ങളുടെ നേതാക്കൾ
യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇരുപത് ഇന നിർദേശങ്ങളടങ്ങിയ കരാർ ഹമാസും ഇസ്രായോലും അംഗീകരിച്ചതിനെ തുടർന്നാണ് ശറമുശൈഖിൽ സംഘടിപ്പിച്ച സമാധാന ഉച്ചകോടിയും തുടർന്നുള്ള ഫലസ്തീൻ തടവുകാരുടെയും ഇസ്രായേൽ ബന്ദികളുടെ മോചനവും സാധ്യമായത്. ലോകത്തിന്റെ മനസ്സാക്ഷിയെ കുത്തിനോവിച്ച ഗസ്സയിൽ, ഇസ്രായേൽ ആക്രമണം തുടങ്ങിയ നാൾമുതൽ പ്രശ്നപരിഹാരവും മധ്യസ്ഥ ശ്രമങ്ങളുമായി ഖത്തർ മുന്നിൽനിന്ന് നയിച്ചു.
ഖത്തറിനെ സംബന്ധിച്ചിടത്തോളം ഒരു അറബ് സഹോദര രാഷ്ട്രം എന്ന നിലയിൽ ഗസ്സയിലെ ജനതയുടെ വേദന സ്വന്തം വേദനയായി മാറി. മുമ്പ് രണ്ടു സന്ദർഭങ്ങളിൽ ഇരു കക്ഷികളും തമ്മിൽ താൽക്കാലിക വെടിനിർത്തൽ കരാർ സാധ്യമായപ്പോഴും മധ്യസ്ഥ ശ്രമങ്ങളുമായി ഖത്തർ നിലയുറപ്പിച്ചിരുന്നു. തുടക്കം മുതൽതന്നെ സ്വതന്ത്ര ഫലസ്തീൻ എന്ന നിലപാടിൽ ഉറച്ച നിലപാടായിരുന്നു ഖത്തർ സ്വീകരിച്ചിരുന്നത്. അതുകൊണ്ടുതന്നെ ചർച്ചകൾക്കായി ഹമാസിന്റെ ഓഫിസ് ദോഹയിലാണ് പ്രവർത്തിച്ചിരുന്നത്. കൂടാതെ,
ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാനും ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കുന്നതിനായും നിരന്തരമായി പ്രവർത്തിച്ച ഖത്തർ, സാധ്യമായ വേദികളിൽ ആവശ്യം ഉന്നയിക്കുകയും ചെയ്തു. കഴിഞ്ഞ യു.എൻ സമ്മേളനത്തിൽ പങ്കെടുത്ത് ഖത്തർ അമീർ സ്വതന്ത്ര ഫലസ്തീൻ ആവശ്യമുന്നയിച്ചു. ഉപരോധം, ആക്രമണം, കുടിയിറക്കം എന്നിവയുടെ ഫലമായി ഗസ്സയിലെ ജനത അനുഭവിക്കുന്ന ദുരിതങ്ങൾക്കെതിരെ പ്രതികരിച്ചു. യുദ്ധ ആയുധമായി പട്ടിണി ഉപയോഗിക്കുന്നതിനെതിരെ അന്താരാഷ്ട്ര വേദികളിൽ ശബ്ദമുയർത്തി. കിഴക്കൻ ജറുസലം തലസ്ഥാനമാക്കി സ്വതന്ത്ര ഫലസ്തീൻ സ്ഥാപിക്കാനും ലംഘനങ്ങൾ അവസാനിപ്പിക്കാനും അന്താരാഷ്ട്ര സമൂഹത്തിന്റെ ഐക്യത്തിനുവേണ്ടിയും ഖത്തറിന്റെ ശ്രമങ്ങളുണ്ടായി.
സമാധാന ശ്രമങ്ങളിൽ രണ്ടു പക്ഷത്തിന്റെയും വിശ്വാസം നേടിയെടുക്കുക എന്നത് ഒരു വെല്ലുവിളിയാണ്. നീണ്ട കാലത്തെ സംഘർഷത്തിൽ സമാധാന ശ്രമങ്ങളുടെ പാലമായി നിൽക്കാൻ ഖത്തറിന് കഴിഞ്ഞത്, നിസ്വാർഥമായ പ്രതിബദ്ധതയുടെ സാക്ഷ്യമാണ്. യുദ്ധം അവസാനിപ്പിക്കാനുള്ള യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കങ്ങൾക്കു പിന്നിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി നടത്തിയ ചടുലവും സങ്കീർണവുമായ നീക്കങ്ങൾ കാണാം.
അദ്ദേഹത്തിന്റെ ശ്രമങ്ങളെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് 'ബഹുമാനിക്കപ്പെടുന്ന അസാധാരണ വ്യക്തിത്വം" എന്നു വിശേഷിപ്പിച്ചതും ഈ സന്ദർഭത്തിലാണ്.
ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങൾ കേവലം നയതന്ത്ര നീക്കങ്ങൾ മാത്രമായിരുന്നില്ല, മറിച്ച് ദുരിതത്തിലായ ആയിരക്കണക്കിന് മനുഷ്യരുടെ ജീവനും ഭാവിക്കും വേണ്ടിയുള്ള ശ്രമങ്ങൾകൂടിയാണ്. അതുകൊണ്ടുതന്നെ യുദ്ധത്താൽ തകർത്ത ഗസ്സയെ പുനർനിർമിക്കുക എന്ന ദൗത്യ ശ്രമങ്ങൾക്കും ഖത്തർ മുന്നിലുണ്ടാകും. ഈ ശ്രമങ്ങൾ എളുപ്പമല്ല. എന്നാൽ, അവർ പ്രതീക്ഷയോടെ ശ്രമങ്ങൾക്കായി പ്രവൃത്തിക്കും. ഫലസ്തീനിൽ സമാധാനത്തിന്റെ നിലാവ് പരക്കുമ്പോൾ, കൈത്താങ്ങായി നിലനിന്ന ഖത്തറിനെ ലോകം കൃതജ്ഞതയോടെ ഓർക്കും.
അമീറിനെ പ്രശംസിച്ച് ട്രംപ്
ദോഹ: ഉടമ്പടി യാഥാർഥ്യമാക്കുന്നതിനായി പ്രവർത്തിച്ച അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയെ പ്രശംസിച്ച് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഉച്ചക്കോടിക്കുശേഷമുള്ള സംസാരത്തിലാണ് മധ്യസ്ഥ ശ്രമങ്ങൾക്കായി പ്രവർത്തിച്ച ഖത്തർ അമീറിനെയും മറ്റ് അറബ് -മുസ്ലിം രാഷ്ട്രങ്ങൾക്കും യു.എസ് പ്രസിഡന്റ് നന്ദി പറഞ്ഞത്. അമീറിനോട് പ്രത്യേക നന്ദി പറഞ്ഞ, അദ്ദേഹം ഏറെ ബഹുമാനിക്കപ്പെടുന്ന അസാധാരണ വ്യക്തിത്വമെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. അസാധ്യമെന്ന് കരുതപ്പെട്ടിരുന്ന, പശ്ചിമേഷ്യയിൽ സമാധാനം കൈവരിക്കാൻ മധ്യസ്ഥ കൂട്ടായ്മയിലൂടെ കഴിഞ്ഞുവെന്ന് ട്രംപ് പ്രഖ്യാപിച്ചു. ഒപ്പുവെച്ച രേഖയെ അദ്ദേഹം "ചരിത്രപരം" എന്നാണ് വിശേഷിപ്പിച്ചത്.
അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും സംസാരത്തിനിടെ
കരാറിൽ മറ്റു രാഷ്ട്രത്തലവന്മാരുടെ സാന്നിധ്യത്തിൽ മധ്യസ്ഥ ശ്രമങ്ങൾക്ക് നേതൃത്വം നൽകിയ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസി, തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ എന്നിവരാണ് ഒപ്പുവെച്ചത്. അതേസമയം, ശറമുശൈഖിൽ കാറപകടത്തിൽ ഖത്തർ അമീരി ദിവാനിലെ മൂന്ന് ഉദ്യോഗസ്ഥർ മരിച്ച സംഭവത്തിൽ യു.എസ് പ്രസിഡന്റ് അനുശോചനമറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

