ഗസ്സ: കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കണമെന്ന് ഇ.എ.എ
text_fieldsഗസ്സയിലെ ഇ.എ.എയുടെ സ്ഥാപനമായ അൽ ഫഖൂറ ഹൗസ്
ഇസ്രായേൽ ആക്രമണത്തിൽ തകർന്ന നിലയിൽ
ദോഹ: ഗസ്സക്കുനേരെ നടക്കുന്ന ആക്രമണങ്ങളിൽ കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കാൻ എല്ലാ കക്ഷികളോടും ആവശ്യപ്പെട്ട് ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇ.എ.എ (എജുക്കേഷൻ എബൗവ് ഓൾ ഫൗണ്ടേഷൻ). കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ബോംബ് സ്ഫോടനം, ഭക്ഷണവും മരുന്നും ബോധപൂർവം നിഷേധിക്കൽ, സ്കൂളുകളും ആശുപത്രികളും ബോംബിങ്ങിലൂടെ തകർക്കുക എന്നിവയെല്ലാം കുട്ടികൾക്കെതിരായ ഗുരുതര കുറ്റകൃത്യങ്ങളും നിയമലംഘനങ്ങളുമാണെന്നും അവ മനഃപൂർവമാണെങ്കിൽ യുദ്ധക്കുറ്റങ്ങളാണെന്നും ഇ.എ.എ വ്യക്തമാക്കി.
നിലവിലെ പ്രശ്നങ്ങൾ ആരംഭിക്കുന്നതിന് മുമ്പുതന്നെ ഗസ്സയിലെ 11 ലക്ഷം കുട്ടികൾക്ക് മാനുഷിക സഹായം ആവശ്യമായിരുന്നെന്നും ഇ.എ.എ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ഗസ്സയിലേക്കുള്ള ഇസ്രായേൽ ആക്രമണം ആരംഭിച്ചതു മുതൽ ആയിരത്തിനടുത്ത് കുട്ടികൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നും രണ്ടായിരത്തിലധികം കുട്ടികൾക്ക് അംഗവൈകല്യം സംഭവിച്ചെന്നും അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ആക്രമണങ്ങൾക്കും സംഘട്ടനങ്ങൾക്കും അറുതിയായില്ലെങ്കിൽ കണക്കുകൾ കുത്തനെ ഉയരുമെന്നും ഇ.എ.എ സൂചിപ്പിക്കുന്നു. ഭക്ഷണം, വെള്ളം, വൈദ്യസഹായം, ഊർജം എന്നിവ നിഷേധിച്ചുകൊണ്ടുള്ള ഇപ്പോഴത്തെ ഉപരോധം ഏറ്റവും കൂടുതൽ ബാധിക്കുക കുട്ടികളെയായിരിക്കുമെന്ന് നിരീക്ഷകർ പറയുന്നു. യുദ്ധതന്ത്രമെന്ന നിലയിൽ സാധാരണക്കാരെ പട്ടിണിയിലാക്കുന്നത് യുദ്ധക്കുറ്റമായാണ് കണക്കാക്കുന്നത്. ഇ.എ.എ നേതൃത്വത്തിൽ ഗസ്സയിൽ നടത്തുന്ന അൽ ഖഫൂറ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇസ്രായേൽ വ്യോമാക്രമണത്തിൽ തകർത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

