ഗസ്സ സമാധാന കരാർ; രണ്ടാംഘട്ടം ഉടനെന്ന് പ്രതീക്ഷ -ഖത്തർ
text_fieldsഖത്തർ വിദേശകാര്യ വക്താവ് ഡോ. മാജിദ് അൽ അൻസാരി വാർത്തസമ്മേളനത്തിൽ സംസാരിക്കുന്നു
ദോഹ: ഗസ്സ വെടിനിർത്തലിനുശേഷം ഇസ്രായേലും ഹമാസും തമ്മിലുള്ള സമാധാന ചർച്ചകളുടെ രണ്ടാം ഘട്ടത്തിലേക്ക് ഉടൻ കടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഖത്തർ വിദേശകാര്യ വക്താവ് ഡോ. മാജിദ് അൽ അൻസാരി. ഇരുകൂട്ടരെയും വളരെ പെട്ടെന്ന് രണ്ടാംഘട്ട ചർച്ചയിലേക്കെത്തിക്കാൻ ശ്രമിക്കണം. ഖത്തർ, യു.എസ്, ഈജിപ്ത് എന്നിവയുടെ കൂട്ടായ ശ്രമങ്ങളുടെ ഫലമായി ഗസ്സയിൽ വെടിനിർത്തൽ ഉറപ്പാക്കി.
ഇത് ഒക്ടോബർ 10ന് പ്രാബല്യത്തിൽ വരികയും ഇസ്രായേലും ഹമാസും തമ്മിലുള്ള രണ്ടു വർഷത്തെ പോരാട്ടത്തിന് ഏറക്കുറെ അറുതിവരുത്തുകയും ചെയ്തു. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഗസ്സ സമാധാന പദ്ധതിയുടെ തുടർച്ചയായാണ് ബന്ദികളുടെ കൈമാറ്റവും വെടിനിർത്തൽ കരാറും സാധ്യമായത്. രണ്ടു വർഷത്തെ യുദ്ധത്തിൽ അവശേഷിച്ച കൂറ്റൻ അവശിഷ്ടങ്ങൾക്കടിയിൽ ചില ബന്ദികളുടെ മൃതദേഹങ്ങൾ കുടുങ്ങിയതിനാൽ, വീണ്ടെടുക്കുന്ന പ്രക്രിയ മന്ദഗതിയിലാണെന്ന് ഹമാസ് വിശദീകരിച്ചു. മൃതദേഹാവശിഷ്ടങ്ങൾ തിരികെ നൽകുന്നത് സംബന്ധിച്ച കാര്യങ്ങൾ രണ്ടാം ഘട്ട ചർച്ചകൾക്ക് തടസ്സമാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു.എൻ അംഗീകരിച്ച ഈ കരാറിന്റെ രണ്ടാം ഘട്ടത്തിൽ, ഇസ്രായേൽ സേന പിന്മാറുകയും ഒരു ഇടക്കാല ഭരണകൂടം ഗസ്സ ഭരിക്കുകയും ചെയ്യും. ഒരു അന്താരാഷ്ട്ര സേനയെ പ്രദേശത്ത് വിന്യസിക്കുകയും ചെയ്യുന്നതാണെന്ന് കരാർ വിശദീകരിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഖത്തർ, യു.എസ്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ ഒക്ടോബർ 10ന് ഈജിപ്തിലെ ശറമുശൈഖ് ഉച്ചകോടിയിലാണ് വെടിനിർത്തൽ കരാർ സാധ്യമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

