ഗസ്സ മധ്യസ്ഥ ചര്‍ച്ചകള്‍ പ്രാരംഭ ഘട്ടത്തിൽ
text_fieldsമാജിദ് അല്‍ അന്‍സാരി
ദോഹ: ഗസ്സ മധ്യസ്ഥ ചര്‍ച്ചകള്‍ പ്രാരംഭ ഘട്ടത്തിലെന്ന് ഖത്തര്‍. വിശദമായ ചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ല, യുദ്ധം അവസാനിപ്പിക്കുകയാണ് ലക്ഷ്യമെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മാജിദ് അല്‍ അന്‍സാരി വ്യക്തമാക്കി. ഗസ്സയില്‍ വെടിനിര്‍ത്തലും ബന്ദി മോചനവും സാധ്യമാക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി ഇസ്രായേലിന്റെയും ഹമാസിന്റെയും സംഘങ്ങള്‍ ഖത്തര്‍ തലസ്ഥാനമായ ദോഹയിലുണ്ട്.
ഇരുപക്ഷവുമായും മധ്യസ്ഥരെന്ന നിലയില്‍ ഖത്തര്‍ ആശയവിനിമയം നടത്തിവരുകയാണ്. പ്രാരംഭ ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. വിശദമായ ചര്‍ച്ചകളിലേക്ക് കടന്നിട്ടില്ല. മധ്യസ്ഥ രാജ്യങ്ങളുടെ നിര്‍ദേശങ്ങളില്‍ ഇരുരാജ്യങ്ങള്‍ക്കുമുള്ള അഭിപ്രായഭിന്നതകള്‍ നികത്താനും അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കാനുമാണ് ഇപ്പോള്‍ ശ്രമമെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മാജിദ്
അല്‍ അന്‍സാരി വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമാക്കി. ഇരു കക്ഷികളും തമ്മിലുള്ള അന്തിമ പരിഹാര ചർച്ചകൾക്ക് മുന്നോടിയായി ഒരു സമാധാന ഉടമ്പടി വേണമെന്നാണ് ഖത്തർ അടക്കമുള്ള മധ്യസ്ഥ കക്ഷികളുടെ ആവശ്യം. ഇതിനായാണ് ഖത്തർ, ഈജിപ്ത് അടക്കമുള്ള മധ്യസ്ഥ സംഘങ്ങൾ ഇപ്പോൾ ശ്രമിക്കുന്നതെന്നും മാജിദ് അൽ അൻസാരി പറഞ്ഞു. ഖത്തറിൽ നടക്കുന്ന ഗസ്സ വെടിനിർത്തൽ ചർച്ചകളുമായി ബന്ധപ്പെട്ട് അമീറിന് നിരവധി സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്.
യുദ്ധം അവസാനിപ്പിക്കുക എന്നതാണ് അന്തിമമായ ലക്ഷ്യം. അതിലേക്ക് നയിക്കുന്ന ചട്ടക്കൂടുകളാണ് തയാറാക്കുന്നത്. ക്രിയാത്മക ചര്‍ച്ചകള്‍ നടക്കുമെന്നാണ് പ്രതീക്ഷയെന്നും ചര്‍ച്ചയ്ക്ക് സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും മധ്യസ്ഥരാജ്യമായ ഖത്തര്‍ വ്യക്തമാക്കി. മാധ്യമങ്ങളുമായി കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നില്ല, അത് ചര്‍ച്ചയെ ബാധിക്കും. ചര്‍ച്ചകള്‍ക്ക് ശാന്തമായ അന്തരീക്ഷം അനിവാര്യമാണെന്നും മാജിദ് അല്‍ അന്‍സാരി കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

