ഗസ്സ: ഡബ്ല്യൂ.എച്ച്.ഒ മേധാവിയുമായി കൂടിക്കാഴ്ച നടത്തി ലുൽവ അൽ ഖാതിർ
text_fieldsഅന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലുൽവ അൽ ഖാതിർ
ഡബ്ല്യൂ.എച്ച്.ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം
ഗെബ്രിയേസസിനൊപ്പം
ദോഹ: ലോകാരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച്.ഒ) ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസുമായി അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലുൽവ ബിൻത് റാഷിദ് അൽ ഖാതിർ ജനീവയിൽ കൂടിക്കാഴ്ച നടത്തി.
ഗസ്സയിലെ പുതിയ സംഭവവികാസങ്ങൾ, പ്രത്യേകിച്ചും കമാൽ അദ്വാൻ ആശുപത്രിയുമായി ബന്ധപ്പെട്ടും, മുനമ്പിലെ ആരോഗ്യ സൗകര്യങ്ങൾക്കെതിരായ ഇസ്രായേൽ ആക്രമണങ്ങൾ സംബന്ധിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു.
രോഗികളും പരിക്കേറ്റവരുമായ ഫലസ്തീനികൾക്കുള്ള വൈദ്യസഹായവും ചികിത്സയും നൽകുന്നതിൽ ഖത്തറും ലോകാരോഗ്യ സംഘടനയും തമ്മിൽ കൂടുതൽ സഹകരണത്തിനുള്ള മാർഗങ്ങളും ആലോചിച്ചു.
ഗസ്സയിലെ ആരോഗ്യമേഖലയെ പിന്തുണച്ചതിന് ലോകാരോഗ്യ സംഘടനക്ക് ഖത്തറിന്റെ നന്ദി വിദേശകാര്യ മന്ത്രാലയത്തിലെ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി അറിയിച്ചു.
കിഴക്കൻ ജറൂസലേം ഉൾപ്പെടെയുള്ള അധിനിവേശ ഫലസ്തീൻ പ്രദേശത്തെ ആരോഗ്യ സാഹചര്യങ്ങളെക്കുറിച്ച പ്രത്യേക സെഷനിൽ ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടിവ് ബോർഡിന്റെ പ്രമേയം അംഗീകരിച്ചതിനെ ഖത്തർ സ്വാഗതം ചെയ്യുന്നെന്നും അവർ വ്യക്തമാക്കി.
ഒക്ടോബർ ഏഴിനുശേഷം ഇതാദ്യമായാണ് ഐക്യരാഷ്ട്രസഭയുടെ സംവിധാനത്തിനുള്ളിൽ ഗസ്സക്കെതിരായ യുദ്ധം സംബന്ധിച്ച് ഒരു പ്രമേയം ഐകകണ്ഠ്യേന അംഗീകരിക്കപ്പെടുന്നത്. മെഡിക്കൽ മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികളുടെ വരവ്, വെള്ളം, വൈദ്യുതി, ഇന്ധന വിതരണം, ആരോഗ്യ സൗകര്യങ്ങൾക്കെതിരായ ആക്രമണങ്ങൾ തടയൽ എന്നിവയുൾപ്പെടെയുള്ള പ്രമേയത്തിലെ വകുപ്പുകളുടെ നടത്തിപ്പിൽ ആരോഗ്യ സംഘടന തുടർനടപടികൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ലുൽവ റാഷിദ് അൽ ഖാതിർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

