ഗസ്സ: അമീറും അമേരിക്കൻ പ്രസിഡന്റും ചർച്ച നടത്തി
text_fieldsഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ
ദോഹ: ഗസ്സയിലെ ഇസ്രായേൽ ആക്രമണം അനിശ്ചിതമായി തുടരുന്നതിനിടെ മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനും ബന്ദി മോചനം സാധ്യമാക്കാനുമായി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ചർച്ച നടത്തി. ടെലിഫോൺ വഴിയാണ് ഇരുവരും ഗസ്സ വിഷയത്തിൽ ആശയ വിനിമയം നടത്തിയത്.
ഹമാസ് തടവിലാക്കിയ അമേരിക്കൻ ബന്ദികൾ ഉൾപ്പെടെ എല്ലാവരുടെയും മോചനം സാധ്യമാക്കുന്നതുമായി ബന്ധപ്പെട്ട് അമീറുമായി ചർച്ച നടത്തിയതായി വൈറ്റ് ഹൗസ് പ്രസ്താവനയിൽ അറിയിച്ചു.
അമേരിക്കൻ പ്രസിഡന്റുമായി നടന്ന ഫോൺ സംഭാഷണത്തിൽ ഗസ്സയിലെ സാഹചര്യങ്ങൾ ചർച്ച ചെയ്തതായി അമീരി ദിവാനും അറിയിച്ചു. സമാധാനം പുനഃസ്ഥാപിക്കുന്നതിനും സമ്പൂർണ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതിനുള്ള സംയുക്ത മധ്യസ്ഥ ശ്രമങ്ങളും ഇരുനേതാക്കള് ചര്‍ച്ച ചെയ്തു.
ഒക്ടോബർ ഏഴിന് ആരംഭിച്ച യുദ്ധത്തിനു പിറകെ ഖത്തറിന്റെ മധ്യസ്ഥതയിൽ നവംബർ അവസാനവാരത്തിൽ ഒരാഴ്ച വെടിനിർത്തൽ സാധ്യമായിരുന്നു. തുടർന്ന് വിദേശികൾ ഉൾപ്പെടെ നൂറോളം ബന്ദികളെയും മോചിപ്പിച്ചു.

