ഗസ്സ ചർച്ച: ഖത്തറിനെ അഭിനന്ദിച്ച് അമേരിക്ക
text_fieldsഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ
ദോഹ: ഗസ്സയിൽ സമാധാനം സ്ഥാപിക്കുന്നതിനുള്ള ഖത്തറിന്റെ ശ്രമങ്ങൾക്ക് നന്ദി പറഞ്ഞ് അമേരിക്ക. വെടി നിർത്തൽ, ബന്ദി മോചനവും സാധ്യമാകുന്ന കരാർ പ്രഖ്യാപനം അരികെയെന്ന വാർത്തകൾക്കിടയിലാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയെ ഫോണിൽ വിളിച്ച് നന്ദി അറിയിച്ചത്.
ഖത്തറിന്റെ മധ്യസ്ഥ ദൗത്യങ്ങളെയും സ്ഥാനമൊഴിയുന്ന അമേരിക്കൻ പ്രസിഡന്റ് അഭിനന്ദിച്ചു. തിങ്കളാഴ്ച രാത്രി നടന്ന ഫോൺ സംഭാഷണത്തിൽ ഇരു രാഷ്ട്രനേതാക്കളും ഗസ്സയിലെ സ്ഥിതിഗതികളും ചർച്ചയുടെ വിശദാംശങ്ങളും സംസാരിച്ചു. മധ്യസ്ഥ ശ്രമങ്ങളില്‍ ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് ആൽഥാനി നടത്തുന്ന ഇടപെടലുകളെയും ബൈഡന് പ്രശംസിച്ചു.
കഴിഞ്ഞ വർഷം മേയ് മാസത്തിൽ പ്രസിഡന്റ് ബൈഡൻ മുന്നോട്ടുവെച്ച്, യു.എൻ സുരക്ഷ കൗൺസിൽ അംഗീകരിച്ച വെടിനിർത്തലും ബന്ദിമോചനവും സംബന്ധിച്ച ധാരണകളെ കുറിച്ചും ചർച്ച നടത്തിയതായി ക്യു.എൻ.എ റിപ്പോർട്ട് ചെയ്തു.
വെടിനിർത്തൽ പ്രാബല്യത്തിൽവന്ന ശേഷം ബന്ദികളെ കുടുംബങ്ങളിലേക്ക് തിരികെയെത്തിക്കുക, ഗസ്സയിലേക്ക് സാധ്യമായ മാനുഷിക സഹായം എത്തിക്കുക എന്നിവ സംബന്ധിച്ച് അമീറും ബൈഡനും ആശയവിനിമയം നടത്തി. ചർച്ചകൾ അന്തിമഘട്ടത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ തങ്ങളുടെ സംഘം കൂടുതൽ ഏകോപനത്തോടെ തുടരേണ്ടതിന്റെ ആവശ്യകതയും വിവരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

