ഗസ്സ വെടിനിര്‍ത്തൽ; ചര്‍ച്ചകള്‍ തുടരുന്നതായി ഖത്തര്‍
text_fieldsമാജിദ് അൽ അൻസാരി
ദോഹ: ഗസ്സ വെടിനിര്‍ത്തലിനായി പരോക്ഷ ചര്‍ച്ചകള്‍ തുടരുന്നതായി ഖത്തര്‍ വിദേശകാര്യമന്ത്രാലയം. ദിവസവും ഇരുപക്ഷവുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. കരാറിലെത്തുമെന്നാണ് പ്രതീക്ഷയെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മാജിദ് അല്‍ അന്‍സാരി വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. അതേസമയം, മേഖലയെ അസ്ഥിരപ്പെടുത്തുന്ന ഇസ്രായേലിന്റെ നയങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര ഇടപെടല്‍ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മധ്യസ്ഥ രാജ്യങ്ങളായ ഇൗജിപ്ത്, അമേരിക്ക എന്നിവരുമായി ചേർന്ന് ഹമാസും ഇസ്രായേലും തമ്മിൽ ഒരു കരാറിൽ എത്തിക്കാനായുള്ള ശ്രമങ്ങൾ ദോഹയിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഞങ്ങൾ നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ഈ മാസം ആറിനാണ് ഗസ്സയില്‍ വെടിനിര്‍ത്തലും ബന്ദി മോചനവും ലക്ഷ്യമിട്ടുള്ള ചര്‍ച്ചകള്‍ക്ക് ദോഹയില്‍ തുടക്കമായത്.
എന്നാല്‍ ഖത്തര്‍ അടക്കമുള്ള മധ്യസ്ഥ രാജ്യങ്ങള്‍ക്ക് ഹമാസിനെയും ഇസ്രായേലിനെയും ഒരു മേശയ്ക്ക് ചുറ്റുമിരുത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. ചര്‍ച്ചകള്‍ നിലച്ചിട്ടില്ലെന്നും പരോക്ഷ ചര്‍ച്ചകള്‍ ദിവസവും തുടരുന്നതായും അദ്ദേഹം വ്യക്തമാക്കി. ചര്‍ച്ചകള്‍ യുദ്ധവിരാമത്തിലേക്ക് എത്തിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
അതേസമയം, മേഖലയെ അസ്ഥിരപ്പെടുത്തുന്ന ഇസ്രായേലിന്റെ വിവേകശൂന്യമായ ഇടപെടലുകളെ മാജിദ് അല്‍ അന്‍സാരി വിമര്‍ശിച്ചു. ഇക്കാര്യത്തില്‍ അന്താരാഷ്ട്ര ഇടപെടല്‍ വേണം. ഗസ്സയിലെ കൂട്ടക്കൊല മാത്രമല്ല, വെസ്റ്റ് ബാങ്കിലെ കൈയേറ്റങ്ങളും ലബനാനിലും സിറിയയിലും നടത്തുന്ന ആക്രമണങ്ങളും അവസാനിപ്പിക്കണമെന്നും മാജിദ് അല്‍ അന്‍സാരി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

