ഗസ്സയിൽ വെടിനിർത്തൽ കരാർ; ഖത്തർ പ്രധാനമന്ത്രി ഈജിപ്ത് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
text_fieldsദോഹ: ഗസ്സയിൽ ഇസ്രായേൽ ആക്രമണം രൂക്ഷമായി തുടരുന്നതിനിടെ വെടിനിർത്തൽ ലക്ഷ്യമിട്ട് ചർച്ച നടത്തി ഖത്തറും ഈജിപ്തും. ഇരുരാഷ്ട്രങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ഈജിപ്ഷ്യൻ തലസ്ഥാനമായ കെയ്റോയിലായിരുന്നു ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയും ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫതഹ് അൽ സിസിയും തമ്മിൽ കൂടിക്കാഴ്ച നടന്നത്.
ഗസ്സയിൽ വെടിനിർത്തൽ കരാറിനായുള്ള ശ്രമങ്ങൾ ശക്തമായി തുടരുമെന്ന് ഇരുവരും വ്യക്തമാക്കി. ഫലസ്തീനികളെ ഗസ്സയിൽനിന്ന് കുടിയൊഴിപ്പിക്കാനുള്ള ഇസ്രായേൽ പദ്ധതിയെ ഇരുനേതാക്കളും തള്ളി. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം മാത്രമാണ് ശാശ്വത സമാധാനത്തിനുള്ള ഏക മാർഗമെന്നും നേതാക്കൾ വ്യക്തമാക്കി.
ഈജിപ്ത് ജനറൽ ഇന്റലിജൻസ് സർവിസ് മേധാവി മേജർ ജനറൽ ഹസൻ റഷാദും ഖത്തർ സ്റ്റേറ്റ് സെക്യൂരിറ്റി മേധാവി ഖൽഫാൻ ബിൻ അലി ബിൻ ഖൽഫാൻ അൽ കഅബിയും ചർച്ചയിൽ പങ്കെടുത്തതായി അൽ സിസിയുടെ ഓഫിസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. ഇരു രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി സഹകരണവും കൂടിക്കാഴ്ചയിൽ ചർച്ചയായി.
കഴിഞ്ഞദിവസം ഇസ്രായേൽ പ്രധാനമന്ത്രി നടത്തിയ 'ഗ്രേറ്റർ ഇസ്രായേൽ' പ്രസ്താവനയെ ഖത്തറും ഈജിപ്തും അടക്കമുള്ള 31 അറബ്, ഇസ് ലാമിക രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും അറബ് ലീഗ്, ഒ.ഐ.സി, ജി.സി.സി എന്നിവയുടെ സെക്രട്ടറി ജനറൽമാർ ശക്തമായ ഭാഷയിൽ അപലപിച്ചിരുന്നു. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനവും അറബ് ദേശീയ സുരക്ഷക്കും രാജ്യങ്ങളുടെ പരമാധികാരത്തിനും മേഖലയിലെയും അന്തർദേശീയ സുരക്ഷക്കും സമാധാനത്തിനും ഭീഷണിയാണിതെന്നും അവർ പറഞ്ഞു.
വെടിനിർത്തലുമായി ബന്ധപ്പെട്ട് ഹമാസ് പ്രതിനിധി സംഘവും മധ്യസ്ഥരും തമ്മിൽ കെയ്റോയിൽ നിരന്തര കൂടിക്കാഴ്ചകൾ തുടരുന്നതായി അൽ ജസീറ റിപ്പോർട്ടു ചെയ്യുന്നു. ഖത്തർ, ഈജിപ്ത്, യു.എസ് രാഷ്ട്രങ്ങളുടെ മേൽനോട്ടത്തിലാണ് ഇസ്രായേലിനും ഹമാസിനുമിടയിലെ ചർച്ചകൾ പുരോഗമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

