ഗസ്സ വെടിനിർത്തൽ കരാർ; കൂട്ടായ ഉത്തരവാദിത്തമെന്ന് ഖത്തർ
text_fieldsയു.എന്നിൽ ഖത്തറിന്റെ സ്ഥിരംപ്രതിനിധി ശൈഖ ആലിയ
അഹമ്മദ് ബിൻ സെയ്ഫ് ആൽഥാനി സംസാരിക്കുന്നു
ദോഹ: ഗസ്സ വെടിനിർത്തലിന്റെ ആദ്യഘട്ട കരാർ വിജയകരമാക്കുന്നതിന് അന്താരാഷ്ട്ര സമൂഹത്തിന് കൂട്ടായ ഉത്തരവാദിത്തമുണ്ടെന്ന് ഖത്തർ. ന്യൂയോർക്കിലെ യു.എൻ ആസ്ഥാനത്ത് നടന്ന പശ്ചിമേഷ്യയിലെയും ഫലസ്തീൻ പ്രശ്നവും ഉൾപ്പെടെ സുരക്ഷാ കൗൺസിലിന്റെ ത്രൈമാസ ഓപൺ ഡിബേറ്റിൽ ഖത്തറിന്റെ സ്ഥിരംപ്രതിനിധി ശൈഖ ആലിയ അഹമ്മദ് ബിൻ സെയ്ഫ് ആൽഥാനിയാണ് നിലപാട് വ്യക്തമാക്കിയത്. മധ്യസ്ഥ രാഷ്ട്രം എന്നനിലയിൽ യുദ്ധം അവസാനിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും മുന്നിലുണ്ടാകുമെന്നും അവർ പറഞ്ഞു.
ഒക്ടോബർ 13ന് ശറമുശൈഖ് സമാധാന ഉച്ചകോടിയുടെ തുടർച്ചയായാണ് യോഗം നടക്കുന്നത്. ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാറിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസി, തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിപ് ഉർദുഗാൻ എന്നിവർ ഒപ്പുവെച്ചു.
രണ്ടു വർഷമായി ഖത്തറും ഈജിപ്തും അമേരിക്കയും മധ്യസ്ഥ ശ്രമങ്ങൾ നടത്തുന്നു. വെല്ലുവിളികളും തടസ്സങ്ങളും നേരിട്ടാണ് കരാർ യാഥാർഥ്യമായത്. ഫലസ്തീനികളുടെ ദുരിതത്തിന് അറുതി വേണമെന്നും കുടിയൊഴിപ്പിക്കപ്പെട്ടവർ തിരിച്ചുവരണമെന്നും അവർ പറഞ്ഞു.
ഫലസ്തീനിൽ ആവശ്യമായ സഹായമെത്തിക്കുന്നതിലും തടവുകാരുടെയും ബന്ദികളുടെയും മോചനം സാധ്യമാക്കുന്നതിലും മധ്യസ്ഥ കക്ഷികൾ വിജയിച്ചു. മധ്യസ്ഥത വഹിക്കുന്നതിലും സമാധാനം കെട്ടിപ്പടുക്കുന്നതിലും ഖത്തർ പ്രതിജ്ഞാബദ്ധമാണ്. നയതന്ത്ര മാർഗങ്ങളിലൂടെ സംഘർഷങ്ങൾ പരിഹരിക്കുന്നതിനും ഗസ്സയിലെ ജനങ്ങളുടെ ദുരിതങ്ങൾ ലഘൂകരിക്കുന്നതിനും കുടിയിറക്കപ്പെട്ടവരുടെ തിരിച്ചുവരവിന് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനും ഖത്തറിന് സമർപ്പിതമായ നേതൃത്വമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
പുനർനിർമാണങ്ങളുടെ ഭാഗമായി ഗസ്സ പുനർനിർമാണ സമിതി മാലിന്യം നീക്കം ചെയ്യലും റോഡ് നിർമാണവും ആരംഭിച്ചു. നാലര ലക്ഷത്തോളം ക്യാമ്പുകൾ സജ്ജമാക്കി. മാനുഷിക സഹായം എത്തിക്കുന്നതിനായി ഈജിപ്തും ജോർഡനും വഴി ലാൻഡ് ബ്രിഡ്ജും സ്ഥാപിച്ചു.
ദ്വിരാഷ്ട്രം വേണമെന്ന ന്യൂയോർക് പ്രഖ്യാപനത്തെ ഖത്തർ സ്വാഗതം ചെയ്യുന്നതായി അവർ ആവർത്തിച്ചു. യു.എൻ അംഗത്വം ന്യായമായ അവകാശമാണെന്നും അതു നേടിക്കൊടുക്കുകയും വേണം. അതേസമയം, അധിനിവേശ വെസ്റ്റ് ബാങ്കിന്മേൽ പരമാധികാരം അടിച്ചേൽപ്പിക്കാൻ ലക്ഷ്യമിട്ട് ഇസ്രായേൽ നെസറ്റ് പാസാക്കിയ നിയമം ഖത്തർ നിരാകരിക്കുന്നതായും
ഇത് അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാണെന്നും അവർ പറഞ്ഞു. ഇത് അന്താരാഷ്ട്ര നിയമത്തിനും നിയമാനുസൃതമായ പ്രമേയങ്ങൾക്കുമെതിരായ വെല്ലുവിളിയാണ്. അന്താരാഷ്ട്ര സമൂഹം പ്രത്യേകിച്ച്, സുരക്ഷാ കൗൺസിൽ നിയമപരവും ധാർമികവുമായ ഉത്തരവാദിത്തങ്ങൾ നിർവഹിക്കണം. അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലെ വിപുലീകരണ പദ്ധതികളും കുടിയേറ്റ നയങ്ങളും നിർത്താൻ ഇസ്രായേലിനെ നിർബന്ധിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഗ്രേറ്റർ ഇസ്രായേൽ എന്ന ലക്ഷ്യവുമായി ബന്ധപ്പെട്ട് ഇസ്രായേൽ നടത്തുന്ന പ്രസ്താവനകളെല്ലാം സംഘർഷം ശക്തിപ്പെടുത്തുകയേ ഉള്ളൂ എന്നും അവർ പറഞ്ഞു.
അതേസമയം, അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ പരമാധികാരം സ്ഥാപിക്കാനുള്ള ബില്ലിന് ഇസ്രായേൽ പാർലമെന്റിൽ അംഗീകാരം നൽകിയതിനെ ശക്തമായി അപലപിച്ച് ഖത്തർ അടക്കമുള്ള രാഷ്ട്രങ്ങൾ രംഗത്തുവന്നു. ജോർഡൻ, ഇന്തോനേഷ്യ, പാകിസ്താൻ, തുർക്കിയ, സൗദി അറേബ്യ, ഒമാൻ, ഗാംബിയ, ഫലസ്തീൻ, കുവൈത്ത്, ലിബിയ, മലേഷ്യ, ഈജിപ്ത്, നൈജീരിയ തുടങ്ങിയ അറബ് രാഷ്ട്രങ്ങളും അറബ് ലീഗ്, ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപറേഷൻ (ഒ.ഐ.സി.) സംഘടനകളും അപലപിച്ചു രംഗത്തുവന്നു.
ഇസ്രായേൽ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെയും കിഴക്കൻ ജറൂസലം ഉൾപ്പെടെ, 1967 മുതൽ ഫലസ്തീൻ പ്രദേശത്തിൽ ഇസ്രായേൽ നടപടികളെ അപലപിക്കുന്ന യു.എൻ സുരക്ഷാ കൗൺസിൽ പ്രമേയങ്ങളുടെയും ലംഘനമാണെന്നെന്ന് സംയുക്ത പ്രസ്താവനയിൽ അറബ് രാഷ്ട്രങ്ങൾ പറഞ്ഞു. അധിനിവിഷ്ട ഫലസ്തീൻ പ്രദേശത്തിന്റെ നിയമപരവും ചരിത്രപരവുമായ പദവി മാറ്റാൻ ലക്ഷ്യമിട്ടുള്ള എല്ലാ ഏകപക്ഷീയമായ നടപടികളെയും ശക്തമായി നിരാകരിക്കുന്നതായും അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

