ഗസ്സ: വെടിനിർത്തൽ നടപ്പാക്കുന്നതിൽ രക്ഷാസമിതി ഉത്തരവാദിത്തം നിറവേറ്റണമെന്ന് ഖത്തർ
text_fieldsയു.എന്നിലെ ഖത്തർ പ്രതിനിധി ശൈഖ അൽ യാ അഹമ്മദ് ബിൻത് സൈഫ് ആൽഥാനി
ദോഹ: ഗസ്സ വെടിനിർത്തൽ കരാറും തടവുകാരുടെ കൈമാറ്റവും പ്രതീക്ഷിക്കുന്ന ഫലം നൽകുന്നുവെന്ന് ഉറപ്പാക്കുന്നതിൽ രക്ഷാസമിതി ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് അഭ്യർഥിച്ച് ഖത്തർ. കരാറിനെ പിന്തുണക്കുകയും അത് പരിപൂർണമായി നടപ്പാക്കുന്നത് ഉറപ്പാക്കുകയും ചെയ്യുന്ന ഒരു അടിയന്തര പ്രമേയത്തിലൂടെ ഇത് സാധ്യമാകുമെന്നും ഖത്തർ അറിയിച്ചു.
ഫലസ്തീൻ ഉൾപ്പെടെ മിഡിലീസ്റ്റിലെ സാഹചര്യങ്ങൾ എന്ന വിഷയത്തിൽ ന്യൂയോർക്കിലെ യു.എൻ ആസ്ഥാനത്ത് നടന്ന രക്ഷാസമിതി ചർച്ചക്കിടെ ഖത്തർ സ്ഥിരം പ്രതിനിധി ശൈഖ അൽയാ അഹ്മദ് ബിൻത് സൈഫ് ആൽഥാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഗസ്സയിൽ 15 മാസം നീണ്ട സംഘർഷം അവസാനിപ്പിച്ചുകൊണ്ടുള്ള കരാർ ദോഹയിൽ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ യോഗം നടക്കുന്നതെന്നും ശൈഖ അൽയാ ആൽഥാനി ചൂണ്ടിക്കാട്ടി. സംഘർഷത്തിന്റെ തുടക്കം മുതൽ ഖത്തർ മധ്യസ്ഥ ശ്രമങ്ങളുമായി മുൻനിരയിൽ തന്നെയുണ്ടായിരുന്നു. അതിന്റെ ഫലമാണ് ഇരുകക്ഷികളും ഒപ്പുവെച്ച വെടിനിർത്തൽ കരാർ. ആദ്യഘട്ടം നടപ്പിലാക്കുമ്പോൾ തന്നെ രണ്ടാമത്തെയും മൂന്നാമത്തെയും ഘട്ടങ്ങളുടെ അന്തിമരൂപം തയാറാക്കും -അവർ കൂട്ടിച്ചേർത്തു.
കരാർ പ്രാബല്യത്തിൽ വന്നതോടെ ഗസ്സയിലേക്ക് മാനുഷിക സഹായമെത്തിക്കുന്നതിനും ഐക്യരാഷ്ട്രസഭയെ പിന്തുണക്കുന്നതിനുമുള്ള പ്രാദേശിക, അന്തർദേശീയ ശ്രമങ്ങൾക്കായി ഖത്തർ കാത്തിരിക്കുകയാണെന്നും, ദുരിതബാധിതരെ പിന്തുണക്കുന്നതിലും ദുരിതങ്ങൾ ലഘൂകരിക്കുന്നതിലും ഖത്തർ എല്ലാ പിന്തുണയും ഉറപ്പുനൽകുന്നെന്നും അവർ പറഞ്ഞു. മധ്യസ്ഥ ശ്രമങ്ങൾക്ക് പിന്തുണ നൽകിയ ഈജിപ്തിനും അമേരിക്കക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

