ഗസ്സ വെടിനിർത്തൽ; ഖത്തർ പ്രധാനമന്ത്രി ഹമാസ് നേതാക്കളുമായി ചർച്ച നടത്തി
text_fieldsഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി
ദോഹ: ഗസ്സയിലെ വെടിനിർത്തലും ബന്ദി കൈമാറ്റവുമായി ബന്ധപ്പെട്ട് മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി മുതിർന്ന ഹമാസ് നേതാക്കളുമായി ദോഹയിൽ ചർച്ച നടത്തി.
വെടിനിർത്തൽ ധാരണയിലെത്താൻ ഖത്തർ, ഈജിപ്ത്, അമേരിക്ക എന്നിവ സംയുക്തമായി ശ്രമം തുടരുകയാണ്. നേരത്തെ മധ്യസ്ഥർ മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദേശം ഹമാസ് അംഗീകരിച്ചെങ്കിലും ഇസ്രായേൽ തള്ളുകയായിരുന്നു. കഴിഞ്ഞ മാസം യു.എസ് പ്രസിഡന്റ് ജോ ബൈഡൻ മുന്നോട്ടുവെച്ച മൂന്നുഘട്ട വെടിനിർദേശങ്ങൾ മുൻനിർത്തിയാണ് ഇപ്പോൾ ചർച്ച നടക്കുന്നത്. നിർദേശങ്ങൾ ഇസ്രായേൽ അംഗീകരിക്കുമെന്ന് ബൈഡൻ പറയുന്നുണ്ടെങ്കിലും അംഗീകരിക്കുമെന്ന് ഇസ്രായേൽ ഇതുവരെ സൂചന നൽകിയിട്ടില്ല. വെടിനിർത്തൽ ധാരണക്ക് ഹമാസ് തടസ്സമാകുമെന്ന യു.എസിന്റെ ആരോപണം ഹമാസ് നേതാക്കൾ ആവർത്തിച്ച് തള്ളി. ഗസ്സയിൽനിന്ന് ഇസ്രായേൽ സൈന്യം പിന്മാറാൻ തയാറാകുകയാണെങ്കിൽ ബന്ദി കൈമാറ്റം സാധ്യമാകുമെന്ന് ഹമാസ് വ്യക്തമാക്കി. ഗസ്സ ഭരണകൂടത്തിന്റെ യുദ്ധാനന്തര പുനരുദ്ധാരണ പദ്ധതികൾ മാറ്റിവെക്കാൻ കഴിയില്ലെന്നും ഹമാസ് അറിയിച്ചു. വെടിനിർത്തലിനായി യു.എസ് ഇപ്പോഴും ശ്രമിക്കുകയാണെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ കഴിഞ്ഞ ദിവസവും ആവർത്തിച്ചു. നാറ്റോ മേധാവി ജെൻസ് സ്റ്റോലൻബെർഗുമായി ചേർന്ന് നടത്തിയ വാർത്തസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
അതിനിടയിലും ഇസ്രായേൽ ഗസ്സയിൽ ക്രൂരമായ ആക്രമണം തുടരുകയാണ്. 37,000ത്തിലധികം ഫലസ്തീനികളാണ് ഗസ്സയിൽ ഇസ്രായേലിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതിൽ കൂടുതലും കുട്ടികളും സ്ത്രീകളുമാണ്. കര, വ്യോമ ആക്രമണത്തിലൂടെ ഇസ്രായേൽ ഗസ്സയെ വാസയോഗ്യമല്ലാതാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

