ഗാന്ധി ജയന്തി ആഘോഷവും ഐ.സി.സി വെനസ്ഡേ ഫിയസ്റ്റ നൂറാം പതിപ്പും
text_fieldsഐ.സി.സി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ സംസാരിക്കുന്നു
ദോഹ: ഇന്ത്യയുടെ സമ്പന്നമായ കലാപാരമ്പര്യവും ആഘോഷ പരിപാടികളും ഉയർത്തിപ്പിടിച്ച് ഇന്ത്യൻ കൾച്ചറൽ സെന്ററിന്റെ (ഐ.സി.സി) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രതിവാര സാംസ്കാരിക പരിപാടിയായ 'വെഡ്നസ്ഡേ ഫിയസ്റ്റ' നൂറാം പതിപ്പ് വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിക്കുന്നു. ഐ.സി.സി അശോകാ ഹാളിൽ സെപ്റ്റംബർ 30ന് വൈകീട്ട് ഏഴുമണിക്ക് നടക്കുന്ന 'സ്പെഷ്യൽ വെഡ്നസ്ഡേ ഫിയസ്റ്റ'യിൽ പ്രശസ്ത ഗസൽ -ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പദ്മകുമാർ ഗസൽ സന്ധ്യ അവതരിപ്പിക്കും. ഐ.സി.സി അസോസിയേറ്റ് സംഘടനകളുടെ നേതൃത്വത്തിൽ വിവിധ സാംസ്കാരിക പരിപാടികളും വൈവിധ്യമാർന്ന കലാപ്രകടനങ്ങളും അരങ്ങേറും.
കൂടാതെ, മഹാത്മാഗാന്ധിയുടെ 157ാം ജന്മവാർഷികത്തോടനുബന്ധിച്ച്, ഖത്തറിലെ ഇന്ത്യൻ എംബസിയുമായി സഹകരിച്ച് വെള്ളിയാഴ്ച വൈകീട്ട് ഏഴു മുതൽ ഐ.സി.സി അശോകാ ഹാളിൽ ഗാന്ധി ജയന്തി ആഘോഷങ്ങളും സംഘടിപ്പിക്കും.
പരിപാടിയുടെ ഭാഗമായി ഖത്തറിലെ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്കായി ക്വിസ്, സ്കെച്ച് & പെയിന്റിങ് മത്സരവും ഒരുക്കിയിട്ടുണ്ട്. ഗ്രേഡ് എട്ടു മുതൽ 12 വരെയുള്ള വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ക്വിസ് മത്സരം വൈകീട്ട് അഞ്ചിന് ഐ.സി.സി അശോകാ ഹാളിൽ നടക്കും. ഓരോ സ്കൂളിൽ നിന്നും രണ്ടുപേരടങ്ങുന്ന മൂന്ന് ടീമുകൾക്ക് പങ്കെടുക്കാം. സ്കൂളുകൾ വഴിയാണ് രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടത്. ഗ്രേഡ് 8-12 വിദ്യാർഥികൾക്കായി സ്കെച്ച് ആൻഡ് പെയിന്റിങ് മത്സരവും ഗ്രേഡ് 5-7 വിദ്യാർഥികൾക്കായി പെയിന്റിങ് മത്സരം രാവിലെ ഒമ്പതിനും നടക്കും. സെപ്റ്റംബർ 30 വൈകീട്ട് ഏഴു വരെ ഐ.സി.സി മൊബൈൽ ആപ്പ് (ICC Mobile App) വഴി രജിസ്റ്റർ ചെയ്യാം. ഇന്ത്യൻ പ്രവാസികളെയും വിദ്യാർഥികളുടെയും പരിപാടികളിലേക്ക് ക്ഷണിക്കുന്നതായി ഐ.സി.സി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഐ.സി.സി അശോക ഹാളിൽ നടന്ന വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് എ.പി. മണികണ്ഠൻ, ജനറൽ സെക്രട്ടറി എബ്രഹാം ജോസഫ്, ഉപദേശക സമിതി ചെയർമാൻ പി.എൻ. ബാബുരാജൻ, വൈസ് പ്രസിഡന്റ് ശാന്തനു ദേശ്പാണ്ഡെ, കൾച്ചറൽ സെക്രട്ടറി നന്ദിനി അബ്ബഗൗണി, ഹെഡ് ഓഫ് അഫിലിയേഷൻ രവീന്ദ്രപ്രസാദ്, ഹെഡ് ഓഫ് എച്ച്.ആർ. രാഗേഷ് വാഗ്, ഹെഡ് ഓഫ് എക്സ്റ്റേണൽ ആക്റ്റീവിറ്റിസ് പൂർവി ഷ്റോഫ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

