കടലോളങ്ങളിലെ സാഹസികതയുമായി ഫുവൈരിത്ത് കാത്തിരിക്കുന്നു
text_fields1 ഫുവൈരിത് കൈറ്റ് ബീച്ചിലെ നീന്തൽക്കുളം 2.ഫുവൈരിത്തിലെ കൈറ്റ് സർഫിങ്ങിൽനിന്ന്
ദോഹ: ലോകകപ്പിന്റെ കളിയാവേശത്തിലേക്ക് ഒഴുകിയെത്തുന്ന ദശലക്ഷം കാണികൾക്ക് ദോഹയിലെ തിരക്കിൽനിന്നും അങ്ങകലെ മറ്റൊരു വേറിട്ട വിനോദ കേന്ദ്രം ഒരുങ്ങുന്നു. ഹമദ് വിമാത്താവളത്തിൽനിന്നും അൽ ഷമാൽ റോഡുവഴി സഞ്ചരിച്ചാൽ അൽ ഖോറും കഴിഞ്ഞ് ഐൻ സിനാനിൽനിന്നും ഏതാനും കിലോമീറ്റർ അകലെ. ദോഹയിൽനിന്നും 95 കിലോമീറ്ററോളം ദൂരെ ഫുവൈരിത് ബീച്ചാണ് കടലോര കായിക വിനോദങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് വിസ്മയകരമായ അനുഭവമരുക്കി കാത്തിരിക്കുന്നത്.
കണ്ണാടിച്ചില്ലുപോലെ തിളങ്ങുന്ന കടലാണ് ഫുവൈരിതിന്റെ ഏറ്റവും വലിയ ആകർഷണം. തീരത്തു നിന്നും അധികം അകലെയല്ലാതെ ചെറു ദ്വീപും സഞ്ചാരികൾക്ക് പ്രിയമാവുന്നു. നേരത്തെ അവധിദിന ഉല്ലാസത്തിന്റെ പ്രധാന കേന്ദ്രമായിരുന്ന ഫുവൈരിത് ഇപ്പോൾ രാജ്യാന്തര പ്രശസ്തമായൊരു 'കൈറ്റ് സർഫിങ് ടൂറിസം' കേന്ദ്രമായാണ് തുറക്കാൻ ഒരുങ്ങുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ലോകകപ്പുകൂടി മുന്നിൽക്കണ്ട് ഒരുങ്ങിയ ഫുവൈരിത് ബീച്ച് ഒക്ടോബറിൽ തുറക്കാൻ ഒരുങ്ങുകയാണ്.
കടലോളങ്ങളിൽ തെന്നി പട്ടംപറത്താം
ശക്തമായ കാറ്റും തിരയില്ലാത്ത കടലും നീണ്ടു കിടക്കുന്ന ലഗൂണും ബീച്ചുമാണ് ഫുവൈരിതിന്റെ പ്രത്യേകത. ഇതുതന്നെയാണ് പട്ടം പറത്തലുകാരുടെ പുതിയ താവളമായി ഫുവൈരിത്തിനെ മാറ്റാനും വഴിയൊരുക്കിയത്. എന്നാൽ, സാധാരണ പട്ടം പറത്തലിനുള്ള ഇടമല്ല ഫുവൈരിത്. പാഡിൽ ബോർഡിൽ കലുകൾ ഉറപ്പിച്ച്, ചെറുതിരകൾക്കൊപ്പം കടലിൽ തെന്നിനീങ്ങിക്കൊണ്ട്, കൂറ്റൻ പട്ടം നിയന്ത്രിക്കുന്ന സാഹസികതയും കൈക്കരുത്തും ആവശ്യമായ കായിക വിനോദം.
പരിചയസമ്പന്നർക്കും പ്രഫഷനലുകൾക്കും മാത്രമല്ല, കടൽ വിനോദങ്ങളിൽ താൽപര്യമുള്ള ആർക്കും ഫുവൈരിത്തിലെത്തി കൈറ്റ് സർഫിങ്ങിന്റെ ആവേശം നുകരാവുന്നതാണ്. കൈറ്റ് സർഫിങ് അറിയാനും പഠിക്കാനും ആഗ്രഹിക്കുന്ന മുതിർന്നവർക്കും കുട്ടികൾക്കും സൗകര്യമുണ്ട്. പരിചയ സമ്പന്നരായ ഇൻസ്ട്രക്ടർമാരുടെ സേവനവും സർഫിങ്ങിനും മറ്റും ആവശ്യമായ ഉപകരണങ്ങളും ഇവിടെ ലഭ്യമാണ്. എട്ടിനും പത്തിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കും പരിശീലനം നൽകും.
വിനോദങ്ങളുടെ ഇടം
കടൽത്തീരം മാത്രമല്ല, അതിവിശാലമായ റിസോർട്ടുകളും നീന്തൽക്കുളവും ഫോർ സ്റ്റാർ റേറ്റിങ്ങുള്ള നക്ഷത്ര ഹോട്ടലും അടങ്ങിയതാണ് ഫുവൈരിതിലെ കൈറ്റ് ബീച്ച് റിസോർട്ട്. ഖത്തർ ടൂറിസത്തിന്റെയും ഖത്തർ എയർവേസിന്റെയും ഡിസ്കർ ഖത്തറിന്റെയും പിന്തുണയിലുള്ള റിസോർട്ടിന്റെ നടത്തിപ്പ് ഹിൽട്ടൻ ഗ്രൂപ്പിനാണ്. അത്യാഡംബരത്തോടെയാണ് സന്ദർശകരെ വരവേൽക്കുന്നത്. വിന്റേജ് വാഹനങ്ങൾകൊണ്ട് അലങ്കരിച്ച റിസപ്ഷനും ഡൈനിങ് ഏരിയയും മറ്റുമായാണ് സന്ദർശകരെ വരവേൽക്കുന്നത്. ഗ്രൂവി കാറുകള്‍, ഫ്ലെമിംഗോകളുടെ പ്രതിമകള്‍, സ്കൂട്ടര്‍, സൈക്കിളുകള്‍ എന്നിവയെല്ലാം അലങ്കാരത്തിന്റെ ഭാഗമാണ്.
അതിഥികള്‍ക്ക് വിശ്രമിക്കാന്‍ 'ഹാങ് ലൂസ്' ഏരിയ ഇതിനോട് ചേര്‍ന്നാണ്. ഗെസ്റ്റ് ഹൗസ്, ഫിറ്റ്നസ് സെന്റര്‍, ബീച്ച് വോളിബാള്‍, ബീച്ച് ഫുട്ബാള്‍, യോഗ കേന്ദ്രം എന്നിവയുമുണ്ട്. ഔട്ട്ഡോര്‍ സിനിമ ഉടന്‍ തുറക്കുമെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. ചുമരുകളില്‍ ചുറ്റും ഗ്രാഫിറ്റി ആര്‍ട്ട് സൗന്ദര്യം നല്കുന്നു. 50 മുറികളാണ് ഫുവൈരിത് ബീച്ച് റിസോര്‍ട്ടിലുള്ളത്. ഇതില്‍ നാല്പതോളം മുറികള്‍ കടല്‍ത്തീരത്തിന് അഭിമുഖമായുള്ളതാണ്.
32 മുറികളില്‍ കിങ് സൈസ് കിടക്കകളും എട്ടെണ്ണം ഇരട്ട മുറികളുമാണ്. പത്തുമുറികള്‍ കൈറ്റ് സര്ഫിങ്ങിലേര്പ്പെടുന്നവര്ക്കായുള്ള സൗകര്യത്തോടെ സജ്ജീകരിച്ചവയാണ്.
റിസപ്ഷന് ഏരിയക്ക് അടുത്തായി കടലിന് അഭിമുഖമായ നീന്തല്‍ക്കുളവുമുണ്ട്. നീന്തൽ കുളത്തോടുചേർന്ന് സീസൈഡ് ചെയറുകൾ പല വർണങ്ങളിലായി സജ്ജീകരിച്ചിരിക്കുന്നു. ശൈത്യകാലത്ത് സൺ ബാത്തും ഒപ്പം വിനോദ കാഴ്ചകളുമായി ദോഹയുടെ നഗരത്തിരക്കിൽനിന്നും മാറിയാണ് തയാറാക്കിയിരിക്കുന്നത്.
മിഡിൽ ഈസ്റ്റിലെ കൈറ്റ് സർഫിങ് കേന്ദ്രം
ഒക്ടോബറിൽ സന്ദർശകർക്കായി തുറന്നുനൽകുന്ന ഫുവൈരിത് ബീച്ച് കൈറ്റ് സർഫിങ് കേന്ദ്രം വൈകാതെ ലോകത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി മാറും. ലോകകപ്പിനെത്തുന്ന കാണികൾക്കായി വൈവിധ്യമാർന്ന പാക്കേജുകളും ഒരുക്കുന്നുണ്ട്. ഇതിനു പുറമെയാണ് കൈറ്റ് സർഫിങ് താരങ്ങളുടെ ഇഷ്ടകേന്ദ്രങ്ങളുടെ പട്ടികയിലും ഫുവൈരിത് അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നത്.
ജി.കെ.എ വേൾഡ് ടൂർ സീസണിന്റെ അവസാനമായി ജനുവരിയിൽ നടക്കുന്ന മത്സരത്തിന് ഫുവൈരിത് വേദിയാവും. ഫോർമുല വൺ ചാമ്പ്യൻഷിപ്, ലോകകപ്പ് ഫുട്ബാൾ എന്നിവക്കുപിന്നാലെ ലോകോത്തരമായ മറ്റൊരു ചാമ്പ്യൻഷിപ് കൂടി ഫുവൈരിത്തിലൂടെ ഖത്തറിൽ എത്തുകയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

