ഈ മാലാഖയൊന്ന് ചിരിക്കാൻ, ഒരു കോടി പുണ്യം വേണം
text_fieldsമൽഖ റൗഹി
ദോഹ: നാലു മാസം മാത്രമാണ് പാലക്കാട്ടുകാരായ റിസാൽ-നിഹാല ദമ്പതികളുടെ കുഞ്ഞുമാലാഖയുടെ പ്രായം. കഴിഞ്ഞ നവംബറിലാണ് ഖത്തർ പ്രവാസികളായ ഈ കുടുംബത്തിലേക്ക് കളിചിരിയുമായി അവളെത്തിയത്. ഒരു മാലാഖയെ പോലെയെത്തിയ അവളുടെ പുഞ്ചിരി പക്ഷേ, രണ്ടുമാസത്തിനപ്പുറം പ്രവാസത്തിലെ ആ വീട്ടുമുറിയിൽ കണ്ണീരായി മാറി. കുഞ്ഞു മൽഖ റൗഹിയുടെ കളിയും ചിരിയും നിലനിർത്താൻ ഇന്ന് ലോകമെങ്ങമുള്ള മനുഷ്യസ്നേഹികളുടെ കാരുണ്യം കാത്തിരിക്കുകയാണ് ഈ കുടുംബം. അവളുടെ ഒമാനത്തം തുളുമ്പുന്ന മുഖം ഓരോ പ്രവാസിയുടെയും നോവായി മാറുന്നു.
പിറന്നുവീണ് രണ്ടാം മാസം സ്പൈനൽ മസ്കുലാർ അട്രോഫി (എസ്.എം.എ) ബാധ തിരിച്ചറിഞ്ഞ കുഞ്ഞിന് അടിയന്തര ചികിത്സക്കായി വിലയേറിയ മരുന്നെത്തിക്കാനുള്ള പരിശ്രമം ഏറ്റെടുത്തിരിക്കുകയാണ് ഖത്തർ ചാരിറ്റിയും മലയാളികൾ ഉൾപ്പെടെ പ്രവാസി സമൂഹവും. ലോകത്തു തന്നെ ഏറ്റവും വിലയേറിയ മരുന്നാണ് എസ്.എം.എയുടെ പ്രതിവിധി. 1.16 കോടി റിയാൽ (26 കോടി രൂപ) വിലയുള്ള ‘സോൾജെൻസ്മ’ എന്ന ജീൻ തെറപ്പി മരുന്നെത്തിച്ച്, ഏറ്റവും വേഗത്തിൽ ചികിത്സ നൽകിയാൽ മാത്രമെ കുഞ്ഞു മൽഖ രോഗത്തെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരികെയെത്തൂ. ഈ ഘട്ടത്തിലാണ് രാജ്യത്തെ ഏറ്റവും വലിയ ജീവകാരുണ്യ വിഭാഗമായ ഖത്തർചാരിറ്റി തങ്ങളുടെ ധനശേഖരണ പട്ടികയിൽ മൽഖയുടെ ചികിത്സയും ഉൾപ്പെടുത്തി കഴിഞ്ഞ ദിവസം കാമ്പയിൻ ആരംഭിച്ചത്.
പാലക്കാട് മേപറമ്പ് സ്വദേശിയായ റിസാലിനും, പൊഡാർ സ്കൂളിലെ കിൻറർഗാർട്ടൻ അധ്യാപികയായിരുന്ന നിഹാലയുടെയും ആദ്യ കൺമണിയായി കഴിഞ്ഞ നവംബർ 27നായിരുന്നു ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിൽ മൽഖ റൗഹിയുടെ ജനനം. കളിയും ചിരിയുമായി കുടുംബത്തിന്റെ വെളിച്ചമായി നിറഞ്ഞു നിന്ന മൽഖയെ രണ്ടാം മാസത്തിൽ പോളിയോ കുത്തിവെപ്പിനായി ആശുപത്രിയിലെത്തിച്ചപ്പോൾ ശരീരചലനത്തിൽ അസ്വാഭാവികത തോന്നിയ ഡോക്ടറാണ് ആദ്യം എസ്.എം.എയുടെ സംശയം ഉന്നയിച്ചത്. പിന്നീട്, കുട്ടികളുടെ ആശുപത്രിയായ അൽ സിദ്രയിലേക്ക് മാറ്റുകയും വിദഗ്ധ പരിശോധനയിലൂടെ എസ്.എം.എ സ്ഥിരീകരിക്കുകയുമായിരുന്നു.
സ്വകാര്യ സ്ഥാപനത്തിൽ പ്രോജക്ട് എൻജിനീയറായ റിസാലിനും മാതാവിനും ഇടിത്തീപോലെയായി ആ റിപ്പോർട്ട്. വാർത്തകളിൽ മാത്രം അറിഞ്ഞ അപൂർവ രോഗം തങ്ങളുടെ പടികടന്നെത്തിയ യാഥാർഥ്യം ഉൾക്കൊണ്ടെങ്കിലും ചികിത്സക്കാവശ്യമായ മരുന്നും അതിന്റെ വിലയും അവരുടെ സ്വപ്നങ്ങൾക്കും അപ്പുറമായിരുന്നു. കുഞ്ഞിന്റെ പ്രായവും ശാരീരിക അസ്വസ്ഥതകളും നാട്ടിലേക്കുള്ള യാത്ര അസാധ്യമാക്കി. മാതാവ് നിഹാല ജോലി ഉപേക്ഷിച്ച് മുഴുസമയ പരിചരണത്തിലായി. തുടർന്ന് ഫണ്ട് ശേഖരണത്തിനായി ഖത്തർ ചാരിറ്റിയെ സിദ്ര ആശുപത്രി വഴി സമീപിച്ചു തുടർന്ന് ക്രൗഡ് ഫണ്ടിങ്ങിലേക്ക് മൽഖയുടെ ചികിത്സയും അവർ ഉൾപ്പെടുത്തുകയും ധനശേഖരണം ആരംഭിക്കുകയും ചെയ്തു. (േകാഡ്: 206863)
1.16 കോടി റിയാലാണ് ആവശ്യം. അത് എത്രയും വേഗം കണ്ടെത്തിയാലേ വിദേശത്തുനിന്ന് ലഭ്യമാക്കേണ്ട മരുന്നിനായി ബുക്ക് ചെയ്യാൻ കഴിയൂ. പണമടച്ചാലും മരുന്നെത്തിക്കാൻ നാലഞ്ച് ആഴ്ച സമയമെടുക്കും. ഏറ്റവും വേഗത്തിൽ മരുന്ന് കുഞ്ഞിന് നൽകിയാൽ രോഗം നേരത്തേ ഭേദമാക്കുകയും ആരോഗ്യംവീണ്ടെടുത്ത് സാധാരണ കുട്ടികളെ പോലെ വളരാൻ കഴിയുമെന്നുമുള്ള പ്രതീക്ഷയാണ് ഡോക്ടർമാർ പങ്കുവെക്കുന്നത്. ഖത്തറിലെയും മറ്റു ഗൾഫ് രാജ്യങ്ങളിലെയും ഇന്ത്യയിലെയും സുമനസ്സുകളുടെ സഹായത്തിലാണ് പ്രതീക്ഷയെന്ന് കുടുംബം പറയുന്നു. ഖത്തർ ചാരിറ്റി വെബ്സൈറ്റ് വഴി പൊതുജനങ്ങൾക്ക് ധനശേഖരണത്തിൽ പങ്കുചേരാവുന്നതാണ്.
ക്യൂ.ആർ കോഡ് സ്കാൻ ചെയ്ത് ഖത്തർ ചാരിറ്റി വഴി ചികിത്സാ സഹായത്തിൽ പങ്കാളിയാകാം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

