കളിയും ചിരിയും ഒത്തിരി സന്തോഷങ്ങളും
text_fieldsവിദ്യാഭ്യാസ -ഉന്നത വിദ്യാഭ്യാസ മന്ത്രി ലുൽവ ബിൻത് റാഷിദ് അൽ ഖാതിർ സ്കൂളുകൾ പുനരാരംഭിക്കുന്നതിനോടനുബന്ധിച്ച് സന്ദർശനം നടത്തിയപ്പോൾ
ദോഹ: ക്ലാസ് മുറികളിലെത്തി വിദ്യാർഥികളുമായി സന്തോഷങ്ങളും വിശേഷങ്ങളും പങ്കുവെച്ച് വിദ്യാഭ്യാസ മന്ത്രി ലുൽവ ബിൻത് റാഷിദ് അൽ ഖാതിർ. സംഘർഷക്കാലത്തെ ഇടവേളക്കുശേഷം രാജ്യത്തെ സ്കൂളുകൾ ഞായറാഴ്ച മുതൽ വീണ്ടും സജീവമായതോടെയാണ് സന്തോഷനിമിഷങ്ങൾക്ക് മാറ്റുകൂട്ടി വിദ്യാഭ്യാസ -ഉന്നത വിദ്യാഭ്യാസ മന്ത്രി ലുൽവ ബിൻത് റാഷിദ് അൽ ഖാതിർ വിവിധ സ്കൂളുകളിൽ സന്ദർശനം നടത്തിയത്.
ക്ലാസ് മുറികളിലെത്തി വിദ്യാർഥികളുമായി വിശേഷങ്ങൾ പങ്കുവെച്ച മന്ത്രി സ്കൂളുകളിൽ തിരിച്ചെത്തിയതിലുള്ള അഭിപ്രായങ്ങളും ചോദിച്ചറിഞ്ഞു, 'ഓൺലൈനാണോ സ്കൂളിൽ വരുന്നതാണോ' ഇഷ്ടമെന്ന ചോദ്യത്തിന് കുട്ടികൾ ഒരേ സ്വരത്തിൽ 'സ്കൂൾ' എന്ന് മറുപടിയും നൽകി. ഔദ്യോഗിക പദവികൾക്കപ്പുറം, ഒരു അമ്മയുടെയും അധ്യാപികയുടെയും വാത്സല്യത്തോടെ കുട്ടികളുമായി ഇടപഴകിയ മന്ത്രി ലുൽവ ബിൻത് റാഷിദ് അൽ ഖാതിർ, ഓരോ കുട്ടിക്കും ആത്മവിശ്വാസം പകർന്നുനൽകി.
സർക്കാർ സ്കൂളുകൾക്കു പുറമേ സ്പെഷ്യൽ സ്കൂളുകളിലും മന്ത്രി സന്ദർശനം നടത്തി.കളിയും ചിരിയുമായി ഭിന്നശേഷിക്കാരായ വിദ്യാർഥികളോടൊപ്പം സമയം ചിലവഴിക്കുകയും വിദ്യാർഥികളെ ചേർത്തുപിടിക്കുകയും ചെയതു. ആ ദൃശ്യങ്ങൾ അവർ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചു. വിദ്യാഭ്യാസം എന്നത് കേവലം അറിവ് പകർന്നു നൽകുക മാത്രമല്ല എന്നും, അത് സ്നേഹത്തോടെയും കരുതലോടെയുമുള്ള ചേർത്തുപിടിക്കൽ കൂടിയാണെന്ന് ആ ദൃശ്യങ്ങൾ ഓർമിപ്പിക്കുന്നു. എല്ലാ വിഭാഗം വിദ്യാർഥികൾക്കും തുല്യമായ പരിഗണനയും സ്നേഹവും ഉറപ്പാക്കുക എന്ന വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നയമാണ് സന്ദർശനത്തിലൂടെ വ്യക്തമാകുന്നത്.
ഓൺലൈനിൽ നിന്ന് മാറി സ്കൂളുകളിലേക്ക് നേരിട്ടെത്തിയുള്ള പഠനം പുനരാരംഭിച്ച പശ്ചാത്തലത്തിലാണ് മന്ത്രി വിദ്യാലയങ്ങൾ സന്ദർശിച്ചത്. വിവിധ സർക്കാർ, സ്വകാര്യ സ്കൂളുകൾ സന്ദർശിച്ച മന്ത്രി, അധ്യായനം സുഗമമായി നടക്കുന്നുണ്ടെന്ന് നേരിട്ട് വിലയിരുത്തി. പ്രതിസന്ധികൾക്കിടയിലും വിദ്യാഭ്യാസം തടസ്സപ്പെടാതെ മുന്നോട്ട് കൊണ്ടുപോകുമെന്ന് അവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

