ഇന്ധനവില: പ്രീമിയത്തിന് മാറ്റമില്ല; സൂപ്പറിനും ഡീസലിനും കൂടും
text_fieldsദോഹ: ഇടവേളക്കുശേഷം ഖത്തറിൽ ഇന്ധനവിലയിൽ നേരിയ വർധന. ഖത്തർ എനർജി ഞായറാഴ്ച പുറത്തുവിട്ട നവംബർ മാസത്തെ പുതിയ വിലവിവരങ്ങൾ പ്രകാരം പ്രീമിയം ഗ്രേഡ് പെട്രോളിന് ഒക്ടോബറിലെ അതേ വില തുടരും. എന്നാൽ, സൂപ്പര്‍ ഗ്രേഡ് പെട്രോളിനും ഡീസലിനും വർധിച്ചു. പ്രീമിയം ഗ്രേഡ് പെട്രോൾ ലിറ്ററിന് രണ്ടു റിയാലാണ് വില. തുടർച്ചയായ മൂന്നാമത്തെ മാസവും പ്രീമിയത്തിന് വിലയിൽ മാറ്റമില്ല. ആഗസ്റ്റിൽ 2.05 റിയാലായിരുന്നു വിലയെങ്കിൽ സെപ്റ്റംബറിൽ അഞ്ചു ദിർഹം കുറഞ്ഞ് രണ്ടിലെത്തുകയായിരുന്നു. സൂപ്പര്‍ ഗ്രേഡ് പെട്രോളിന് അഞ്ചു ദിർഹം വർധിച്ച് ലിറ്ററിന് 2.10 റിയാലായി മാറി. കഴിഞ്ഞ രണ്ടു മാസങ്ങളിൽ 2.05 റിയാലായിരുന്നു സൂപ്പർ ഗ്രേഡ് പെട്രോളിെൻറ വില. നവംബറില്‍ ഡീസല്‍ ലിറ്ററിന് 2.05 റിയാലിനായിരിക്കും വിൽപന നടത്തുക. കഴിഞ്ഞമാസം ലിറ്ററിന് 1.95 റിയാലായിരുന്നു വില. പത്ത് ദിർഹമാണ് ഡീസലിന് വർധിച്ചത്. കഴിഞ്ഞ നവംബറിൽ പ്രീമിയം ഗ്രേഡിന് 1.20 റിയാലും സൂപ്പർ ഗ്രേഡിന് 1.25 റിയാലും ഡീസലിന് 1.10 റിയാലുമായിരുന്നു വില.

