ഉയരക്കാരൻ ഹാരി മുതൽ ഗോൾവേട്ടക്കാരൻ ഛേത്രി വരെ
text_fieldsആസ്ട്രേലിയയുടെ ഉയരമേറിയ താരം ഹാരി സൗത്തർ ലോകകപ്പിൽ
അർജന്റീനക്കെതിരായ മത്സരത്തിനിടെ
ദോഹ: 18ാമത് എ.എഫ്.സി ഏഷ്യൻ കപ്പ് കിക്കോഫ് വിസിൽ മുഴക്കത്തിന് മണിക്കൂറുകളുടെ മാത്രം കാത്തിരിപ്പ്. പങ്കെടുക്കുന്ന ടീമുകളും കളിക്കാരുമായും ബന്ധപ്പെട്ട ചില കണക്കുകളിലേക്കും റെക്കോഡുകളിലേക്കും ഒരു എത്തിനോട്ടം.
ഹസൻ അൽ ഹൈദൂസ്
ഒരു ടീമിന് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ബൂട്ട് കെട്ടിയ ഏഷ്യൻ കപ്പിലെ താരമെന്ന റെക്കോഡ് ഖത്തർ താരം ഹസൻ അൽ ഹൈദൂസിന് സ്വന്തം. 175 മത്സരങ്ങളിലാണ് അന്നാബികൾക്കായി കളത്തിലിറങ്ങിയിരിക്കുന്നത്. അൽ ഹൈദൂസിന്റെ നാലാമത് ഏഷ്യൻ കപ്പ് കൂടിയാണിത്. 2011, 2015 ടൂർണമെന്റുകളിൽ ഖത്തറിനായി കളത്തിലിറങ്ങുകയും 2019ൽ നായകനായി ഖത്തറിന് കന്നിക്കിരീടം നേടിക്കൊടുക്കുകയും ചെയ്തു. ഹൈദൂസിന് പിറകിൽ ഇന്ത്യയുടെ എവർഗ്രീൻ താരം സുനിൽ ഛേത്രിയാണ്, 145 മത്സരങ്ങൾ. ഇറാൻ താരം ഇഹ്സാൻ ഹാജിസഫി 132 മത്സരങ്ങൾ കളിച്ചു മൂന്നാമതാണ്.
‘വയസ്സന്മാർ’
624 താരങ്ങൾ ഖത്തർ 2023ന് വേണ്ടി രജിസ്റ്റർ ചെയ്തപ്പോൾ തായ്ലൻഡിനുവേണ്ടി ഗോൾവല കാക്കുന്ന സിവാരക് ടെഡ്സങ്നൺ ആണ് ഏറ്റവും പ്രായം കൂടിയ താരം. 1984 ഏപ്രിൽ 20ന് ജനിച്ച് 40ലേക്ക് കാലെടുത്ത് വെക്കുന്ന താരം ബുരിറാം യുനൈറ്റഡിന് വേണ്ടിയും വല കാക്കുന്നുണ്ട്. ഇന്ത്യയുടെ ഛേത്രിയാണ് തൊട്ടു പിറകെ. ബഹ്റൈന്റെ സായിദ് ജാഫർ 38 വയസ്സുമായി മൂന്നാമതുണ്ട്.
പിള്ളേരുമുണ്ട് ഏഷ്യൻ കപ്പിന്
ഭാവി വാഗ്ദാനങ്ങളായ ഒരു പിടി യുവതാരങ്ങളാണ് ഇത്തവണ ഏഷ്യൻ കപ്പിനായി ഖത്തറിലെത്തുന്നത്. കിർഗിസ്താന്റെ 18 വയസ്സും ആറ് മാസവും പ്രായമുള്ള ബെക്നാസ് അൽമാസ്ബെകോവ് ആണ് ടൂർണമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ താരം. 18 വയസ്സും 10 മാസവും പ്രായമുള്ള മുൻതസിർ മാജിദാണ് രണ്ടാമത്. 2004 സെപ്റ്റംബർ ഒമ്പതിന് ജനിച്ച ഇന്തോനേഷ്യയുടെ മാർസലിനോ ഫെർഡിനനാണ് പ്രായം കുറഞ്ഞ മൂന്നാമത്തെ താരം.
ഒരു ക്ലബിൽ നിന്നും 15 താരങ്ങൾ
ഏഷ്യൻ കപ്പിനുള്ള അന്തിമ സ്ക്വാഡുകൾ പ്രഖ്യാപിച്ചപ്പോൾ മലേഷ്യൻ ക്ലബ് ഫുട്ബാളിലെ അതികായരായ ജോഹോർ ദാറുൽ തഅ്സീം ക്ലബിൽ നിന്നും ഏഷ്യൻ കപ്പിനെത്തുന്നത് 15 താരങ്ങളാണ്. ഇതിൽ 13 താരങ്ങൾ മലേഷ്യക്കായി ബൂട്ട് കെട്ടുമ്പോൾ ഒരാൾ ഇന്തോനേഷ്യക്ക് വേണ്ടിയും മറ്റൊരാൾ സിറിയക്ക് വേണ്ടിയും ബൂട്ട് കെട്ടും. 10 താരങ്ങളുമായി മൂന്ന് ക്ലബുകളാണുള്ളത്. ലബനാൻ, ജോർഡൻ, സിറിയ ടീമുകൾക്കായി അൽ അഹ്ദിൽ നിന്ന് താരങ്ങൾ ഖത്തർ 2023ൽ കളത്തിലിറങ്ങും. അൽ സദ്ദ്, എഫ്.സി ഇസ്തിഖ്ലോൽ എന്നിവയിൽ നിന്നുള്ള 10 താരങ്ങളും ഖത്തറിനും തജികിസ്താനും വേണ്ടിയാണ് ബൂട്ട് കെട്ടുക.
ഉയരത്തിൽ ഹാരി സൗതർ
ആസ്ട്രേലിയയുടെ ഹാരി സൗതറാണ് ഖത്തർ 2023ലെ ഏറ്റവും ഉയരം കൂടിയ താരം. രണ്ട് മീറ്ററാണ് ഉയരം. ആസ്ട്രേലിയക്കുവേണ്ടി പ്രതിരോധത്തിൽ കളിക്കുന്ന താരത്തെ മറികടക്കാൻ എതിരാളികൾ അൽപ്പം വിയർക്കും. ഖത്തറിന്റെ ഹുമാം അഹ്മദ് (199 സെ.മീറ്റർ), ഇന്ത്യയുടെ ഗുർപ്രീത് സിങ് (197 സെ.മീറ്റർ) എന്നിവരാണ് തൊട്ടുപിറകെ.
ഇന്ത്യൻ നായകൻ സുനിൽ ഛേത്രി
ഏഷ്യൻ കപ്പിനെത്തുന്ന ഗോൾ വേട്ടക്കാർ
ഇന്ത്യൻ താരം സുനിൽ ഛേത്രിയാണ് ഈ വിഭാഗത്തിൽ മുന്നിലുള്ളത്. ഇന്ത്യക്കുവേണ്ടി 93 തവണയാണ് ഛേത്രി എതിർവല കുലുക്കിയത്. യു.എ.ഇയുടെ അലി മബ്ഖൂത് 85 ഗോളുകളും ഇറാന്റെ സർദാർ അസ്മോൻ 49 ഗോളുകളും നേടി രണ്ടും മൂന്നും സ്ഥാനത്തുണ്ട്. ഗോളടിയിൽ പരിചയ സമ്പന്നരായ താരങ്ങൾ ഖത്തറിൽ ബൂട്ട് കെട്ടുമെന്നിരിക്കെ ഗോൾ സ്കോറിങ്ങിൽ തങ്ങളുടെ പേരുകൾ രേഖപ്പെടുത്താനുള്ള സുവർണാവസരമാണ് അവർക്ക് ലഭിക്കുന്നത്.
യുട്ടോ നഗാറ്റോമയുടെ റെക്കോഡ്
ഏറ്റവും കൂടുതൽ ഏഷ്യൻ കപ്പ് മത്സരങ്ങളിൽ കളിച്ചുവെന്ന റെക്കോഡ് ജപ്പാൻ താരം യുട്ടോ നഗാറ്റോമക്കാണ്, 16 മത്സരങ്ങൾ. എന്നാൽ, ഈ റെക്കോഡ് ഇത്തവണ മറികടക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് നിരീക്ഷകർ. ദക്ഷിണ കൊറിയയുടെ സൺ ഹ്യൂങ് മിൻ, യു.എ.ഇയുടെ അലി മബ്ഖൂത്ത് എന്നിവർ 12 മത്സരങ്ങളുമായി നഗാറ്റോമക്ക് പിറകിലുണ്ട്. ആസ്ട്രേലിയയുടെ മാറ്റ് റയാൻ, ചൈനയുടെ ഷാങ് ലിൻപെങ്, ഇറാന്റെ ഇഹ്സാൻ എന്നിവർ ഏഷ്യൻ കപ്പിന്റെ 11 മത്സരങ്ങളിലും ബൂട്ട് കെട്ടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

