Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപ്രതീക്ഷയുണ്ട്,...

പ്രതീക്ഷയുണ്ട്, ഖത്തറിൽ ആ കപ്പിൽ മെസ്സി മുത്തമിടും...

text_fields
bookmark_border
പ്രതീക്ഷയുണ്ട്, ഖത്തറിൽ ആ കപ്പിൽ മെസ്സി മുത്തമിടും...
cancel
camera_alt

1986 ലോ​ക​ക​പ്പ്​ ട്രോ​ഫി​യു​മാ​യി ഡീ​ഗോ മ​റ​ഡോ​ണ

1983ൽ കപിൽ ദേവിന്‍റെ ചെകുത്താന്മാർ ലോഡ്സിലെ ബാൽക്കണിയിൽ ഏകദിന ക്രിക്കറ്റ് കിരീടമുയർത്തി ഓരോ ഇന്ത്യക്കാരനും യശസ്സുയർത്തിയ നാളിലെ കൗമാരക്കാരായിരുന്നു ഞങ്ങൾ. ലണ്ടനിൽനിന്നും അവർ പടർത്തിയ ആവേശം, നമ്മുടെ നാട്ടിലും ഓരോ മൈതാനങ്ങളിലേക്കും കൊയ്ത്തുകഴിഞ്ഞ പാടങ്ങളിലേക്കും പടർന്നു. മരത്തടിയിൽ ചെത്തിമിനുക്കിയ ബാറ്റും വെട്ടിയെടുത്ത സ്റ്റമ്പുകളും കുത്തി എല്ലായിടത്തും ക്രിക്കറ്റ് ആവേശം വാനോളം ഉയർത്തിയ നാളുകൾ. ഫുട്ബാൾ ഉൾപ്പെടെ ഏതൊരു കളിക്കും മുകളിലായിരുന്നു ഞങ്ങളുടെ ക്രിക്കറ്റ് ആവേശം. നാടായ ആലുവ ആലങ്ങാട്ടെ ന്യൂകേരള ക്ലബ് എല്ലാ വർഷവും ഫുട്ബാൾ ടൂർണമെന്‍റ് സംഘടിപ്പിക്കുമെങ്കിലും കളിമൈതാനങ്ങളെല്ലാം ക്രിക്കറ്റ് സ്റ്റമ്പും ബാറ്റും ഭരിച്ചു. ഇതിനിടയിലാണ് 1986 മെക്സികോയിൽ ലോകകപ്പ് ഫുട്ബാളിന് പന്തുരുണ്ടു തുടങ്ങിയത്.

ഞാൻ സ്കൂൾ പഠനം കഴിഞ്ഞ് കോളജിലേക്ക് പ്രവേശനം നേടിയ സമയം. നാട്ടിലൊക്കെ വൈദ്യൂതിയുണ്ടെങ്കിലും ടെലിവിഷൻ അത്യപൂർവമായിരുന്നു. മെക്സികോയിൽ നടക്കുന്ന ലോകകപ്പ് സംബന്ധിച്ച വാർത്തകൾ പക്ഷേ, കളി കണ്ടേ മതിയാവൂ എന്ന നിലയിൽ ഞങ്ങളിലേക്ക് ഫുട്ബാളിനെയും കുത്തിനിറച്ചു തുടങ്ങി. ലോകകപ്പിന് മുമ്പായി ഞങ്ങളുടെ വീട്ടിലെത്തിയ ടെലിവിഷനായിരുന്നു എനിക്കും കൂട്ടുകാർക്കും ഏക പ്രതീക്ഷ. പഴയ മരത്തിന്‍റെ ഷട്ടറിൽ പൊതിഞ്ഞ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ടി.വി. ലോകകപ്പ് മത്സരങ്ങൾ കാണുന്നതിനായി വാങ്ങിയതാണ് അതെന്നാണ് എന്‍റെ ഓർമ. അതിനാൽ, മെക്സികോ ലോകകപ്പിന്‍റെ ആലങ്ങാട്ടെ ആവേശത്തിന്‍റെ ചെറുപതിപ്പ് ഞങ്ങളുടെ വീട്ടിലായിമാറി. തറവാട് വീടിന്‍റെ ചായ്പ്പിൽ സ്ഥാപിച്ച ടി.വിയിലെ കറുപ്പം വെളുപ്പും നിറത്തിലെ കളിച്ചിത്രങ്ങൾക്ക് മുന്നിൽ അർധരാത്രികൾ ഞങ്ങൾ മെക്സിക്കൻ ഗാലറിയാക്കി മാറ്റി.

കുറിയ കാലുകളുമായി പന്തിൽ ഇന്ദ്രജാലം കാണിക്കുന്ന അർജന്‍റീനയുടെ ഇതിഹാസ താരം ഡീഗോ മറഡോണയുടെ കളി കാണാൻ മാത്രമായി രാത്രിയെ പകലാക്കി കാത്തിരുന്നു. ഓരോ കളിയിലും അയാൾ നേടുന്ന ഗോളുകളും ടീമിനും ഗാലറിക്കും പകരുന്ന ആവേശവുമെല്ലാം ഞങ്ങളുടെ മനസ്സിലേക്കുള്ള വഴിവെട്ടിത്തെളിച്ചു.

അങ്ങനെ, ഉറുഗ്വായ് യെയും ഇംഗ്ലണ്ടിനെയും ബെൽജിയത്തെയും വീഴ്ത്തി കുതിച്ച അർജന്‍റീന ഫൈനലിൽ പശ്ചിമ ജർമനിയെയും വീഴ്ത്തി ലോകകിരീടമണിഞ്ഞതോടെ ഭൂമിയുടെ മറ്റൊരു അറ്റത്തെ ഭൂഖണ്ഡത്തിൽ പരന്നുകിടക്കുന്ന അർജന്‍റീനയെന്ന രാജ്യവും ഡീഗോ മറഡോണയെന്ന അമാനുഷികനും നീലയും വെള്ളയും നിറങ്ങളിലെ പതാകയും മനസ്സിൽ കൂടുകെട്ടി. മറഡോണയോടുള്ള ഇഷ്ടം ക്രിക്കറ്റ് ക്രീസിൽ നിന്നും ഫുട്ബാൾ മൈതാനത്തിന്‍റെ പച്ചപ്പിലേക്ക് നയിച്ചു. ഫുട്ബാൾ കാണാനും കളിക്കാനും ഡീഗോ പ്രചോദനമായി.

1990ൽ ലോകകപ്പ് ഇറ്റലിയിലെത്തിയപ്പോഴും മറഡോണയുടെയും കൂട്ടരുടെയും കുതിപ്പ് ആസ്വദിച്ചു. അന്ന് ഡീഗോയുടെ മികവിന് മാറ്റ് കുറഞ്ഞെങ്കിലും അർജന്‍റീന മികച്ചവരായിരുന്നു. ഗോൾ കീപ്പർ സെർജിയോ ഗൊയ്ക്കോഷ്യയുടെ ഉജ്ജ്വല സേവുകൾ അർജന്‍റീനക്ക് ഫൈനൽവരെയുള്ള യാത്രക്ക് വഴിയൊരുക്കി. ഒടുവിൽ പശ്ചിമജർമനിയോട് തോറ്റ് കീഴടങ്ങിയെങ്കിലും അർജന്‍റീനയും ഡീഗോയും എന്നും പ്രിയപ്പെട്ടവനായി.

പിന്നീട് കിരീടങ്ങൾക്കായുള്ള കാത്തിരിപ്പ് ഏറെ നീണ്ടുവെങ്കിലും ഒരു കടുത്ത ആരാധകൻ എന്നനിലയിൽ ഖത്തറിൽ ലയണൽ മെസ്സിയിലൂടെ അർജന്‍റീന വീണ്ടും ലോകകിരീടത്തിൽ മുത്തമിടുമെന്ന പ്രതീക്ഷയിലാണ് ഞാൻ.

ഇതുവരെ ടി.വിയിൽ കണ്ട ലോകകപ്പുകൾ ഇത്തവണ ഗാലറിയിലിരുന്ന് കാണാൻ ടിക്കറ്റും എടുത്ത് കാത്തിരിപ്പിലാണ്. ഗ്രൂപ് റൗണ്ടിൽ അർജന്‍റീനയുടെ രണ്ട് മാച്ച് ടിക്കറ്റുകൾ കൈയിലുണ്ട്. സെമിയും കാണണം. ഇന്ത്യൻ എംബസി അനുബന്ധ സംഘടനയായ ഇന്ത്യൻ സ്പോർട്സ് സെന്‍റർ ഭാരവാഹി എന്നനിലയിൽ വിവിധ കമ്യൂണിറ്റി പരിപാടികളിലൂടെ ലോകകപ്പിന്‍റെ ഭാഗമാകാൻ കഴിയുമെന്നതും ഭാഗ്യമായി കരുതുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:argentinaqatar world cup
News Summary - From Kapil's cricket to Maradona's football
Next Story