റൊട്ടി മുതൽ രാജകീയ തീൻമേശ വരെ: ഇസ്ലാമിക പാചക സംസ്കാരവുമായി മിയയിൽ പ്രദർശനം
text_fieldsഇസ്ലാമിക് ആർട്ട് മ്യൂസിയം
ദോഹ: പൗരാണിക മുസ്ലിം ലോകത്തെ ഭക്ഷണ രീതികളും ഭക്ഷ്യ സംസ്കാരങ്ങളും പാചകവുമെല്ലാം പുതുതലമുറക്ക് പരിചയപ്പെടാൻ വേറിട്ട പ്രദർശനവുമായി ഖത്തർ മ്യൂസിയത്തിനു കീഴിലെ ഇസ്ലാമിക് ആർട്ട് മ്യൂസിയം. ‘മേശക്കരികിലെ ഇരിപ്പിടം: ഭക്ഷണവും ഇസ്ലാമിക ലോകത്തിലെ വിരുന്നും’ എന്ന പ്രമേയത്തിൽ മേയ് 22ന് പ്രദർശനത്തിന് തുടക്കം കുറിക്കും. ലോസ് ആഞ്ജലസ് കൗണ്ടി മ്യൂസിയം ഓഫ് ആർട്ടുമായി (എൽ.എ.സി.എം.എ) സഹകരിച്ച് നവംബർ എട്ടു വരെയാണ് ഇസ്ലാമിക് ആർട്ട് മ്യൂസിയം പ്രദർശനം സംഘടിപ്പിക്കുന്നത്. വിവിധ നൂറ്റാണ്ടുകളിൽ ലോകത്തിന്റെ പലഭാഗങ്ങളിലായി മുസ്ലിം രാജവംശങ്ങളും, സമൂഹങ്ങളും ഉപയോഗിച്ച ഭക്ഷണ പാത്രങ്ങൾ, പാചക രീതികൾ, ഭക്ഷണം സംബന്ധിച്ച ഇസ്ലാമിക അധ്യാപനങ്ങൾ, വിവിധ കാലങ്ങളിലായി മാറിമാറി വന്ന പാചകപ്പെരുമകൾ എന്നിവയിലേക്ക് ചരിത്രാന്വേഷകർക്ക് വഴിയൊരുക്കുന്നതാണ് പ്രദർശനം.
ലുസൈൽ മ്യൂസിയത്തിലെ സീനിയർ ക്യൂറേറ്റർ ഡോ. താര ഡെസ്ജാർഡിൻസും മിയയിലെ ക്യൂറേറ്റോറിയൽ അഫയേഴ്സ് ഗവേഷകയായ ടെസ്ലിം സന്നിയും സംയുക്തമായാണ് പ്രദർശനം ഒരുക്കുന്നത്. ഇസ്ലാമിക ലോകത്തിലുടനീളമുള്ള സംസ്കാരത്തിന്റെയും ആതിഥ്യമര്യാദയുടെയും ശക്തമായ പ്രകടനമാണ് ഭക്ഷണ പാരമ്പര്യമെന്ന് ഇസ്ലാമിക് ആർട്ട് മ്യൂസിയം ഡയറക്ടർ ശൈഖ നാസർ അൽ നാസർ പറഞ്ഞു. ‘എ സീറ്റ് അറ്റ് ദ ടേബിൾ’ എന്ന പരിപാടിയിലൂടെ പാചക പാരമ്പര്യങ്ങളുടെ സൗന്ദര്യം ആസ്വദിക്കുന്നതോടൊപ്പം ഭക്ഷണം സമൂഹത്തെ എങ്ങനെ രൂപപ്പെടുത്തുന്നു എന്നതിനെക്കുറിച്ചും പ്രദർശനം സന്ദർശകരുമായി സംവദിക്കുമെന്നും ശൈഖ അൽ നാസർ കൂട്ടിച്ചേർത്തു.
‘ഡൈനിങ് വിത്ത് ദ സുൽത്താൻ: ദ ഫൈൻ ആർട്സ് ഓഫ് ഫീസ്റ്റിങ്’ എന്ന പ്രദർശനത്തിൽനിന്നും പ്രചോദനമുൾക്കൊണ്ടാണ് ലാക്മയുമായി ചേർന്ന് ഇസ്ലാമിക് ആർട്ട് മ്യൂസിയം പ്രദർശനം സംഘടിപ്പിക്കുന്നത്. മിയ, ഖത്തർ നാഷനൽ ലൈബ്രറി, മത്ഹഫ്, ലുസൈൽ ആർട്ട് മ്യൂസിയം, ഖത്തർ മ്യൂസിയം ജനറൽ കലക്ഷൻസ് എന്നിവയുടെ ശേഖരത്തിൽനിന്നുള്ള കലാ സൃഷ്ടികളും അപൂർവ വസ്തുക്കളും ഉൾക്കൊള്ളുന്ന പ്രദർശനം ഇസ്ലാമിക സംസ്കാരങ്ങളിൽ ഭക്ഷണത്തിനുള്ള പങ്ക് ചൂണ്ടിക്കാട്ടും.
ഇസ്ലാമിക് മ്യൂസിയം പ്രദർശനത്തിന്റെ ഭാഗമായി മുഗൾഭരണ കാലത്ത് ഉപയോഗിച്ച പാത്രങ്ങളിലൊന്ന്. 13ാം നൂറ്റാണ്ടിൽ നിന്നുള്ളതാണ് സ്വർണവും വജ്രവുമെല്ലാം പതിച്ച ഈ പാത്രം
ഇസ്ലാമിക ലോകത്തിന്റെ മാറിമാറിവരുന്ന ഭക്ഷണ, പാചക പാരമ്പര്യങ്ങളിലേക്ക് പ്രദർശനം വിരൽ ചൂണ്ടും. പ്രധാനമായും അഞ്ചു വിഭാഗങ്ങളായാണ് പ്രദർശനം ക്രമീകരിക്കുന്നത്. ബ്രേക്കിങ് ബ്രെഡ് ആണ് ഒന്ന്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ റൊട്ടി നിർമാണത്തിന്റെ പലകാലങ്ങളിലെ കാഴ്ച ഇവിടെ അനാവരണം ചെയ്യും. റൊട്ടി തയാറാക്കുന്ന പരമ്പരാഗത താനർ അടുപ്പുകളും, യമനി റൊട്ടി ലാഹോ, ഇറാനിയൻ ഫ്ലാറ്റ്ബ്രഡ്, പിത്ത തുടങ്ങിയവയുടെ നിർമാണ കഥകൾ ഇവിടെ പ്രദർശിപ്പിക്കും. ഭക്ഷണവും വിശ്വാസവും എന്ന വിഭാഗത്തിൽ തീൻമേശയിലെ ഇസ്ലാമിക മര്യാദകൾ, ഭക്ഷണങ്ങളെക്കുറിച്ചുള്ള ഖുർആനിക വാക്യങ്ങൾ എന്നിങ്ങനെ വൈവിധ്യമാർന്ന ഉള്ളടക്കങ്ങളാണ് ഇവിടെയുള്ളത്.
സുഗന്ധവ്യഞ്ജനങ്ങളുടെയും ചേരുവകളുടെയും ആഗോള വ്യാപാരം ഉൾക്കൊള്ളുന്ന ഇറ്റിനെറന്റ് ഇൻഗ്രീഡിയന്റ്, ഡൈനിങ് വിത്ത് സുൽത്താൻ, സമകാലിക പാചകരീതി എന്നിങ്ങനെയാണ് മറ്റുള്ളവ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

