സൗഹൃദ സന്ദർശനം; ഖത്തർ അമീർ -സൗദി കിരീടാവകാശി കൂടിക്കാഴ്ച
text_fieldsദോഹ: സൗഹൃദ സന്ദർശനത്തിന്റെ ഭാഗമായി സൗദിയിലെത്തിയ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി -സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തി. പ്രാദേശിക -അന്തർദേശീയ സംഭവവികാസങ്ങളും സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും മേഖലയിലെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനുമുള്ള ശ്രമങ്ങളും ഇരുവരും ചർച്ച ചെയ്തു.
ജിദ്ദയിൽ നടന്ന കൂടിക്കാഴ്ചയിൽ, മേഖലയിൽ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ ആഗോള ഊർജ വിതരണത്തിലും വിപണി സ്ഥിരതയിലും സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളും പ്രാദേശിക, അന്തർദേശീയ സുരക്ഷക്കും സ്ഥിരതക്കും ഉയർത്തുന്ന വെല്ലുവിളികളും നേതാക്കൾ ചർച്ചചെയ്തു. സംഘർഷങ്ങൾ നിയന്ത്രിക്കാനുള്ള ശ്രമങ്ങളെക്കുറിച്ചും ഇരുപക്ഷവും സംസാരിച്ചു. കൂടാതെ പൊതു താൽപര്യമുള്ള നിരവധി വിഷയങ്ങളും പങ്കുവെച്ചു.
ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി, ആഭ്യന്തര മന്ത്രി ശൈഖ് ഖലീഫ ബിൻ ഹമദ് ആൽഥാനി, അമീരി ദിവാൻ മേധാവി അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഖുലൈഫി, മറ്റ് നിരവധി മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
സൗദിയുടെ ഭാഗത്തുനിന്ന്, മക്ക ഡെപ്യൂട്ടി ഗവർണർ പ്രിൻസ് സൗദ് ബിൻ മിഷാൽ ബിൻ അബ്ദുൽ അസീസ് അൽ സൗദ്, സഹമന്ത്രിയും മന്ത്രിമാരുടെ കൗൺസിൽ അംഗവും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഡോ. മുസൈദ് ബിൻ മുഹമ്മദ് അൽ -ഐബാൻ എന്നിവരും നിരവധി മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. നേരത്തേ, സൗഹൃദ സന്ദർശനത്തിന്റെ ഭാഗമായി സൗദി അറേബ്യയിലെത്തിയ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയെയും പ്രതിനിധി സംഘത്തെയും ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സൗദി കിരീടാവകാശി പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് നേരിട്ടെത്തി സ്വീകരിച്ചു.
തുടർന്ന്, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ്, ജോർഡൻ രാജാവ് അബ്ദുല്ല രണ്ടാമൻ ബിൻ അൽ ഹുസൈൻ എന്നിവരുമായും കൂടിക്കാഴ്ച നടത്തി. മേഖലയിലെ പുതിയ സംഭവവികാസങ്ങളും സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും സുരക്ഷയും സ്ഥിരതയും വർധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളും നേതാക്കൾ അവലോകനം ചെയ്തു.
നിലവിലെ വെല്ലുവിളികളെ നേരിടുന്നതിന് ഏകീകൃത ശ്രമങ്ങളും നിലപാടുകളും ഉണ്ടാകണമെന്ന് നേതാക്കൾ ഊന്നിപ്പറഞ്ഞു. ഇതിലൂടെ മേഖലയുടെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കണമെന്നും രാഷ്ട്രങ്ങളുടെ പരമാധികാരവും ജനങ്ങളുടെ താൽപര്യങ്ങളും സംരക്ഷിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

