'വെള്ളിയാഴ്ച വൈബിൽ' ഞായറാഴ്ച
text_fieldsദുബൈയിൽ ഞായറാഴ്ച ക്രിക്കറ്റ് കളിക്കാനിറങ്ങിയവർ
ദുബൈ: അതിവേഗമാണ് യു.എ.ഇയുടെ മാറ്റം. വാരാന്ത്യ അവധി മാറ്റം നിലവിൽ വന്ന് രണ്ടാമത്തെ ഞായറാഴ്ചയായപ്പോൾതന്നെ യു.എ.ഇയുടെ ഞായറാഴ്ച വൈബ് മാറിമറിഞ്ഞിരിക്കുന്നു. രണ്ടാഴ്ച മുമ്പ് വരെ വെള്ളിയാഴ്ച എങ്ങിനെയായിരുന്നോ, അതുപോലെയായിരുന്നു ഞായറാഴ്ച യു.എ.ഇയിലെ ഗ്രാമങ്ങളും നഗരങ്ങളും. മാറാൻ മടിച്ചു നിന്ന ഭൂരിപക്ഷം സ്വകാര്യ സ്ഥാപനങ്ങളും ഇന്നലെ മുതൽ ഞായറാഴ്ചയിലേക്ക് തങ്ങളുടെ വാരാന്ത്യ അവധി ദിനം മാറ്റി. പകരം, വെള്ളിയാഴ്ച പ്രവൃത്തിദിനമാക്കി മാറ്റി.
കച്ചകളിലും മൈതാനങ്ങളിലും ക്രിക്കറ്റും ഫുട്ബാളും നിറഞ്ഞുനിന്നിരുന്നത് വെള്ളിയാഴ്ചകളിലായിരുന്നെങ്കിൽ ഇന്നലെ മുതൽ അത് ഞായറാഴ്ചയിലേക്ക് വഴിമാറി. രാവിലെ മുതൽ മഴയായിരുന്നെങ്കിലും ക്രിക്കറ്റ് മൈതാനങ്ങളെല്ലാം കളിക്കാരെ കൊണ്ട് നിറഞ്ഞു. ഞായറാഴ്ചകളിൽ ആളൊഴിഞ്ഞുകിടന്ന പാർക്കുകളെല്ലാം നിറഞ്ഞു കവിഞ്ഞു. റോഡുകളിൽ വാഹനങ്ങൾ കുറവായിരുന്നതിനാൽ ഗതാഗതക്കുരുക്കും ഇല്ലായിരുന്നു.
ബാച്ലർ റൂമുകളിലെ വെള്ളിയാഴ്ച ബിരിയാണിക്ക് പകരം ഞായറാഴ്ച ബിരിയാണിയെത്തി. നാട്ടിലുള്ളവരെ വിളിക്കാൻ കൂടുതൽ സമയം കിട്ടുന്നു എന്നാണ് ഒരു വിഭാഗം പ്രവാസികൾ അഭിപ്രായപ്പെട്ടത്. നാട്ടിൽ ജോലിയുള്ള പങ്കാളികൾക്കും പഠിക്കുന്ന മക്കൾക്കുമെല്ലാം ഞായറാഴ്ച അവധി ദിനമായതിനാൽ തടസ്സമില്ലാതെ വീടുകളിലേക്ക് വിളിക്കാൻ കഴിഞ്ഞു എന്ന സന്തോഷവും ചിലർ പങ്കിട്ടു.
എല്ലാം അതിവേഗം മാറ്റിയെടുക്കുന്ന യു.എ.ഇയുടെ വൈഭവത്തിെൻറ ഏറ്റവും പുതിയ ഉദാഹരണമായാണ് ഈ മാറ്റത്തെ വിശേഷിപ്പിക്കുന്നത്. വെള്ളിയാഴ്ചകളിൽ ടോൾ ഫ്രീയായിരുന്ന ദുബൈ ആൽ മക്തൂം പാലത്തിൽ ഇന്നലെ മുതൽ ഈ ആനുകൂല്യം ഞായറാഴ്ചയിലേക്ക് മാറ്റി. വെള്ളിയാഴ്ചകളിൽ ഈ പാലം വഴി സഞ്ചരിക്കണമെങ്കിൽ ടോൾ അടക്കേണ്ടി വരും. ഭൂരിപക്ഷം ഓഫിസുകളും ഇന്നലെ മുതലാണ് ഞായറാഴ്ച അവധി പ്രാബല്യത്തിലാക്കിയത്. മാർക്കറ്റിെൻറ ചലനം എവിടേക്ക് എന്ന് നോക്കിയ ശേഷം അടുത്ത മാസത്തോടെ അവധി മാറ്റം കൊണ്ടുവരാം എന്ന് കരുതിയിരുന്ന സ്ഥാപനങ്ങൾ പോലും ഇന്നലെ തന്നെ മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

