ലുസൈൽ ഡ്രൈവ്ത്രൂ മുതിർന്നവർക്ക് സൗജന്യ പരിശോധന
text_fieldsലുസൈൽ ഡ്രൈവ്ത്രൂ പരിശോധന കേന്ദ്രം
ദോഹ: പ്രവർത്തനമാരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ സജീവമായി ലുസൈൽ ഡ്രൈവ് ത്രൂ ടെസ്റ്റിങ് സെന്റർ. വ്യാഴാഴ്ച വൈകീട്ടോടെയാണ് ലുസൈലിൽ പ്രത്യേകം സജ്ജീകരിച്ച കോവിഡ് പരിശോധന കേന്ദ്രം പ്രവർത്തനമാരംഭിച്ചത്. ഒരേസമയം, 10 ലൈനുകളിലായി വാഹനങ്ങൾക്ക് കടന്നുവന്ന് പരിശോധിക്കാനുള്ള സംവിധാനമൊരുക്കിയ കേന്ദ്രത്തിൽ പ്രതിദിനം 5000ത്തിലേറെ പേർക്ക് പരിശോധന നടത്താൻ കഴിയും.
കേന്ദ്രത്തിൽ നിന്നും 50ന് മുകളിൽ പ്രായമുള്ള വിഭാഗങ്ങൾക്ക് മാത്രമാണ് സൗജന്യ പി.സി.ആർ പരിശോധന ലഭ്യമാവുകയുള്ളൂവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് രോഗികളുമായി സമ്പർക്കമുള്ളവരും, രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതുമായ 50ന് മുകളിലുള്ളവർക്കാണ് പി.സി.ആർ പരിശോധന ആവശ്യമുള്ളത്. അതേസമയം, യാത്ര ആവശ്യത്തിനുള്ള പി.സി.ആർ പരിശോധന 160 റിയാൽ നിരക്കിലും ലഭ്യമാണ്. യാത്ര രേഖകൾ കാണിച്ചു മാത്രമെ ഇത്തരം ടെസ്റ്റിന് അനുവാദമുണ്ടാവൂ. പരിശോധനക്കുള്ള തുക കാശായി സ്വീകരിക്കില്ല. പകരം, ക്രഡിറ്റ് കാർഡ് വഴിയാണ് പണം അടക്കേണ്ടതെന്ന് അറിയിച്ചു. പി.സി.ആർ പരിശോധന ഫലം 24 മുതൽ 48 മണിക്കൂറിനുള്ളിൽ ലഭ്യമാവും.
എസ്.എം.എസ് വഴി ലഭിക്കുന്ന ലിങ്ക് വഴി ഓൺലൈനിൽ നിന്നും പരിശോധന ഫലം പ്രിന്റ് ചെയ്യാനും സൗകര്യമുണ്ട്. അതേസമയം, വിദേശങ്ങളിൽ നിന്നെത്തിയവർക്കുള്ള കോവിഡ് പരിശോധന ഡ്രൈവ് ത്രൂ സെന്റർ വഴി ലഭ്യമല്ല. ഇത്തരം യാത്രക്കാർക്ക് റാപിഡ് ആന്റിജൻ ടെസ്റ്റ് മതിയെന്ന് ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. പി.എച്ച്.സി.സികൾ വഴിയും, വിവിധ സ്വകാര്യ ക്ലിനിക്കുകൾ വഴിയുമാണ് ആന്റിജന് പരിശോധന നടക്കുന്നത്. ഒരു വാഹനത്തിൽ നാലുപേർക്കാണ് ഡ്രൈവ് ത്രൂ സെന്ററിലേക്ക് പ്രവേശനം നൽകുന്നത്. ബസുകൾക്ക് പ്രവേശനമുണ്ടാവില്ല. രാവിലെ എട്ട് മുതൽ 10 വരെയാണ് പ്രവർത്തന സമയം.
യാത്ര കഴിഞ്ഞെത്തിയവർക്ക് ആന്റിജൻ മതി
ദോഹ: വിദേശയാത്ര കഴിഞ്ഞെത്തിയവർക്ക് റാപിഡ് ആന്റിജൻ പരിശോധന നടത്തിയാൽ മതിയെന്ന് വ്യക്തമാക്കി ആരോഗ്യ മന്ത്രാലയം. രണ്ടും ദിവസം മുമ്പ് തന്നെ പുറത്തിറക്കിയ അറിയിപ്പിൽ കൂടുതൽ വ്യക്തത വരുത്തിയ അധികൃതർ, ഖത്തറിൽ മടങ്ങിയെത്തുന്നവർ അംഗീകൃത ക്ലിനിക്കുകളിൽ നിന്നോ മറ്റോ ആന്റിജൻ പരിശോധന നടത്തിയാൽ മതിയെന്ന് മന്ത്രാലയം വ്യക്തമാക്കി. ഹോം ക്വാറന്റീനും, ഹോട്ടൽ ക്വാറന്റീനും നിർദേശിക്കുന്ന എല്ലാ വിഭാഗങ്ങൾക്കും റാപിഡ് ആന്റിജൻ ടെസ്റ്റ് മതിയെന്നാണ് മന്ത്രാലയത്തിന്റെ നിർദേശം. ഇതിനു പുറമെ, 50ന് താഴെ പ്രായമുള്ള രോഗലക്ഷണമുള്ളവർക്കും, സമ്പർക്കപട്ടികയിലുള്ളവർക്കും ആന്റിജൻ പരിശോധന തന്നെയാണ് നിർദേശിച്ചത്. നൂറിലേറെ സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കിലും 50 റിയാൽ നിരക്കിൽ പരിശോധന ലഭ്യമാണ്. രാജ്യത്തെ 28 പി.എച്ച്.സി.സികളിലും പരിശോധന സംവിധാനമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

