ഇലക്ട്രിക് വാഹന ദിനം: മുശൈരിബിൽ ഇന്ന് പാർക്കിങ് ഫ്രീ
text_fieldsദോഹ: ഇലക്ട്രിക് വാഹന ദിനത്തോടനുബന്ധിച്ച് മിശൈരിബ് ഡൗൺ ടൗൺ ദോഹ (എം.ഡി.ഡി) ഇലക്ട്രിക് വാഹന ഉപയോക്താക്കൾക്ക് ശനിയാഴ്ച സൗജന്യ വാലറ്റ് പാർക്കിങ് അനുവദിക്കും. വൃത്തിയുള്ള, ഹരിത യാത്രാമാർഗങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് മുശൈരിബ് ഡൗൺ ടൗൺ ഇലക്ട്രിക് വാഹന ഉപയോക്താക്കൾക്ക് സൗജന്യ വാലറ്റ് പാർക്കിങ് സേവനം നൽകുന്നത്.
ഡൗൺ ടൗണിലെത്തുന്ന ഇലക്ട്രിക് വാഹന ഉപയോക്താക്കൾക്കായി അത്യാധുനിക വൈദ്യുതി വാഹന ചാർജിങ് സ്റ്റേഷനുകളാണ് സജ്ജമാക്കുന്നത്. ഹോട്ടൽ പാർക്കിങ് ഏരിയകൾ, ബേസ്മെന്റ് പാർക്കിങ്, അൽ ഖൈൽ സ്ട്രീറ്റ് എന്നിവക്ക് ചുറ്റുമായി നാലു ചാർജിങ് ഡോക്കുകൾ സ്ഥാപിച്ചിട്ടുണ്ട്.
നഗര പര്യടനത്തിനെത്തുന്ന യാത്രക്കാർക്ക് അവരുടെ വാഹനങ്ങൾ ഇവിടെനിന്ന് സൗകര്യപ്രദമായി ചാർജ് ചെയ്യാം. ഇതിലൂടെ തടസ്സമില്ലാത്തതും പരിസ്ഥിതി സൗഹൃദവുമായ അനുഭവം ഉറപ്പാക്കും.
ലോകം ഹരിതഭാവി ലക്ഷ്യമാക്കി മാറിക്കൊണ്ടിരിക്കുമ്പോൾ മിശൈരിബ് ഡൗൺടൗൺ ദോഹയിലെ ഇലക്ട്രിക് വാഹന ദിനാചരണം, സുസ്ഥിര ജീവിതത്തിനും ഗതാഗതത്തിനും വേണ്ടിയുള്ള ഡൗൺ ടൗണിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് കണക്കാക്കുന്നത്.
നേരത്തേ, സുസ്ഥിരതയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൂറ്റൻ വൈദ്യുതി വാഹന ഐക്കൺ മുശൈരിബ് ഡൗൺ ടൗണിൽ പ്രദർശിപ്പിച്ചിരുന്നു. ജൂൺ മൂന്നിന് ആചരിക്കുന്ന കടലാസ് രഹിത ദിനത്തോട് (നോ പേപ്പർ ഡേ) അനുബന്ധിച്ചാണ് ഐക്കൺ പ്രദർശനം സംഘടിപ്പിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

