പ്രവാസികളുടെ മടക്കം: വേണം, അർഹർക്ക് സൗജന്യ വിമാനടിക്കറ്റ്
text_fieldsദോഹ: കോവിഡിൻെറ പശ്ചാത്തലത്തിൽ വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന പ്രക്രിയ മെയ് 7ന് തുടങ്ങാനിരിക്കേ വിമാനടിക്കറ്റ് തുക അർഹരായ പ്രവാസികൾക്ക് കൂനിൻമേൽ കുരുവാകുന്നു. ദോഹയിൽ നിന്ന് ആദ്യ ആഴ്ച പോകുന്നത് രണ്ടു വിമാനങ്ങളാണ്. ഏഴിന് കൊച്ചിയിലേക്കും പത്തിന് തിരുവനന്തപുരത്തേക്കുമാണ് ദോഹയിൽ നിന്ന് വിമാനം ഉണ്ടാവുക. ഓരോന്നിലും 200 പേരെ വീതമാണ് കൊണ്ടുപോവുക. ദോഹയിൽ നിന്ന് കൊച്ചിയിലേക്ക് ടിക്കറ്റിന് 16000 രൂപയാണ് നിലവിൽ ഈടാക്കുകയെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ടിക്കറ്റുകൾ വിമാന കമ്പനികൾ നേരിട്ട് ആണ് നൽകുക. എംബസി നൽകുന്ന പേര്വിവരങ്ങൾക്കനുസൃതമായിട്ടായിരിക്കും ഇത്. ടിക്കറ്റ് തുക യാത്രക്കാർ വഹിക്കണം. നാട്ടിലെത്തിയാലുള്ള ചികിൽസയുമായി ബന്ധപ്പെട്ടുള്ള ചിലവുകളും പോകുന്നവർ തന്നെ വഹിക്കണമെന്നും കേന്ദ്രസർക്കാർ പറയുന്നുണ്ട്.
മിക്ക ഗൾഫ്രാജ്യങ്ങളിലും കോവിഡ് തീർത്ത പ്രതിസന്ധിയിൽ നൂറുകകണക്കിന് പ്രവാസികൾക്കാണ് തൊഴിൽനഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇതിനുപുറമേയാണ് സാധാരണ തൊഴിൽചെയ്ത് വരുമാനം കണ്ടെത്തിയിരുന്നവരുടെ സ്ഥിതി. ടാക്സി ഓടിച്ചും മറ്റും വരുമാനം കണ്ടെത്തിയിരുന്നവർ കോവിഡ് പ്രതിസന്ധി തുടങ്ങിയതുമുതൽ തൊഴിൽരഹിതരാണ്. ഇവിടെ താമസിക്കാനും ഭക്ഷണം കഴിക്കാനുമടക്കം പ്രയാസത്തിലാണ് ഇവരിൽ നല്ലൊരുശതമാനവും. ഇതിനാൽ അർഹരായവർക്ക് വിമാനടിക്കറ്റ് സർക്കാർ തന്നെ എടുത്തുനൽകണമെന്ന ആവശ്യമാണ് ശക്തമാകുന്നത്. എല്ലാ എംബസികളിലും ഉള്ള ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് (ഐ.സി.ഡബ്ല്യു.എഫ്) തുക തന്നെ ഇതിന് ഉപയോഗപ്പെടുത്തിയാൽ സാധാരണ പ്രവാസികൾക്ക് നിലവിലെ സാഹചര്യത്തിൽ അത് ഏറെ ആശ്വാസമാകും. വിവിധ ആവശ്യങ്ങൾക്കായി എംബസികളിലെത്തുന്ന ഇന്ത്യക്കാരിൽ നിന്നും സേവന തുകയായി ഇൗടാക്കുന്ന തുകയാണ് ഐ.സി.ഡബ്ല്യു.എഫിൽ ഉള്ളത്. ലക്ഷക്കണക്കിന് റിയാൽ ഇത്തരത്തിൽ എംബസികളിലുണ്ട്. ഇതിനുപുറമേ മറ്റ് മാർഗങ്ങളിലൂടെയും കേന്ദ്രസർക്കാറിന് ടിക്കറ്റ് തുകയുടെ ആശ്വാസം യാത്രക്കാർക്ക് നൽകാൻ കഴിയും.
വിമാനകമ്പനികൾ സർക്കാറിന് നൽകുന്ന വിവിധ നികുതികളിൽ കുറവ് വരുത്തിയാൽ തന്നെ ആ തുക ടിക്കറ്റ് നിരക്കിൽനിന്ന് കുറയാൻ സാധ്യതയൊരുങ്ങും. വിമാനത്താവളങ്ങളിൽ നിന്ന് യൂസേഴ്സ് ഫീസ് ഇനത്തിലും മറ്റും ഈടാക്കുന്ന ഫണ്ടുകളും യാത്രക്കാരുടെ ഇത്തരം ആവശ്യങ്ങൾക്കായി ഉപയോഗിക്കാനാകുമെന്നും ദോഹയിലെ സാമൂഹിക പ്രവർത്തകനായ അബ്ദുൽ റഊഫ് കൊണ്ടോട്ടി പറയുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ നിലവിൽ യൂസേഴ്സ് ഫീസ് ഈടാക്കുന്നുണ്ട്.
കേവിഡിൻെറ പശ്ചാത്തലത്തിൽ ഇന്ത്യയിലേക്കുള്ള വിമാനങ്ങളെല്ലാം കേന്ദ്രസർക്കാർ നേരത്തേ റദ്ദാക്കിയിട്ടുണ്ട്. ഇക്കാലയളവിൽ യാത്ര ചെയ്യാൻ നേരത്തേ ടിക്കറ്റെടുത്തവർക്ക് തുക തിരിച്ചുനൽകുമെന്നായിരുന്നു ആദ്യഘട്ടത്തിൽ വിമാനകമ്പനികൾ പറഞ്ഞിരുന്നത്. എന്നാൽ തുക തിരിച്ചുനൽകാതെ ഇഷ്ടമുള്ള സമയത്ത് ഇതേ കമ്പനികളുടെ വിമാനത്തിൽ യാത്ര ചെയ്യാമെന്നാണ് പിന്നീട് കമ്പനികൾ അറിയിച്ചത്. ഖത്തർ എയർവേയ്സ്, ഇൻഡിഗോ തുടങ്ങിയ വിമാനങ്ങളിൽ ടിക്കറ്റെടുത്തവർ നിരവധിയുണ്ട്. ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുപോകാൻ എത്തുന്ന വിമാനങ്ങളിൽ തന്നെ ഇത്തരക്കാരും പോകേണ്ട അവസ്ഥ വന്നാൽ നേരത്തേ ടിക്കറ്റിന് കൊടുത്ത പണം ഇവർക്ക് നഷ്ടമാവും. പുതിയ ടിക്കറ്റ് എടുക്കേണ്ട അവസ്ഥയും വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
