ബാങ്ക് വിവരങ്ങൾ ആവശ്യപ്പെട്ടുള്ള വ്യാജ ഫോൺവിളി
text_fieldsദോഹ: ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ആവശ്യപ്പെട്ടും വമ്പൻ സമ്മാനം നേടിയതായി അറിയിച്ച് വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെട്ടും വരുന്ന ഫോൺ കാളുകൾ പതിവാണ്. പ്രലോഭനങ്ങൾ നൽകുന്ന ഫോൺവിളിയും വാട്സ്ആപ്, എസ്.എം.എസ് സന്ദേശങ്ങളും ലഭിച്ചതായി നിരവധി പ്രവാസികൾ സമൂഹ മാധ്യമങ്ങളിലും മറ്റും തങ്ങളുടെ അനുഭവവും പങ്കുവെക്കാറുണ്ട്.
ഡിജിറ്റൽ തട്ടിപ്പുകൾ വ്യാപകമാവുന്ന ഈ കാലത്ത് വ്യക്തിപരമോ സാമ്പത്തികമോ ആയ വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള ഫോൺ കാളുകൾ സ്വീകരിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പു നൽകുകയാണ് ആഭ്യന്തര മന്ത്രാലയം. ഇത്തരം തട്ടിപ്പുകളിൽ കുരുങ്ങി വിവരങ്ങൾ കൈമാറരുതെന്നും സൂക്ഷ്മത പാലിക്കണമെന്നും അധികൃതർ സ്വദേശികളോടും താമസക്കാരോടും ഓർമിപ്പിക്കുന്നു.
വിശ്വാസ്യത സൃഷ്ടിച്ച് പ്രാദേശിക നമ്പറുകളിൽനിന്ന് ലഭിക്കുന്ന വ്യാജ ഫോൺ കാളുകളെയും കരുതിയിരിക്കണം. ഖത്തർ റേഡിയോക്ക് നൽകിയ അഭിമുഖത്തിനിടെ കാപിറ്റൽ സെക്യൂരിറ്റി ഡിപ്പാർട്മെന്റ് അസി. ഡയറക്ടർ ലെഫ്. സഖർ ഖമീസ് അൽ കുബൈസിയാണ് ഫോൺ സന്ദേശങ്ങൾക്കുള്ളിൽ പതിയിരിക്കുന്ന തട്ടിപ്പിനെതിരെ ജാഗ്രത നിർദേശം നൽകിയത്.
അടുത്തിടെ ഖത്തറിലെ നിരവധി പൗരന്മാർക്കും താമസക്കാർക്കും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ആവശ്യപ്പെട്ടും ഉയർന്ന തുക സമ്മാനം നേടിയതായി അറിയിച്ചും വ്യാജ ഫോൺ സന്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചിലർക്ക് നിക്ഷേപങ്ങളിൽനിന്ന് അവരുടെ വരുമാനം അറിയാൻ താൽപര്യം കാണിക്കുന്നു. ബാങ്ക് അക്കൗണ്ടുകളോ വ്യക്തിഗത വിവരങ്ങളോ മറ്റു വിശദാംശങ്ങളോ ഒന്നും അനൗദ്യോഗിക സ്ഥാപനങ്ങളുമായി ഫോണിലൂടെ പങ്കിടരുതെന്ന് എല്ലാവരോടും ആവശ്യപ്പെടുകയാണ്. ഇത്തരം വ്യാജ സന്ദേശങ്ങൾക്കെതിരെയും ഫോൺ കാളുകൾക്കെതിരെയും നിതാന്ത ജാഗ്രത പുലർത്തേണ്ടത് പ്രധാനമാണെന്നും അൽ കുബൈസി വിശദീകരിച്ചു.
ഫോൺ കാളുകളിൽ ചിലത് പ്രത്യേക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് അന്തർദേശീയ നമ്പറുകളിൽനിന്നാണ് വരുന്നത്. സാമ്പത്തിക സൈബർ കുറ്റകൃത്യ വിരുദ്ധ വകുപ്പിന് ഈ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പൂർണമായി അറിയാമെന്നും പരിഹരിക്കാനാവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ ഖത്തർ നമ്പറുകളിൽനിന്നും വിദേശ നമ്പറുകളിൽ നിന്നുമായി നിരവധി പേർക്കാണ് ഫോൺ വിളികളെത്തുന്നത്. ലക്ഷം റിയാൽ സമ്മാനം ലഭിച്ചുവെന്നും അല്ലെങ്കിൽ അടിയന്തരമായി ബാങ്ക് വിവരം വേണമെന്നും ആവശ്യപ്പെട്ടാണ് വിവിധ ഭാഷകളിൽ വിളിയെത്തുന്നത്. ഈ നമ്പറുകളിൽ തിരികെ വിളിച്ചാൽ ആളെ കണ്ടെത്താനും കഴിയില്ല. ഇതിനു പുറമെ, വിവിധ സ്ഥാപനങ്ങളുടെ പേരിൽ സമ്മാനം ലഭിച്ചെന്ന് അറിയിക്കുന്ന ലിങ്കുകളുമായി വാട്സ്ആപ് സന്ദേശം അയച്ചും തട്ടിപ്പു നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

