Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഓർമയുടെ വലക്കഷണങ്ങൾ...

ഓർമയുടെ വലക്കഷണങ്ങൾ...

text_fields
bookmark_border
ഓർമയുടെ വലക്കഷണങ്ങൾ...
cancel

1986ലെ ലോകകപ്പ് നടക്കുമ്പോൾ ഞാൻ തൃശൂർ ഇരിങ്ങാലക്കുടക്ക് അടുത്ത് നടവരമ്പ് കല്ലംകുന്ന് എന്ന ഗ്രാമത്തിലെ, കളിയെ കുറിച്ച് ഒരു ധാരണയുമില്ലാത്ത ഒരു കുട്ടിയായിരുന്നു. അയൽപക്കത്തെ ടിവിയിലാണ് അന്ന് കളികണ്ടത്. ലോക ഇതിഹാസമായി മാറിയ, ദൈവത്തിന്റെ കൈകൊണ്ടും പിന്നീട് കാലുകൊണ്ടും ഉദിച്ചുയർന്ന മറഡോണയുടെ കളി ആകസ്മികമായി കാണാൻ പറ്റി, ഫൈനലും കണ്ടു.

1990 ൽ വീട്ടിൽ ടിവി വാങ്ങിയിരുന്നു. ‘ഇറ്റാലിയ’90” ഒരു സംഭവം തന്നെയായിരുന്നു. സ്കില്ലാച്ചി, റോബർട്ടോ ബാജിയോ, റോജർ മില്ല, ഗ്യാരീ ലെനേക്കർ, ബ്രഹ്മ അങ്ങനെ എത്രയെത്ര ഹീറോകൾ…. അങ്ങനെ ഓരോ ലോകകപ്പും വിടാതെ കണ്ടുകൊണ്ടിരുന്നു.

പ്രവാസത്തിനിടയിൽ ഖത്തറിൽ എത്തുന്നത് 2006 ലാണ്. 2019 ലാണ് ഫിഫ വളണ്ടിയർ ആയിട്ട് എനിക്ക് അവസരം കിട്ടിയത്. ഫിഫ ക്ലബ്ബ് വേൾഡ് കപ്പ് 2019 ൽ ഖലീഫ സ്റ്റേഡിയത്തിലും അൽസാദ് സ്റ്റേഡിയത്തിലും എന്റെ സേവനം നൽകാനായി. ആ അവസരം എനിക്ക് സുപ്രീം കമ്മിറ്റിയിൽ സ്റ്റേഡിയം സേഫ്റ്റി മാനേജർ ആകാൻ അവസരം തുറന്നു നൽകി. ഞാൻ എന്റെ സ്വപ്നത്തോട് ഒരു പടികൂടി അടുക്കുകയായിരുന്നു

ഫിഫയുടെ നേതൃത്വത്തിൽ നടന്ന ആദ്യ അറബ് കപ്പിലും (2021 ഡിസംബർ) തുടർന്ന് 2022 മാർച്ച് 31 ൽ നടന്ന ഫിഫ കോൺഗ്രസിലും ഫിഫ ഫൈനൽ നറുക്കെടുപ്പിലും നൽകിയ അനുഭവസത്താണ് എന്നെ എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിന്റെ സേഫ്റ്റി മാനേജർ ആക്കിയത്. വർഷങ്ങളോളം ഖത്തർ നടത്തിയ മുന്നൊരുക്കം കാരണം എട്ടു മത്സരങ്ങളും കുറ്റമറ്റതാക്കി മുന്നോട്ടു കൊണ്ടുപോകാനായി. പിന്നീട്, ലൂസൈൽ സ്റ്റേഡിയത്തിൽ അവസരം കിട്ടി. സെമിഫൈനൽ ഭംഗിയായി കഴിഞ്ഞു. ലോകം ഉറ്റുനോക്കുന്ന ഫൈനൽ മത്സരത്തിൽ എനിക്ക് മത്സരത്തിനു മുമ്പുള്ള കലാപരിപാടികളുടെയും ട്രോഫി നൽകാനുള്ള സ്റ്റേജിന്റെയും സേഫ്റ്റി ഉറപ്പാക്കുക എന്ന ഉത്തരവാദിത്വമുള്ള ജോലിയായിരുന്നു. മത്സരത്തിനു മുമ്പുള്ള എല്ലാ കലാപരിപാടികളും വളരെ മനോഹരമായി കഴിഞ്ഞു. എനിക്ക് ഇനി ട്രോഫി നൽകാനുള്ള സ്റ്റേജിന്റെ കാര്യം മാത്രം നോക്കിയാൽ മതി. അതിനായി ഒരു പ്രത്യേക ടീം തന്നെയുണ്ട്. ലോകകപ്പിന്റെ ലോഗോ പോലെയുള്ള സ്റ്റേജ് വിവിധഭാഗങ്ങളായി ചക്രത്തിൽ ഉറപ്പിച്ചിരിക്കുന്നു കളികഴിഞ്ഞ് സെക്യൂരിറ്റി ക്ലിയറൻസ് കിട്ടിയാൽ അത് ഉന്തി നിശ്ചിതസ്ഥാനത്ത് വയ്ക്കണം, കൈവരി ഉറപ്പിക്കണം. മറ്റ് ഐറ്റംസ് അതിന് പിന്നിൽ വെക്കണം. അതിൽ പങ്കെടുത്ത എല്ലാവരും തിരിച്ചു ഗ്രൗണ്ടിൽ നിന്ന് പിൻവാങ്ങി എന്ന് ഉറപ്പുവരുത്തണം. ഗ്രൗണ്ടിൽ അന്ന് പ്രവേശിക്കാനുള്ള കറുത്ത എൻട്രി പാസ് എനിക്ക് ഉണ്ടായിരുന്നു.

കളി ഏറ്റവും മികച്ച ഫൈനലുകളിൽ ഒന്നായിരുന്നു എന്ന് തർക്കം ഇല്ലല്ലോ. 75 മിനിറ്റ് ആയപ്പോഴേക്കും സ്റ്റേജിന്റെ ഭാഗങ്ങൾ നോർത്ത് വെസ്റ്റ് ടണലിലൂടെ പ്രവേശിപ്പിക്കാനായി ഉള്ള അനുവാദത്തിനായി എന്റെ സഹപ്രവർത്തകർ വിളിച്ചു ചോദിച്ചു. ഇപ്പോൾ സ്‍സ്കോർ 2 -0, ഇനി എന്താകാൻ അർജന്റീന തന്നെ. നോർത്ത് ടണലിൽ ഓരോ ഭാഗങ്ങളായി അവർ ഉരുട്ടി ഉരുട്ടി സ്റ്റേജിന്റെ ഭാഗങ്ങൾ ഒന്നായി പ്രവേശിപ്പിച്ചു. ഞാൻ അതേസമയം സ്റ്റേഡിയത്തിന്റെ മറ്റൊരു മൂലയിൽ കളി ആസ്വദിച്ചു നിൽക്കുകയായിരുന്നു. പതുക്കെ പുറത്തുകടന്ന് സ്റ്റേഡിയത്തിന്റെ പുറത്തുകൂടെ നടന്നപ്പോൾ ആരവങ്ങൾ അകത്തുനിന്നും കേൾക്കുന്നുണ്ട്. നോർത്ത് വെസ്റ്റ് ടണലിൽ എത്തിയപ്പോൾ സ്കോർ 2-2, ഞാൻ ഞെട്ടിത്തരിച്ചു പോയി കളി നീളും, സ്റ്റേജിന്റെ ഭാഗങ്ങൾ ടണലിന്റെ ഉള്ളിൽ എത്തിക്കഴിഞ്ഞു.

പിന്നീട് കളി അർജന്റീന ജയിച്ച് സ്റ്റേഡിയം മുഴുവൻ ആഹ്ലാദത്തിമിർപ്പിലായി.

നോർത്ത് വെസ്റ്റ് കോർണറിൽ വെസ്റ്റ്സൈഡിലാണ് കളിക്കാരുടെ കുടുംബാംഗങ്ങൾ ഉണ്ടായിരുന്നത്. ഓരോ കളിക്കാർ അവിടെ ഓടിയെത്തി അവരുടെ കുടുംബത്തിന ഗ്രൗണ്ടിൽ ഇറക്കാനായി ആവശ്യപ്പെടുന്നുണ്ട്. ഞാൻ ഓരോരുത്തരെയും ആവേശം കണ്ടു കൊണ്ട്നോക്കി നിൽക്കുകയാണ്. മെസ്സിയുടെ കുടുംബമൊഴിച്ച് ഒരു വിധം ആളുകൾ അവിടെ ഉണ്ടായിരുന്നു. സുരക്ഷാ ജീവനക്കാർ ആശ്രാന്തം പരിശ്രമിച്ചു പരിശ്രമിച്ച് ആ തിരക്കിനിടയിൽ നിന്ന് ഓരോ കളിക്കാർ കാണിച്ച കുടുംബാംഗങ്ങളെ ശ്രമപ്പെട്ട് ഗ്രൗണ്ടിൽ എത്തിച്ചു കൊണ്ടിരുന്നു. ഈ കുടുംബാംഗങ്ങൾ നേരെ പോയത് ഗോൾ പോസ്റ്റിന്റെ വല മുറിക്കാനാണ്. ഓരോരുത്തരും വലമുറിച്ച് വലിയ കഷണങ്ങൾ അവരുടെ കൈകളിൽ ചുറ്റി നടന്നു. അവരുടെ സുവനീർ ഫൈനൽ മത്സരത്തിന്റെ ഗോൾ വലയുടെ കഷണങ്ങളായിരുന്നു

പിറ്റേദിവസം, ബാക്കി വന്ന രണ്ടു ചെറിയ വലക്കഷണങ്ങൾ ഞാൻ പോസ്റ്റിൽനിന്ന് സംഘടിപ്പിച്ചു. അതൊരു വീഡിയോയിൽ പകർത്തി ‘നെറ്റ് ഓഫ് ലാസ്റ്റ് വേൾഡ് കപ്പ് ഫൈനൽ ഗോൾ പോസ്റ്റ്’ ! ഇന്ന് അത് വളരെയധികം ഓർമ്മകൾക്ക് ആക്കം കൂട്ടാനായി എന്റെ കയ്യിൽ ഇരിക്കുന്നുണ്ട്. സുപ്രീം കമ്മിറ്റിയിൽ 2024 March വരെ തുടർന്നു ഏഷ്യാ കപ്പ് 2023ലും സ്റ്റേഡിയം സേഫ്റ്റി മാനേജരായി എജുക്കേഷൻ സിറ്റിയിൽ സേവനമനുഷ്ഠിച്ചു.

ഇത്തവണ യു എസ് എയിൽ രണ്ട് കളികൾ കാണാനായി ടിക്കറ്റ് കിട്ടിയിട്ടുണ്ട്. സഹധർമ്മിണിയോടൊത്താണ് ഈ ലോകകപ്പ് യാത്ര.

തയാറാക്കിയത്: ചിത്രകുമാർ തിലകൻ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf madhyamamQatarNewsFootball FanFIFAWorldCup
News Summary - Fragments of memory...
Next Story