ഖത്തറിൽ നാലു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം; സർക്കാർ സ്ഥാപനങ്ങൾക്ക് അവധി
text_fieldsദോഹ: ഖത്തർ മുൻ ഭരണാധികാരി ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ നിര്യാണത്തെ തുടർന്ന് രാജ്യത്ത് നാല് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചതായി ഖത്തർ വാർത്ത ഏജൻസി അറിയിച്ചു. ഞായറാഴ്ചയാണ് അമീരി ദിവാൻ ദുഃഖാചരണവും പൊതുഅവധിയും പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
ഔദ്യോഗിക ദുഃഖാചരണത്തിന്റെ ഭാഗമായി രാജ്യത്തുടനീളം ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. തിങ്കളാഴ്ച മുതൽ എല്ലാ മന്ത്രാലയങ്ങൾക്കും സർക്കാർ ഏജൻസികൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും ഔദ്യോഗിക അവധിയായിരിക്കും. തുടർന്ന് വരുന്ന വാരാന്ത്യ അവധി ദിവസങ്ങൾക്ക് ശേഷം ജൂലൈ 19ന് ജീവനക്കാർ തിരികെ ജോലിയിൽ പ്രവേശിക്കുമെന്നും അമീരി ദിവാൻ അറിയിച്ചു.
ഞായറാഴ്ച രാവിലെയോടെയായിരുന്നു ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ പിതാവ് കൂടിയായ ഹമദ് ബിൻ ഖലീഫ ആൽഥാനി അന്തരിച്ചത്. 1995 മുതൽ 2013 വരെ നീണ്ട 18 വർഷക്കാലം ഖത്തറിന്റെ അമീറായിരുന്നു. തുടർന്ന് നാലാമത്തെ മകനും നിലവിലെ അമീറുമായ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് അധികാരം കൈമാറി. ആധുനിക ഖത്തറിന്‍റെ ശിൽപിയും പ്രഗത്ഭ ഭരണാധികാരിയുമായിരുന്നു.
ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ 18 വർഷത്തെ ഭരണകാലത്താണ് ഖത്തർ സാമ്പത്തിക ശക്തിയായി വളരുന്നത്. ഗൾഫിലെ ചെറിയ രാജ്യമായ ഖത്തറിനെ ആഗോള തലത്തിൽ തന്നെ നിർണായക സ്വാധീനമുള്ള രാജ്യമാക്കി മാറ്റി. സാമ്പത്തിക-ഊർജ മേഖലകളിൽ മുന്നേറ്റം ഉണ്ടാക്കിയതിനൊപ്പം രാജ്യത്തെ ആധുനികവത്കരിക്കാനും നേതൃത്വം നൽകി. ഫാദർ അമീറിന്‍റെ ഭരണ കാലത്താണ് ആഗോള മധ്യസ്ഥ ശ്രമങ്ങളുടെയും നയതന്ത്ര പരിഹാരങ്ങളുടെയും നേതൃ സ്ഥലത്തേക്ക് ഖത്തർ ഉയർന്നു വന്നത്. ഖത്തറിനെ ലോകം അംഗീകരിക്കുന്ന ഒരു പ്രമുഖ നയതന്ത്ര മധ്യസ്ഥ രാജ്യമായി മാറ്റിയെടുത്തത് അദ്ദേഹത്തിന്റെ ധീരവും ദീർഘവീക്ഷണമുള്ളതുമായ വിദേശനയങ്ങളായിരുന്നു. സാമൂഹിക, സാംസ്കാരിക രംഗത്തും രാജ്യം വലിയ മുന്നേറ്റം കൈവരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

