ഫോർമുല വൺ: ലുസൈൽ ഒരുങ്ങുന്നു; ഇത്തവണ ഹസം ലോഞ്ചും
text_fieldsലുസൈൽ ഇന്റർനാഷനൽ സർക്യൂട്ടിലെ മത്സരം
ദോഹ: ലോകത്തെ അതിവേഗക്കാർ മാറ്റുരക്കുന്ന കാറോട്ടപ്പൂരത്തിനുള്ള ഒരുക്കങ്ങൾ സജീവമാക്കി ഖത്തർ ഗ്രാൻഡ് പ്രീ വേദിയായ ലുസൈൽ ഇന്റർനാഷനൽ സർക്യൂട്ട്.
കഴിഞ്ഞ മാർച്ചിൽ ബഹ്റൈൻ ഗ്രാൻഡ്പ്രീയോടെ ആരംഭിച്ച പുതിയ സീസണിൽ അവസാന മത്സരങ്ങളായാണ് ഖത്തറിലും പിന്നാലെ അബൂദബിയിലും കാറോട്ടം നടക്കുന്നത്. നവംബർ 29 മുതൽ ഡിസംബർ ഒന്ന് വരെയായി നടക്കുന്ന മത്സരത്തിനുള്ള ഒരുക്കങ്ങൾ ലുസൈൽ ഇന്റർനാഷനൽ സർക്യൂട്ടിൽ (എൽ.ഐ.സി) നേരത്തേ ആരംഭിച്ചു. 24 ഗ്രാൻഡ്പ്രീകൾ ഉൾപ്പെടുന്ന സീസണിൽ നിലവിൽ 14 ഗ്രാൻഡ് പ്രീ പൂർത്തിയായി. 23ാമത് ഗ്രാൻഡ്പ്രീയാണ് ഖത്തറിലേത്.
നേരത്തേ രണ്ടു തവണ ഗ്രാൻഡ്പ്രീക്ക് വേദിയായ ഖത്തറിനെ കഴിഞ്ഞ വർഷം മുതൽ തുടർച്ചയായി പത്തു വർഷത്തേക്കുള്ള വേദിയായി തിരഞ്ഞെടുത്തിരുന്നു. വിപുല സൗകര്യങ്ങളാണ് ഇത്തവണ ഒരുക്കുന്നത്. റേസിനെത്തുന്നവർക്കുള്ള ഹോസ്പിറ്റാലിറ്റിയുടെ ഭാഗമായി ലുസൈൽ ഹിൽ ലോഞ്ച് നിർമിക്കുമെന്ന് എൽ.ഐ.സി അറിയിച്ചു.
ലുസൈൽ സർക്യൂട്ടിലെ ഹിൽ ലോഞ്ച്
ലുസൈൽ ഹില്ലിൽനിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ‘ലുസൈൽ ഹസം’ എന്ന പേരിൽ പുതിയ ലോഞ്ചിന്റെ രൂപകൽപന നിർവഹിച്ചിരിക്കുന്നത്. പൊതു പ്രവേശന ടിക്കറ്റുകൾ ഉപയോഗിച്ച് ആരാധകർക്ക് ഇവിടെ പ്രവേശിക്കാൻ സാധിക്കും.
ഓപൺ എയറിലെ ഏറ്റവും മികച്ച അന്തരീക്ഷമാണ് ഇതിന്റെ സവിശേഷത. മുമ്പത്തേക്കാൾ ആരാധകരെ ഏറ്റവും അടുത്തുനിന്ന് മത്സരങ്ങൾ വീക്ഷിക്കാനും മികച്ച കാഴ്ച നൽകാനും ലുസൈൽ ഹസം ലോഞ്ചിന് സാധിക്കും.
ലുസൈൽ ഹസം ലോഞ്ച് ഹോസ്പിറ്റാലിറ്റി പാക്കേജിൽ റേസ് ട്രാക്ക് വൺ, ടു ടേണുകളിൽ പ്രവേശിക്കുമ്പോൾ റേസിങ് കാറുകളുടെ മികച്ച കാഴ്ചയാണ് വാഗ്ദാനം ചെയ്യുന്നത്. ഓപൺ എയർ ടെറസ് രൂപകൽപനയാണിതിന് നൽകിയിരിക്കുന്നത്. സ്പ്രിന്റ് റേസ്, ഫോർമുല ടു, എഫ് വൺ അക്കാദമി വിഭാഗം, ഫോർമുല വൺ എന്നിവയുൾപ്പെടെ നിരവധി മത്സരങ്ങൾക്കെത്തുമ്പോൾ അതിഥികൾക്ക് മികച്ചതും വൈവിധ്യവുമാർന്ന ഭക്ഷണരീതികളും വിഭവങ്ങളും ഇവിടെനിന്ന് ആസ്വദിക്കാനും സാധിക്കും.
സാധ്യമായ ഏറ്റവും മികച്ച സംഘാടനം ഉറപ്പാക്കാൻ വിവിധ ഹോസ്പിറ്റാലിറ്റി പാക്കേജുകൾ മുന്നോട്ടുവെക്കുന്നതിന് പുറമെയാണ് പുതിയ ലുസൈൽ ഹസം ലോഞ്ചും പ്രഖ്യാപിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

