പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി അന്തരിച്ചു; ഖത്തർ അമീറിന്‍റെ പിതാവ്
text_fieldsദോഹ: ആധുനിക ഖത്തറിന്റെ ശിൽപിയും ഖത്തറിന്റെ മുൻ ഭരണാധികാരിയും പിതാവ് അമീറുമായ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി (74) അന്തരിച്ചു. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ പിതാവാണ്.
ഞായറാഴ്ച രാവിലെയോടെയായിരുന്നു അന്ത്യമെന്ന് ഖത്തർ അമീരി ദിവാൻ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. 1995 മുതൽ 2013 വരെ നീണ്ട 18 വർഷക്കാലം ഖത്തറിന്റെ അമീറായിരുന്ന അദ്ദേഹം രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കുതിച്ചുചാട്ടങ്ങൾക്ക് അടിത്തറയിട്ട നേതാവാണ്.
ആധുനിക ഖത്തറിന്റെ മുന്നേറ്റത്തിന് നിർണായക സംഭാവനകൾ നൽകിയ അദ്ദേഹം, തന്റെ ദീർഘവീക്ഷണത്തോടെയുള്ള ഭരണത്തിലൂടെ രാജ്യത്തെ ആഗോള ഭൂപടത്തിൽ മുൻനിരയിലേക്ക് നയിച്ചു. 1995 ജൂൺ 27 ന് അധികാരമേറ്റയുടനെ വികസന, പരിഷ്കരണ പദ്ധതികളും പരിപാടികളും അദ്ദേഹം ആവിഷ്കരിച്ചു. ഖത്തറിന്റെ സാമ്പത്തിക മുന്നേറ്റത്തിനും വിദ്യാഭ്യാസ, സാംസ്കാരിക, മാധ്യമ മേഖലകളിലെ വിപ്ലവകരമായ പുരോഗതിക്കും നിർണായകമായ സംഭാവനകൾ നൽകി. അദ്ദേഹത്തിന്റെ ഭരണകാലത്ത് ഖത്തർ കൈവരിച്ച വൻ സാമ്പത്തിക, സാമൂഹിക, സാംസ്കാരിക പുരോഗതിയാണ് അന്താരാഷ്ട്ര തലത്തിൽ ഖത്തറിനെ വളർത്തിയത്.
1952 ജനുവരിയിൽ ദോഹയിൽ ജനിച്ച ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി, പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം പ്രശസ്തമായ ബ്രിട്ടീഷ് റോയൽ മിലിട്ടറി അക്കാദമിയിൽ (സാൻഡ്ഹേഴ്സ്റ്റ്) നിന്ന് ബിരുദം നേടി. തുടർന്ന് ഖത്തർ സായുധ സേനയിൽ ചേർന്ന അദ്ദേഹം മേജർ ജനറൽ പദവി സ്ഥാനവും വഹിച്ചു. ഖത്തർ സായുധ സേനയുടെ പ്രതിരോധ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിൽ ഇക്കാലയളവിൽ നിർണായക പങ്ക് വഹിച്ചു. 1977 മേയ് 31ന് കിരീടാവകാശിയായും പ്രതിരോധ മന്ത്രിയായും നിയമിതനായി. 1989ൽ സുപ്രീം കൗൺസിൽ ഫോർ പ്ലാനിങ് ചെയർമാനായും ചുമതലയേറ്റു. ഖത്തറിന്റെ സാമ്പത്തിക വളർച്ചക്കൊപ്പം, വലിയ രാഷ്ട്രീയ പരിഷ്കാരങ്ങൾക്കും അദ്ദേഹം തുടക്കമിട്ടു.
ഖത്തറിന്റെ ചരിത്രത്തിലെ ആദ്യത്തെ സ്ഥിരം ഭരണഘടന നിർമിച്ചതും, സ്ത്രീകൾക്ക് വോട്ട് ചെയ്യാനും സ്ഥാനാർത്ഥിയാകാനുമുള്ള അവകാശം നൽകിക്കൊണ്ട് മുൻസിപ്പൽ തെരഞ്ഞെടുപ്പ് ആരംഭിച്ചതും അദ്ദേഹത്തിന്റെ ഭരണകാലത്താണ്. 2022ലെ ഫിഫ ലോകകപ്പ് ഫുട്ബാളിന് ഖത്തർ ആതിഥേയത്വം വഹിച്ചതിന് പിന്നിലെ പ്രധാന പ്രേരകശക്തിയായി അദ്ദേഹം പ്രവർത്തിച്ചു. ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിനെത്തിയ അദ്ദേഹത്തെ സ്റ്റേഡിയത്തിലെ പതിനായിരക്കണക്കിന് ആരാധകർ എഴുന്നേറ്റ് നിന്ന് വലിയ കൈയടികളോടെയാണ് വരവേറ്റത്.
ഒട്ടനവധി അന്താരാഷ്ട്ര ബഹുമതികളും പുരസ്കാരങ്ങളും നേടിയിട്ടുള്ള അദ്ദേഹം, 18 വർഷത്തെ വിജയകരമായ ഭരണത്തിന് ശേഷം 2013 ജൂൺ 25ന് മകനും കിരീടാവകാശിയുമായ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് ഭരണം കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

