അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടേത് മികച്ച ടീം –മുൻ പ്രധാനമന്ത്രി
text_fieldsദോഹ: അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നേതൃത്വത്തിൽ മികച്ച ടീമാണ് രാജ്യത്തിെൻറ ഭരണ നേതൃത്വം കയ്യാളുന്നതെന്ന് മുൻ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായിരുന്ന ശൈഖ് ഹമദ് ബിൻ ജാസിം ബിൻ ജബർ ആൽഥാനി. അമീറിെൻറ നേതൃത്വത്തിൽ മികച്ച മുന്നേറ്റമാണ് രാജ്യം നടത്തുന്നത്. രാജ്യത്തിന് മേൽ ആരോപണങ്ങൾ കെട്ടിച്ചമച്ച് ഉപരോധം ഏർപ്പെടുത്തിയ രീതി ലോക രാജ്യങ്ങളെ കൊണ്ട് അംഗീകരിപ്പിക്കാൻ കഴിയില്ല. ഖത്തർ ടെലിവിഷന് നൽകിയ സുദീർഘമായി അഭിമുഖത്തിലാണ് മുൻ പ്രധാനമന്ത്രി മേഖലയിലെ സംഭവവികാസങ്ങളെ വിശകലനം ചെയ്ത് സംസാരിച്ചത്.
രാജ്യത്തിന് എതിരിൽ വലിയ ഗൂഡാലോചന ഉണ്ടായിരുന്നു എന്ന കാര്യം വ്യക്തമാണ്. ഉപരോധം ഒരു കാരണം കൊണ്ട് മാത്രം ഉണ്ടായതാണെന്ന് താൻ വിശ്വസിക്കുന്നില്ല. മുൻകൂട്ടി പദ്ധതിയിട്ട് കൃത്യമായ ആസൂത്രണത്തോട് കൂടി ചെയ്തതാണിത്. ജി.സി.സി സംവിധാനം ഈ പ്രശ്നത്തിൽ പൂർണമായും അപ്രത്യക്ഷമാണ്. ജി.സി.സിക്ക് ഇത്തരമൊരു ഘട്ടത്തിൽ പലതും ചെയ്യാനുണ്ട്. പക്ഷേ ആ സംവിധാനത്തെ നിഷ്ക്രിയമാക്കിയിരിക്കുന്നുവെന്ന് ശൈഖ് ഹമദ് ബിൻ ജാസിം കുറ്റപ്പെടുത്തി. സൗദി അറേബ്യ മേഖലയിലെ ഏറ്റവും ശക്തവും വലുതുമായ രാജ്യമാണ്. ചെറിയ രാജ്യങ്ങളെ അംഗീകരിക്കാനും ഉൾകൊള്ളാനും സൗദി അറേബ്യക്ക് കഴിയുമെന്നാണ് എെൻറ വിശ്വാസം. രാജ്യങ്ങൾക്കിടയിൽ ഉണ്ടാകുന്ന ഭിന്നതകൾ പരസ്പരം കൂടിയിരുന്ന് ചർച്ചകളിലൂടെ പരിഹരിക്കാൻ കഴിയേണ്ടതാണ്. ജി.സി.സി നേതൃത്വത്തിലേക്ക് പലപ്പോഴും എത്താൻ അവസരം ലഭിച്ചപ്പോഴും മറ്റുള്ളവർക്ക് വേണ്ടി വിട്ടുവീഴ്ചക്ക് തയ്യാറായ ചരിത്രമാണ് ഖത്തറിനുള്ളത്. മസ്ഖത്ത് ഉച്ചകോടിയിൽ ഖത്തറിന് ലഭിക്കേണ്ടിയിരുന്ന സെക്രട്ടറി ജനറൽ പദവി സൗദി ആവശ്യപ്പെട്ടപ്പോൾ എതിർപ്പ് പ്രകടിപ്പിക്കാതെ പിൻമാറിയ ചരിത്രമാണ് ഖത്തറിനുള്ളത്. ഖത്തറിൽ പിടിയിലായ സൗദി സൈനിക ഉദ്യോഗസ്ഥരെ അബ്ദുല്ല രാജാവിെൻറ അഭ്യർത്ഥന പ്രകാരം വിട്ടുകൊടുത്ത പാരമ്പര്യമാണ് ഉള്ളത്.
ഏത് സന്ദർഭത്തിലും വിട്ടുവീഴ്ച ചെയ്ത് പൊതുതാൽപര്യം ഹനിക്കാതെ ശ്രമിച്ച രാജ്യമാണ് ഖത്തറെന്നും ശൈഖ് ഹമദ് ബിൻ ജാസിം അഭിപ്രായപ്പെട്ടു. അൽജസീറ ചാനൽ അറബ് ലോകത്ത് വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ട ചാനലുകളിൽ ഒന്നാണ്. അറബ് ലോകത്തെ വാർത്തകൾ അറബ് ലോകത്തിന് പുറത്തേക്ക് കൂടി എത്തിക്കുകയെന്ന ലക്ഷ്യത്തേടെയാണ് ചാനൽ നിലവിൽ വന്നത്. ചിപ്പോഴൊക്കെ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെങ്കിലും ലക്ഷ്യത്തിൽ നിന്ന് മാറാതെ മുന്നോട്ട് പോകാൻ ഒരു പരിധി വരെ അൽജസീറക്ക് സാധിച്ചതായി മുൻ പ്രധാനമന്ത്രി വ്യക്തമാക്കി.
ഖത്തറിൽ അമേരിക്കൻ സൈനിക താവളത്തിന് അനുമതി നൽകിയത് സൗദി ഭരണാധികാരി സൽമാൻ രാജാവിെൻറ കൂടി അഭ്യർത്ഥന പ്രകാരമായിരിന്നുവെന്ന് അന്നത്തെ പ്രധാനമന്ത്രി കൂടിയായ ശൈഖ് ഹമദ് ബിൻ ജാസിം വെളിപ്പെടുത്തി. ഏതോ ചില തെറ്റിദ്ധാരണകൾ കാരണം അമേരിക്കയുടെ കരിമ്പട്ടികയിലായിരുന്ന ഖത്തർ, സൈനിക താവളത്തിന് അനുമതി നൽകിയതോട് കൂടിയാണ് ആ പട്ടികയിൽ നിന്ന് നീങ്ങിയത്. ഇറാൻ വിപ്ലവത്തിന് ശേഷം ആദ്യമായി 1989ൽ മേഖലയിൽ നിന്ന് ഇറാൻ സന്ദർശിച്ച വ്യക്തിയാണ് താൻ. അന്ന് മുൻസിപ്പൽ അഫേഴ്സ് മന്ത്രിയായിരുന്നു. മേഖലയിലെ വലുതും ശക്തവുമായ രാജ്യമാണ് ഇറാൻ. ഇറാനുമായി നല്ല ബന്ധമാണ് രാജ്യം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
