നൂറ് ബില്യൺ ഡോളർ വിദേശ നിക്ഷേപം ലക്ഷ്യമെന്ന് വാണിജ്യ മന്ത്രി
text_fieldsവാണിജ്യ വ്യവസായ മന്ത്രി ശൈഖ് ഫൈസൽ ബിൻ ഥാനി ബിൻ ഫൈസൽ ആൽ ഥാനി
ദോഹ: 2030ഓടെ പെട്രോൾ ഇതര ജി.ഡി.പിയിൽ 3.4 ശതമാനം വാർഷിക വളർച്ച കൈവരിക്കുന്നതിനും 10,000 കോടി ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപം ആകർഷിക്കുന്നതിനുമായി നിരവധി സംരംഭങ്ങൾക്ക് രാജ്യം തുടക്കംകുറിച്ചതായി വാണിജ്യ വ്യവസായ മന്ത്രി ശൈഖ് ഫൈസൽ ബിൻ ഥാനി ബിൻ ഫൈസൽ ആൽ ഥാനി. സാമ്പത്തിക വൈവിധ്യവത്കരണത്തിന്റെ എൻജിനുകളാണ് ചെറുകിട, ഇടത്തരം സംരംഭങ്ങളെന്നും (എസ്.എം.ഇ) അദ്ദേഹം അഭിപ്രായപ്പെട്ടു.
മന്ത്രാലയത്തിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് 216 പദ്ധതികളും സംരംഭങ്ങളുമാണ് ആവിഷ്കരിച്ചിരിക്കുന്നതെന്നും, ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ വളർച്ചയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ദേശീയ സ്വയംപര്യാപ്തത, ബൗദ്ധിക സ്വത്തവകാശ സംരക്ഷണം, പൊതു-സ്വകാര്യ പങ്കാളിത്തത്തിന്റെ ശാക്തീകരണം എന്നിവക്ക് ഈ പദ്ധതികൾ ഊന്നൽ നൽകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച വാണിജ്യ വ്യവസായ നയം, ദേശീയ ഉൽപാദന നയം എന്നിവയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 2030ഓടെ 2.75 ബില്യൺ റിയാലിന്റെ വാർഷിക വ്യവസായിക നിക്ഷേപങ്ങൾ ആകർഷിക്കും. വ്യവസായിക അടിത്തറ 50 ശതമാനം വൈവിധ്യവത്കരിക്കുക, സ്വകാര്യ മേഖലയുടെ മൂല്യവർധിത സംഭാവന 36 ബില്യൺ റിയാലായി ഉയർത്തുക, വ്യവസായിക മത്സര സൂചികയിലെ മികച്ച 40 രാജ്യങ്ങളിൽ ഒന്നാക്കി ഖത്തറിനെ മാറ്റുക എന്നിവയാണ് മറ്റു ലക്ഷ്യങ്ങൾ.
വെല്ലുവിളികളെ മറികടക്കാനും, ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാനുമുള്ള ഖത്തറിന്റെ പ്രാപ്തിയിൽ ആത്മവിശ്വാസമുണ്ടെന്നും, നയം വിജയകരമായി നടപ്പാക്കുന്നതിന് സർക്കാർ സ്ഥാപനങ്ങൽ, സ്വകാര്യ മേഖലയിലെ പങ്കാളികൾ, അന്താരാഷ്ട്ര പങ്കാളികൾ എന്നിവരുടെ തുടർച്ചയായ സഹകരണം അനിവാര്യമാണെന്നും ശൈഖ് ഫൈസൽ ഥാനി ഫൈസൽ ആൽ ഥാനി ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

