പ്രയോജനപ്പെടുത്താം;ഫോറിൻ കറൻസി നോൺ റസിഡന്റ് അക്കൗണ്ട്
text_fieldsപ്രവാസികളായ നമുക്ക് പരിചിതമാണ് എൻ.ആർ. ഇ. അക്കൗണ്ടും എൻ.ആർ.ഒ അക്കൗണ്ടും. എന്നാൽ, നമുക്ക് തുടങ്ങാവുന്ന മറ്റൊരു അക്കൗണ്ട് ആണ് എഫ്.സി. എൻ.ആർ (ബി) അഥവാ ഫോറിൻ കറൻസി നോൺ റസിഡന്റ് ( ബാങ്ക്) അക്കൗണ്ട്. ഈ അക്കൗണ്ടിൽ പ്രമുഖ വിദേശ കറൻസികളായ, യു.എസ് ഡോളർ, ബ്രിട്ടൻ പൗണ്ട്, യുറോ, ജപ്പാൻ യെൻ തുടങ്ങിയവയിലാണ് പ്രവർത്തിക്കുക.
അക്കൗണ്ട് എങ്ങനെ തുടങ്ങാം
അനുവദിക്കുന്ന കറൻസികളിൽ വിദേശത്തുനിന്ന് നേരിട്ടോ നിലവിൽ ഉള്ള എൻ.ആർ. ഇ അക്കൗണ്ടിൽനിന്നുള്ള ഇന്ത്യൻ രൂപ വിദേശ കറൻസിയായി മാറ്റിയോ FCNR അക്കൗണ്ട് തുടങ്ങാവുന്നതാണ്. അക്കൗണ്ട് ഒറ്റക്കോ രണ്ടോ അതിലധികമോ പ്രവാസികൾ ചേർന്നോ, ഒരു പ്രവാസിയും നാട്ടിൽ റസിഡന്റ് ആയ ബന്ധുക്കൾ ചേർന്നോ ജോയന്റ് അക്കൗണ്ട് ആയോ ആരംഭിക്കാം.
1- ഒരു വർഷം മുതൽ അഞ്ചു വർഷം വരെയുള്ള കാലാവധിയിൽ സ്ഥിര നിക്ഷേപമായാണ് ഈ അക്കൗണ്ട് പ്രവർത്തിക്കുക.
2- ഈ അക്കൗണ്ട് വിദേശ കറൻസിയിലായതിനാൽ നിക്ഷേപം കാലാവധി പൂർത്തിയാവുമ്പോൾ അന്നത്തെ നിരക്കിലുള്ള ഇന്ത്യൻ രൂപ ലഭിക്കുമെന്നതിനാൽ, സാധാരണ പണ മൂല്യത്തിൽ വരുന്ന മാറ്റങ്ങളിൽനിന്ന് സംരക്ഷണം ലഭിക്കും. പ്രത്യേകിച്ചും, ഇന്നത്തെ സാഹചര്യങ്ങളിൽ.
3 - വിദേശത്ത് നടത്തേണ്ട പേയ്മെന്റുകൾക്ക് ഈ പണം വിനിയോഗിക്കാം.
4 - കാലവധിക്കുശേഷം മുഴുവൻ തുകയും വിദേശത്തേക്ക് തിരികെ സ്വതന്ത്രമായി കൊണ്ടുപോവാം. ഒരു നിയമ പ്രശ്നങ്ങളും ഉണ്ടാവില്ല. അതുപോലെ പണം തിരികെ എൻ.ആർ. ഇ അക്കൗണ്ടിലേക്കോ മാറ്റുകയോ ഇന്ത്യയിൽ വിനിയോഗിക്കുകയോ ചെയ്യാം.
5 - നിക്ഷേപത്തിൽനിന്ന് ലഭിക്കുന്ന പലിശക്ക് നികുതി ബാധകമല്ല.
6- പ്രവാസം അവസാനിപ്പിച്ചാലും നിക്ഷേപത്തിന്റെ കാലാവധി തീരും വരെ അക്കൗണ്ട് നിലനിൽക്കും. (പ്രവാസം അവസാനിപ്പിച്ചാൽ എൻ.ആർ.ഐ അക്കൗണ്ട് പോലുള്ളവ തുടരാൻ അർഹതയില്ല.)
7- പ്രവാസം അവസാനിപ്പിക്കുകയും നിക്ഷേപം കാലവധിയെത്തിയാൽ നിക്ഷേപതുക Resident Foreign Currency ( RFC) എന്ന അക്കൗണ്ടിലേക്ക് മാറ്റി അതിൽനിന്നും വിദേശത്ത് പഠിക്കുന്ന കുട്ടികളുടെ ഫീസ് അടക്കമുള്ളവ അടക്കാനും സാധിക്കും.
വിദേശ പണത്തിൽ ഇടപാടുകൾ വർധിക്കുകയും മൂല്യശേഷണം കൂടുകയും ചെയ്യുന്ന സാഹചര്യത്തിൽ ഏറ്റവും നന്നായി പ്രയോജനപ്പെടുത്താവുന്ന സംവിധാനമാണ് മേൽ വിവരിച്ച എഫ്.സി.എൻ.ആർ അക്കൗണ്ട്.