ഫോബ്സ് മിഡിലീസ്റ്റ്: ട്രാവൽ, ടൂറിസം മേധാവികളിൽ മൂന്ന് ഖത്തരികൾ
text_fieldsഅക്ബർ അൽ ബാകിർ, ബദർ മുഹമ്മദ് അൽ മീർ, മതർ അൽ കുവാരി
ദോഹ: 2023ലെ ഫോബ്സ് മിഡിലീസ്റ്റിന്റെ 100 ട്രാവൽ ആൻഡ് ടൂറിസം വ്യക്തിത്വങ്ങളിൽ ഖത്തർ എയർവേസ് ഗ്രൂപ് സി.ഇ.ഒ അക്ബർ അൽ ബാകിർ രണ്ടാമത്. ഫോബ്സ് മിഡിലീസ്റ്റ് കഴിഞ്ഞ ദിവസം പുറത്തുവിട്ട വാർഷിക റാങ്കിങ് പട്ടികയിൽ മൂന്ന് ഖത്തരികളാണ് സ്ഥാനം പിടിച്ചത്.
വ്യക്തികളെ അവരുടെ ബിസിനസുകളുടെ വ്യാപ്തി, ആസ്തി ഉടമസ്ഥാവകാശം, പരിചയ സമ്പത്ത്, മേഖലയിലെ സ്വാധീന ശേഷി എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
അക്ബർ അൽ ബാകിർ പട്ടികയിൽ രണ്ടാമതെത്തിയപ്പോൾ കതാറ ഹോസ്പിറ്റാലിറ്റി സി.ഇ.ഒ നാസർ മതർ അൽ കുവാരി 22ാം സ്ഥാനത്തെത്തി. ഹമദ് രാജ്യാന്തര വിമാനത്താവളം ചീഫ് ഓപറേറ്റിങ് ഓഫിസർ ബദർ മുഹമ്മദ് അൽ മീർ 31ാം സ്ഥാനത്തുമെത്തി.
അറബ് മേഖല പ്രധാനപ്പെട്ട കായിക കേന്ദ്രമായി മാറിക്കൊണ്ടിരിക്കുമ്പോൾ ട്രാവൽ ആൻഡ് ടൂറിസവും ഏറെ പ്രസക്തമാണെന്ന് ഫോബ്സ് മിഡിലീസ്റ്റ് കുറിപ്പിൽ വ്യക്തമാക്കുന്നു. ബഹ്റൈൻ, യു.എ.ഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ ഫോർമുല വൺ ഗ്രാൻഡ് പ്രീക്സിന് ആതിഥേയത്വം വഹിച്ചുകഴിഞ്ഞു.
യു.എ.ഇ യു.എഫ്.സി ഇവൻറിന് ആതിഥേയത്വം വഹിക്കുന്നു. 2022ൽ ഖത്തർ ഫിഫ ലോകകപ്പ്, വരാനിരിക്കുന്ന ഏഷ്യൻ കപ്പ്, 2027ൽ ഫിബ ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ് എന്നിവയിലൂടെ കായിക മേഖല ഇവിടെ സജീവമാകുന്നതായി ഫോബ്സ് മിഡിലീസ്റ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
മേഖലയിലെ ട്രാവൽ ആൻഡ് ടൂറിസം വ്യവസായത്തിൽ ഏറ്റവും കൂടുതൽ സ്വാധീനമുള്ള നേതാക്കളുടെ 2023ലെ പട്ടികയിൽ ഹോസ്പിറ്റാലിറ്റി കമ്പനികളും ഹോട്ടലുകളും റിസോർട്ടുകളുമാണ് മുൻപന്തിയിൽ, 59 എൻട്രികൾ. 31 എൻട്രികളുമായി എയർലൈനും എയർപോർട്ടുകളുമടക്കം ഏവിയേഷൻ മേഖലയാണ് രണ്ടാമത്.

