ഇന്നാണ് സൂപ്പർ പോരാട്ടം
text_fieldsദോഹ: പെരുന്നാൾ ആഘോഷാരവങ്ങൾക്കിടെ ഖത്തറിൽ ഇന്നൊരു സൂപ്പർ ഫുട്ബാൾ വിരുന്നും. ഖത്തറിലെയും യു.എ.ഇയിലെയും ചാമ്പ്യൻ ക്ലബുകൾ മാറ്റുരക്കുന്ന സൂപ്പർ കപ്പിന് വൈകീട്ട് ഏഴ് മുതൽ അൽ തുമാമ സ്റ്റേഡിയം വേദിയാകും. ഖത്തർ അമീർകപ്പിലെ നിലവിലെ ജേതാക്കളായ അൽ അറബിയും, യു.എ.ഇ പ്രസിഡൻറ് കപ്പ് വിജയികളായ ഷാർജ എഫ്.സിയും തമ്മിലാണ് ചാമ്പ്യൻ പോരാട്ടം. ജനുവരി അവസാനവാരത്തിലായിരുന്നു പുതിയ ചാമ്പ്യൻഷിപ് സംബന്ധിച്ച് ഖത്തർ ഫുട്ബാൾ അസോസിയേഷനും യു.എ.ഇ അസോസിയേഷനും പ്രഖ്യാപനം നടത്തിയത്. ജേതാക്കൾ പ്രഥമ സൂപ്പർ കപ്പിന് അവകാശികളാവും. മത്സര ടിക്കറ്റുകൾ ഹയ്യ പ്ലാറ്റ്ഫോം വഴി വിൽപന നേരത്തേ ആരംഭിച്ചിരുന്നു. 30, 50, 100 നിരക്കുകളിൽ ടിക്കറ്റ് സ്വന്തമാക്കാം. ഇതോടൊപ്പം, ഖത്തർ സ്റ്റാർസ് ലീഗ് ജേതാക്കളായ അൽ ദുഹൈലും, യു.എ.ഇ പ്രോ ലീഗ് ജേതാക്കളായ ഷബാബ് അൽ അഹ്ലിയും ഏറ്റുമുട്ടുന്ന സൂപ്പർ കപ്പ് ഷീൽഡ് ചാമ്പ്യൻഷിപ്പിന് ഏപ്രിൽ 13ന് ദുബൈ വേദിയാകും. ഖത്തർ സ്റ്റാർസ് ലീഗ് പോയന്റ് പട്ടികയിൽ നിലവിൽ അഞ്ചാം സ്ഥാനത്തുള്ള അൽ അറബി സ്വന്തം മണ്ണിൽ കിരീടം ലക്ഷ്യമിട്ടുള്ള തയാറെടുപ്പിലാണ്. പെരുന്നാളിന് മുമ്പു തന്നെ ടീം പരിശീലനത്തിൽ സജീവമായിരുന്നു. ബ്രസീൽ താരം റഫീന്യ അൽകന്റാര ഉൾപ്പെടെ താരങ്ങൾ ടീമിനൊപ്പം തിരിച്ചെത്തിയിട്ടുണ്ട്.
അൽ അറബി ടീം അംഗങ്ങൾ പരിശീലനത്തിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

