ഖത്തറിലെ പ്രിയപ്പെട്ട ഇടങ്ങൾ പങ്കുവെച്ച് ഫുട്ബാൾ ഇതിഹാസം ഡേവിഡ് ബെക്കാം
text_fieldsവിസിറ്റ് ഖത്തർ എക്സിൽ പങ്കുവെച്ച വിഡിയോ ദൃശ്യത്തിൽനിന്ന്
ദോഹ: ഖത്തറിലെ തന്റെ പ്രിയപ്പെട്ട ഇടങ്ങളെ വിവരിച്ച് ഫുട്ബാൾ ഇതിഹാസം ഡേവിഡ് ബെക്കാം. വിസിറ്റ് ഖത്തറിന്റെ പ്രമോഷനൽ വിഡിയോയിലാണ് ബെക്കാം ഖത്തറിലെ തന്റെ ഇഷ്ട സ്ഥലങ്ങളെ പറ്റി സംസാരിക്കുന്നത്. ഇതൊരു അസാധാരണ അതിഥിയാണ്, അപ്പോൾ സ്വീകരണവും അസാധാരണമാകണം, എക്സിൽ ബെക്കാം അഭിനയിക്കുന്ന പുതിയ പ്രമോഷനൽ വിഡിയോ പങ്കുവെച്ച് വിസിറ്റ് ഖത്തർ നൽകിയ അടിക്കുറിപ്പാണിത്.
രാജ്യത്തെ വൈവിധ്യമാർന്ന ടൂറിസം ആകർഷണങ്ങളും ഓഫറുകളും സംബന്ധിച്ച് ഒരു ഹോട്ടൽ ജീവനക്കാരനും ബെക്കാമും ഫോൺ സംഭാഷണം നടത്തുന്നതാണ് വിഡിയോയിലുള്ളത്. ബെക്കാം രാജ്യത്തുടനീളമുള്ള തന്റെ പ്രിയപ്പെട്ട സ്ഥലങ്ങളെക്കുറിച്ചുള്ള അറിവ് വിഡിയോയിൽ പങ്കിടുന്നുണ്ട്. പരമ്പരാഗത വിപണിയായ സൂഖ് വാഖിഫ്, കതാറ കൾചറൽ വില്ലേജ്, ഇൻലാൻഡ് സീ തുടങ്ങിയ പ്രദേശങ്ങളെല്ലാം വിവരിക്കുന്നു. അതേസമയം, രാജ്യത്തിന്റെ വിനോദസഞ്ചാര സാധ്യതകൾ ലോകത്തിന് പരിചയപ്പെടുത്തി ഡേവിഡ് ബെക്കാം മുമ്പും ഖത്തർ ടൂറിസം പ്രചാരണ പരിപാടികളുടെ ഭാഗമായിട്ടുണ്ട്.
2002ൽ ഖത്തർ ടൂറിസത്തിന്റെ സ്റ്റോപ്പ് ഓവർ അവധിക്കാല പാക്കേജ് മാർക്കറ്റിങ് പ്രചാരണത്തിന്റെ ഭാഗമായാണ് 48 മണിക്കൂറിൽ ബെക്കാം ഖത്തറിന്റെ പ്രധാന കേന്ദ്രങ്ങൾ സഞ്ചരിച്ചത്. ബുള്ളറ്റിലും ബോട്ടിലും കുതിരപ്പുറത്തുമായാണ് ഇതിഹാസതാരം രാജ്യത്തിന്റെ ഓരോ കോണിലും സഞ്ചരിച്ചത്. കാമ്പയിന്റെ ഭാഗമായി ഡേവിഡ് ബെക്കാം ഖത്തറിലുടനീളം നടത്തിയ സന്ദര്‍ശനത്തിന്റെ വിഡിയോയും അന്ന് പുറത്തിറക്കിയിരുന്നു. ബുള്ളറ്റില്‍ ഖത്തറിന്റെ സാംസ്കാരിക, വിനോദ, പൈതൃക കേന്ദ്രങ്ങള്‍, സൂഖ് വാഖിഫ് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചും പ്രാദേശിക തെരുവ് കലകള്‍ ആസ്വദിച്ചും പരമ്പരാഗത രുചികളറിഞ്ഞും മരുഭൂമിയിലെ കൂടാരങ്ങള്‍ സന്ദര്‍ശിച്ചും പായ്ക്കപ്പലില്‍ സമുദ്ര കാഴ്ചകള്‍ കണ്ടുമുള്ള ഡേവിഡ് ബെക്കാമിന്റെ യാത്രയുടെ വിഡിയോ ഏറെ പ്രചാരം നേടിയിരുന്നു.
വിസിറ്റ് ഖത്തർ പുറത്തിറക്കിയ പുതിയ വിഡിയോയിൽ രാജ്യത്ത് ഉടൻ നടക്കാനിരിക്കുന്ന വിനോദ പരിപാടികളെയും കായിക മത്സരങ്ങളെയുമെല്ലാം സൂചിപ്പിക്കുന്നുണ്ട്. ഖത്തറിലേക്ക് തിരിച്ചെത്തുന്നതിൽ സന്തോഷമുണ്ടെന്ന് ബെക്കാം പറയുന്നതോടെയാണ് വിഡിയോ അവസാനിക്കുന്നത്. ഇതോടെ ഇതിഹാസ താരം ഖത്തറിലേക്ക് ഉടൻ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

