മാർച്ചിൽ ഫുട്ബാൾ മേള
text_fieldsദോഹ: ഫിഫ ലോകകപ്പിന് മുന്നോടിയായി ഫുട്ബാൾ പ്രതിഭകളെയും മികച്ച ടീമുകളെയും അണിനിരത്തി ഫുട്ബാൾ ഫെസ്റ്റിവലിനൊരുങ്ങി ഖത്തർ. ഈ വർഷം ജൂണിൽ അമേരിക്കൻ ഭൂഖണ്ഡത്തിൽ അരങ്ങേറുന്ന ലോകകപ്പിന് മുമ്പായി ലയണൽ മെസ്സി, ലാമിൻ യമാൽ, മുഹമ്മദ് സലാഹ് അടക്കമുള്ള സൂപ്പർ താരങ്ങൾ ഖത്തറിൽ ബൂട്ടുകെട്ടാനെത്തും. കോപ്പ അമേരിക്ക ചാമ്പ്യന്മാരായ അർജന്റീനയും യൂറോകപ്പ് ജേതാക്കളായ സ്പെയിനും ഏറ്റുമുട്ടുന്ന ഫൈനിലിസിമ പോരാട്ടത്തിന് ഖത്തർ വേദിയാകുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഖത്തർ ഫുട്ബാൾ ഫെസ്റ്റിവൽ ഫിക്സചർ
ഇപ്പോൾ ഖത്തർ ഫുട്ബാൾ ഫെസ്റ്റിവൽ എന്ന പേരിൽ അന്താരാഷ്ട്ര ടീമുകളെ എത്തിച്ച് വമ്പൻ മത്സരങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് ലോക്കൽ ഓർഗനൈസിങ് കമ്മിറ്റി. അർജന്റീന, സ്പെയിൻ ടീമുകൾക്ക് പുറമെ സെർബിയ, ഈജിപ്ത്, സൗദി അറേബ്യ, ടീമുകളാണ് ഖത്തറിലേക്ക് വരുന്നത്. മാർച്ച് 26 -31 വരെയാണ് മത്സരങ്ങൾ. മത്സരങ്ങളുടെ ടിക്കറ്റ് വിൽപന roadtoqatar.qa എന്ന വെബ്സൈറ്റിലൂടെ ഫെബ്രുവരി 25ന് ആരംഭിക്കുമെന്നും ലോക്കൽ ഓർഗനൈസിങ് കമ്മിറ്റി അറിയിച്ചു.
ലോകകപ്പിലേക്ക് നേരത്തെ തന്നെ യോഗ്യത നേടിയ ടീമുകളുടെ സൗഹൃദ മത്സരങ്ങളായിരിക്കും ഫൈനലിസിമക്ക് ഒപ്പം ഖത്തറിൽ അരങ്ങേറുന്നത്. ഫൈനിലിസിമ പോരാട്ടം അടക്കം ആറ് വമ്പൻ ഫുട്ബാൾ മത്സരങ്ങൾക്കാണ് മാർച്ചിൽ ഖത്തറിൽ വേദിയാകുക. മാർച്ച് 26നാണ് ഖത്തർ ഫുട്ബാൾ ഫെസ്റ്റിവലിന്റെ ഭാഗമായ മത്സരങ്ങൾ ആരംഭിക്കുക. 26ന് ഖത്തർ -സെർബിയ മത്സരം ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിലും സൗദി അറേബ്യ -ഈജിപ്ത് മത്സരം അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിലും നടക്കും. മാർച്ച് 27നാണ് അർജന്റീന -സ്പെയിൻ ഫൈനലിസിമ പോരാട്ടം. കോപ അമേരിക്ക ചാമ്പ്യന്മാരായ മെസ്സിയും സംഘവും യൂറോ കപ്പ് നേടിയ സ്പാനിഷ് പടയെ ലുസൈൽ മൈതാനിയിൽ നേരിടും. 30ന് ഈജിപ്ത് -സ്പെയിൻ മത്സരവും സെർബിയ -സൗദി അറേബ്യ മത്സരവും അരങ്ങേറും. 31ന് ലുസൈൽ സ്റ്റേഡിയത്തിൽ അർജന്റീന -ഖത്തർ മത്സരത്തോടെ ഫുട്ബാൾ ഫെസ്റ്റിവലിന് കൊടിയിറങ്ങും.
2022ൽ വിശ്വകിരീടമണിഞ്ഞ ലോകകപ്പ് വേദിയിലേക്ക് ലയണൽ മെസ്സി അടങ്ങുന്ന അർജന്റീന സംഘം ആദ്യമായാണ് തിരികെയെത്തുന്നത്. മെസ്സി തന്റെ ലോകകപ്പ് ഉയർത്തിയ ലുസൈൽ സ്റ്റേഡിയത്തിൽ വീണ്ടും പന്തുതട്ടാൻ ഇറങ്ങുന്നത് കാണാനാകും ആരാധകരും കാത്തിരിക്കുന്നത്. ഫിഫ ലോകകപ്പിന് മുന്നോടിയായി ഫുട്ബാൾ പ്രതിഭകളെയും മികച്ച ടീമുകളെയും അണിനിരത്തി ഖത്തർ ഫുട്ബാൾ ഫെസ്റ്റിവൽ കായിക ആരാധകർക്കായി ഒരുക്കാനാണ് ഖത്തർ തയാറെടുക്കുന്നതെന്ന് ഫുട്ബാൾ ഇവന്റ്സ് ചെയർമാൻ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി പറഞ്ഞു. ലോകമെമ്പാടുമുള്ള ഫുട്ബാൾ ആരാധകരെ സ്വാഗതം ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

